SamikshaMedia

ഒരു സിനിമാ അവലോകനം: പ്രിൻസ് ആൻഡ് ഫാമിലി – ഡോ:മാത്യു ജോയിസ്, ലാസ്‌ വേഗാസ്

സോഷ്യൽ മീഡിയയുടെ അതിപ്രസരം എന്ന വിഷയത്തിൽ അവബോധം നൽകുന്ന മറ്റൊരു ഹാസ്യാത്മക ചിത്രമാണ് “പ്രിൻസ് ആൻഡ് ഫാമിലി.”

സോഷ്യൽ മീഡിയയിൽ വ്ലോഗ്ഗർമാർ കാട്ടുന്ന അത്യാഗ്രഹവും, അതിന്റെ മറവിൽ കുറെ ലൈക്കും, കമന്റും കിട്ടാൻ വേണ്ടി ചെയ്യുന്ന നെറികേടുകളും കാണികളെ ബോധ്യപ്പെടുത്തുന്ന കാതലായ വിഷയം ഈ സിനിമയിൽ പ്രത്യക്ഷമായി അവതരിപ്പിച്ചതാണ് കാണികളിൽ ഹരം പകർന്നതെന്നു സംശയമില്ല. ഈ സാഹചര്യത്തിൽ സെൻസിറ്റീവ് ആയ ഒരു വിഷയത്തിലേക്ക് വെളിച്ചം വീശുന്ന ഒരു മാന്യമായ കുടുംബ എന്റർടെയ്‌നർ എന്ന നിലയിൽ ‘പ്രിൻസ്’ വിജയിച്ചിട്ടുണ്ട്.

മുപ്പതുകളുടെ മധ്യത്തിൽ പ്രായമുള്ള പ്രിൻസ് ഒരു ഫാഷൻ ഡിസൈനറാണ്, സ്വന്തം നാട്ടിൽ ഒരു ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോ നടത്തുന്നു. അച്ഛൻ, അമ്മ, രണ്ട് ഇളയ സഹോദരന്മാർ, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ വലിയ കൂട്ടുകുടുംബത്തിലെ ഏക വരുമാനക്കാരൻ പ്രിൻസ് ആണ്, അദ്ദേഹത്തിന്റെ വിവാഹം ഇതുവരെ നടന്നിട്ടില്ല. വിവാഹിതനാകാൻ പ്രിൻസ് നേരിടുന്ന പോരാട്ടങ്ങളും ഒടുവിൽ വിവാഹിതനായപ്പോൾ അദ്ദേഹത്തിന് ലഭിച്ച ആശ്ചര്യങ്ങളുമാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപരവും സാമൂഹികവും പ്രൊഫഷണൽ ജീവിതത്തെയും മാറ്റിമറിക്കുന്ന ഒരു റോളർകോസ്റ്റർ യാത്രയാക്കി കഥ രൂപപ്പെടുത്തിയെടുത്തപോലെ തോന്നിപ്പോയത് യാദൃശ്ചികമാണോ?

ബിന്റോ സ്റ്റീഫനും ഷാരിസ് മുഹമ്മദും കുടുംബ വികാരങ്ങൾ, നർമ്മം, തമാശ, ചിരി എന്നിവയെല്ലാം കൃത്യമായ അനുപാതത്തിൽ കഥയിൽ സംയോജിപ്പിച്ചിരിക്കുന്നു. അനാവശ്യ കൂട്ടയടിയും സ്വല്പം ബലാൽസംഗവും ഒന്നുമില്ലാതെ, ഇത് ഒരു നല്ല കുടുംബ സമേത കാഴ്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇടവേളയ്ക്ക് മുമ്പ് ആരംഭിച്ച ചില രംഗങ്ങൾ തുടക്കത്തിൽ അൽപ്പം അസ്വസ്ഥത തോന്നിയെങ്കിലും പിന്നീട് കഥയെ ഒരു കാതലായി പരിഗണിക്കുമ്പോൾ അത്യാവശ്യമായ ഒരു രസമായി മാറുന്നു. ബിന്റോയുടെ കഥയിൽ, വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സോഷ്യൽ മീഡിയ ആസക്തിയുടെ നെഗറ്റീവ് സ്വാധീനം, കൃത്യമായി എടുത്തുകാണിച്ചിരിക്കുന്നു. ഒരു പുതുമുഖ ചലച്ചിത്രകാരൻ എന്ന നിലയിൽ, പ്രേക്ഷകർക്ക് നമ്മുടെ വ്യക്തിജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ ഒരു സൂചന നൽകുന്ന ഒരു നല്ല കുടുംബ വിഷയം കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചുവെന്ന് പറയാം.

പ്രിൻസ് എന്ന കഥാപാത്രമായി ദിലീപ് മാന്യമായ പ്രകടനം സ്വതവേയുള്ള ശൈലിയിൽ കാഴ്ചവച്ചു, കഥാപാത്രം ആവശ്യപ്പെടുന്ന വികാരങ്ങളും സംഭാഷണങ്ങളും ഭംഗിയായി അവതരിപ്പിച്ചു. മഞ്ജു പിള്ള തന്റെ സംഭാഷണങ്ങളിലൂടെയും വികാരങ്ങളിലൂടെയും സിനിമയിൽ ഒരു സ്വതന്ത്ര പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. സിദ്ധിഖ്, ബിന്ദു പണിക്കർ, റാണിയ, ജോണി ആന്റണി, ധ്യാൻ, ജോസ്കുട്ടി, വിജയ് ജേക്കബ് എന്നിവരുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ, കൃത്യമായി കഥയുടെ കാമ്പുമായി യോജിക്കുകയും, ചിലപ്പോൾ നർമ്മത്തിനുവേണ്ടി സ്വല്പം കൂടുതൽ വൈബ് കൊണ്ടുവരാൻ അമ്മായിയപ്പൻ പോലും ഓവറാക്റ്റ് ചെയ്തതും വലിയ തെറ്റൊന്നുമല്ല.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപിന് വേണ്ടി ഒരു പെർഫെക്റ്റ് ഫാമിലി എന്റർടെയ്‌നർ ഒരുക്കിയതിന് റെനദിവെ & സാഗർദാസ് കൂട്ടുകെട്ടിന് അനുമോദനങ്ങൾ. കൂട്ടത്തിൽ ദിലീപിനെ മികച്ച ഫോമിലേക്ക് കൊണ്ടുവന്നതിന് സമീറ സനീഷിന് അഭിനന്ദനങ്ങൾ.

