SamikshaMedia

എങ്കിൽ?

പദങ്ങൾ ഇണചേർന്നുണരും സംഗീതമായ് നീ വന്നിരുന്നെങ്കിൽ?
താരപഥങ്ങൾ തെളിയും പാഥേയമായ് നിന്നിലേക്കെന്നെ ആകർഷിച്ചിരുന്നെങ്കിൽ?
പതം വന്ന അനുഭവങ്ങൾ
പാതകളായ് തെളിഞ്ഞിരുന്നെങ്കിൽ?
പതിയെയാണെങ്കിലും പാതി വഴിയിൽ പുറകോട്ടു പോകാതിരുന്നെങ്കിൽ?
മനസ്സിന്റെ പതിരെല്ലാം പെരുകുന്ന കാലത്തിൽ
പതനമായ് തീരാതിരുന്നെങ്കിൽ?
പതംഗമായ് നീ വന്നു എന്റെ സ്വപ്നത്തിൽ
ഒരു ചെറു കൂടു കൂട്ടിയിരുന്നെങ്കിൽ?
പറക്കുവാനായ് എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ?
പാണിയിൽ പിടഞ്ഞ ചങ്ങലക്കൂട്ടങ്ങൾ
എല്ലാം പൊട്ടിച്ചു കളഞ്ഞിരുന്നെങ്കിൽ?
പതാകയിൽ നിന്റെ സ്വാതന്ത്യം പൊതിഞ്ഞു കെട്ടാതിരുന്നെങ്കിൽ?
പാരമ്പര്യത്തിൻ ഭാണ്ഡക്കെട്ടുകൾ
പിന്നോട്ടു വലിച്ചിരുന്നില്ലെങ്കിൽ?
പെരുകുന്ന തമസ്സിൻ പ്രതിഛായയിൽ
പുതിയ നിറക്കൂട്ടുകൾ പൂശിയിരുന്നെങ്കിൽ?
പിരിയാനായ് നാം ഒന്നിച്ചിരുന്നെങ്കിൽ?
പരിഭവങ്ങൾ പങ്കുവെച്ചിരുന്നെങ്കിൽ?
എന്റെ ദീർഘ നിശ്വാസങ്ങൾ നിന്നെ
പതം വരുത്തിയിരുന്നില്ലെങ്കിൽ?
നക്ഷത്രക്കൂട്ടങ്ങൾ നമ്മുടെ വിധികൾ
പൊരുത്തങ്ങളായ് തീർത്തിരുന്നെങ്കിൽ?
പേരറിയാതെ പോകുന്ന
വഴിപോക്കരായി നാം പിരിഞ്ഞുപോയിരുന്നില്ലെങ്കിൽ?

സിജോ ചെമ്മണ്ണൂർ

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

five × 5 =