
ബാല്യകൗതുകങ്ങളിൽ ആദ്യത്തേത് എന്തായിരുന്നു? അത് ഒരു പക്ഷേ അടുത്തിരിക്കുന്നവൻ്റെ പെൻസിൽ കഷ്ണമാണ്. ചില ചോറ്റുപാത്രങ്ങളാണ്. ചിലർ മുഖം തുടച്ച തൂവാലകളാണ്. നല്ല ഉടുപ്പുകളും ചെരുപ്പുകളുമാണ്. ചായക്കടയിലെ കണ്ണാടിയലമാരയിലെ പലഹാരങ്ങളാണ്. അയൽപക്കത്തെ മാവിലെ വിളഞ്ഞു പഴുത്ത മാങ്ങകളാണ്. പിന്നീട് കൗതുകങ്ങൾ പുസ്തകങ്ങളിലേക്കായി. വീണ്ടും മുതിർന്നപ്പോ, ശരീരത്തിൻ്റെ കൗതുകങ്ങൾ നിറഞ്ഞ പുസ്തകങ്ങൾ. അപ്പുറത്തെ നിരയിലെ കൗതുക കണ്ണുകൾ. കൗതുക ശബ്ദങ്ങൾ.
ഈ കൗതുകങ്ങൾക്കിടയിലാകണം ഇരട്ട സന്തതികൾ പെറ്റു വീണത്. അസൂയയും പ്രലോഭനവും…! അസൂയ നന്നല്ല സ്വന്തമാക്കി അഭിമാനിക്കൂ എന്നതായിരുന്നല്ലോ, പരസ്യ കമ്പനികൾ നൽകിയ ആപ്തവാക്യം!

അലഞ്ഞു നടന്ന്, സിനിമ കണ്ട്, നിരത്തിൽ കൂവിയാർത്ത്, മദ്യം നുണഞ്ഞ്, പ്രണയ ലേഖനങ്ങളെഴുതി, കിട്ടിയ അവസരങ്ങൾ മുതലാക്കി, ജീവിതം ആഘോഷമാക്കിയവരോട് തോന്നിയ വികാരം അസൂയയായിരുന്നോ? പ്രലോഭനമായിരുന്നോ?
നല്ല വീടു വച്ചവനെ കാണുമ്പോൾ , നല്ല വണ്ടിയോടിച്ചു പോകുന്നവനെ കാണുമ്പോൾ, അഴകളവുകളുള്ള അവൻ്റെ ഭാര്യയെ കാണുമ്പോൾ, ബ്രാൻഡഡ് ജീവിതം കാണുമ്പോൾ, മാസവരുമാനത്തിൻ്റെ കണക്കു കേൾക്കുമ്പോൾ ഹൃദയം മന്ത്രിക്കുന്നതെന്താണ്?
നാലു ചുവരുകളുടെ സ്വകാര്യതയിൽ, ടച്ച് സ്ക്രീൻ ഫോണിൻ്റെ സാധ്യതകളിൽ, ചാറ്റിലെ സംഭാഷണങ്ങളിൽ, സൈബർ സാങ്കേതികതയുടെ ആകാശങ്ങളിൽ ഹൃദയം പറന്നുയരാൻ ആഗ്രഹിക്കുന്നത് എവിടേക്കാണ്?
പ്രലോഭനം..!
അത് ഉടലിനെക്കുറിച്ച് മാത്രമാണോ?
ഒക്കെ മതിയാക്കി എങ്ങോട്ടെങ്കിലും ഓടിപ്പോയാ മതിയാരുന്നു എന്ന ചിന്ത പ്രലോഭനമല്ലേ?
രണ്ടു പറയാൻ വേണ്ടി നാവിലേക്ക് ഇരച്ചു കയറി വരുന്ന കയ്പ്പ് പ്രലോഭനമല്ലേ?
അവരങ്ങിനെ പലതും പറയും, എനിക്കെൻ്റെ വഴി എന്ന നിഷേധം പ്രലോഭനമല്ലേ?
ഒരു തുണ്ട് പുതപ്പിൻ്റെ ചൂട് വിട്ടെഴുന്നേൽക്കാൻ കഴിയാത്ത, ഉറങ്ങി മതി വരാത്ത, ഒരു ചെറിയ റിമോട്ട് താഴെ വയ്ക്കാൻ കഴിയാത്ത, ഫോണിൻ്റെ ഇത്തിരി വെട്ടത്തിൽ മയങ്ങിപ്പോയ, നാവിൻ്റെ രുചിഭേദങ്ങളിൽ അഭിരമിക്കുന്ന, അതിരു വിടുന്ന നാവുള്ള, ഉടലിനെപ്പൊതിയുന്ന ആടയാഭരണങ്ങളിലും സുഗന്ധങ്ങളിലും തൃപ്തനല്ലാത്ത, കണ്ണുകൾ കാന്തമാകുന്ന, കണ്ണുകൾ അതിരുവിടുന്ന, അടക്കമില്ലാത്ത ഹൃദയം മാത്രമല്ല കൈകാലുകളും പേറുന്ന, ഒരൊറ്റ തോൽവിയിൽ അടിപതറുന്ന, ഒരൊറ്റ വാക്കിൽ ഉത്തേജിതനാകുകയും മറ്റൊരു വാക്കിൽ മുറിവേൽക്കുകയും ചെയ്യുന്ന, ഒരേ ഹൃദയത്തിൽ ജീവിതത്തോടുള്ള ആസക്തിയും മരണത്തോടുള്ള അഭിനിവേശവും പേറുന്ന, ആശയുടെ പാശങ്ങളിൽ മാത്രമല്ല നിരാശയുടെ കെട്ടുപാടുകളിലും കുടുങ്ങുന്ന ദുർബലനായ ഈയാംപാറ്റ…! മനുഷ്യൻ…!!
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ… ! (ലൂക്ക : 11.4)
![]()









Leave a Reply