ശരിക്കും കുടുംബപ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുക്കാൻ ത്രാണിയുള്ള ഫാമിലി ഡ്രാമ സിനിമ, സാധാരണ ക്ലീഷേ അല്ല, മറിച്ച് സമൃദ്ധമായ കുടുംബ വികാരങ്ങളുടെയും ഹാസ്യ രംഗങ്ങളുടെയും ഒരു പാക്കേജ്. മുഴുവൻ അഭിനേതാക്കളുടെയും കഥാഗതിയോടുള്ള ഊർജ്ജസ്വലമായ ബന്ധമാണ് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. നാം അനുദിനം കാണുന്ന “വീട്ടിലെ ഊണ്” സൃഷ്ടിക്കുന്ന നല്ല കുറെ ബന്ധങ്ങളും, ഒരൊറ്റ നിമിഷത്തിൽ അതെല്ലാം തകർക്കുന്ന “സോഷ്യൽ മീഡിയാ സെലിബ്രിറ്റി പിആർ” കുടിലതകളും ജനം തിരിച്ചറിയേണ്ടതുണ്ട്. ദിലീപ്, സിദ്ദിഖ് എന്നീ മുൻ നിര അഭിനേതാക്കളുടെ സ്ക്രീൻ സാന്നിധ്യവും, മാന്യവും മികച്ചതുമായ പ്രകടനവും തിരക്കഥയിൽ പ്രകടമായ ആവിഷ്കാര സ്വരങ്ങളും രസകരമായ അനുഭവങ്ങളും സൃഷ്ടിക്കുന്നു. സിനിമയുടെ അവസാനത്തിൽ, നടി ഉർവശി ഒരു അതിഥി വേഷത്തിൽ എത്തുന്നു, അവരുടെ കഥാപാത്രം പറയുന്ന കാര്യങ്ങൾക്ക് ആധുനിക പത്രപ്രവർത്തനത്തിൽ വലിയ പ്രസക്തിയുണ്ട്.

ചുരുക്കത്തിൽ നല്ല നിമിഷങ്ങൾ പങ്കു വെയ്ക്കുന്ന നല്ലൊരു സിനിമയാണിത്. ഛായാഗ്രഹണം മികച്ചതായിരുന്നു, അപ്രതീക്ഷിതമോ അനാവശ്യമോ ആയ ഒന്നും തന്നെയില്ല. ഈ നാടകത്തെ അടിസ്ഥാനമാക്കിയുള്ള പ്രമേയം സാമൂഹികമായി പ്രസക്തമായ ഒന്നാണ്, ഈ പുതിയ തലമുറയുടെ വിവിധ വശങ്ങളെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നു. ഒരു സാധാരണ അഭിനേതാവിനെ അടിസ്ഥാനമാക്കിയുള്ള സിനിമയല്ല ഇത്, കൂടാതെ ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും സ്വയം പ്രകടിപ്പിക്കാൻ മതിയായ ഇടം നൽകുന്നുമുണ്ട്.

ഈ സിനിമയുടെ നിർമ്മാതാക്കളെ അഭിനന്ദിക്കുന്നു. കാരണം, നിരവധി ചലച്ചിത്ര നിർമ്മാതാക്കൾ അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ശ്രമിച്ചിട്ടും പൂർണ്ണമായും പരാജയപ്പെട്ട ഒരു കാര്യം, നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ ഒടുവിൽ നേടിയതായി തോന്നുന്നു. ഒരു നല്ല ദിലീപ് ചിത്രം എന്ന് സാധാരണ കാഴ്ചക്കാരനെക്കൊണ്ട് പറയിപ്പിക്കാൻ അനുയോജ്യമായ അവതരണം. നിരവധി പോരായ്മകൾക്കിടയിലും, നടന്റെ സമീപകാല മികച്ചതാണ് ‘പ്രിൻസ് ആൻഡ് ഫാമിലി.’

കണ്ടെന്റ് ഉണ്ടാക്കാനും, നെഗറ്റീവ് കണ്ടെന്റുകൾ സ്വന്തം താല്പര്യത്തിനുവേണ്ടി വളച്ചൊടിക്കുമ്പോഴും, അതിന്റെ മറുതലക്കൽ പിടയുന്ന മനുഷ്യജീവനുണ്ടെന്നുള്ള തിരിച്ചറിവ് ഈ സിനിമയിലൂടെ തരുന്ന പാഠം ഉൾക്കൊള്ളാൻ കഴിഞ്ഞാൽ, സോഷ്യൽ മീഡിയയിൽ കൂടുതൽ നന്മകൾ നമുക്കും പ്രതീക്ഷിക്കാം.

ലിസ്റ്റിൻ വാഗ്ദാനം ചെയ്തതുപോലെ നല്ലൊരു ഫാമിലി എന്റർടെയ്‌നർ, കൂട്ടത്തിൽ ചിന്തനീയമായ ഒരു സന്ദേശവും!

Dr. Mathew Joys

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

15 − 4 =