കിഴക്കേമാനത്തിൽ ആടി ത്തിമർത്തിരുന്ന ഇടിമിന്നലുകൾ പിൻവാങ്ങിയപ്പോൾ, മഴ ആർത്തുപെയ്യാൻ തുടങ്ങി. മുകളിലേക്ക് മിഴിയർപ്പിച്ചിരുന്ന ഒരു കപിഞ്ജലപക്ഷി ജീവിതത്തിന്റെ മൗനത്തെ ഭാവനകളുടെ ചിറകേറ്റിപറന്നുപോയി.
ചേച്ചി, അപ്പന് സുഖമില്ല. ഒരു തലക്കറക്കം. ലില്ലിചേച്ചി ഇവിടെ എത്തിയിട്ടുണ്ട്.
അയ്യോ. ആശുപത്രിയിൽ കൊണ്ട് പോകണ്ടെ.?
വേണ്ട എന്നാണ് അപ്പൻ പറയു ന്നത്. ഞാനിപ്പോൾ വരാം.
സൂസി ചേച്ചിയോട് ഒന്ന്പറഞ്ഞേക്ക്.
അനുജന്റെ ഭാര്യയായ സൂസിയെ വിളിച്ചു.
ഒരു ചെറിയ തലക്കറക്കം അല്ലെ. അത് മാറിക്കോളും
നമ്മൾപോകേണ്ടകാര്യമില്ല.അവിടെ അമ്മയും വിജിയും ലില്ലി ചേച്ചിയും ഇല്ലെ.
ഞാൻ ഒന്ന് പോയി വരാം
ശരി.
അവൾ ഫോൺ വെച്ചു.
വസ്ത്രങ്ങൾപാക്ക്ചെയ്തു, തറവാട്ടിലെത്തിയപ്പോൾ സൂസി ഒഴികെ ബാക്കി നാലു മരുമക്കളും, ഒരു മകളും കട്ടിലിന്റെ ചുറ്റും ഇരുന്നിരുന്നു . അമ്മക്ക് ഇരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ,വരാന്തയിലിരുന്ന് ഇളയമകളെയും വിളിച്ചു കാര്യം പറഞ്ഞു.
അഞ്ചു ആൺ മക്കളും ഇളയ മകളും ജോലിക്ക് പോയിരുന്നു. അപ്പന് പഞ്ചസാര ചേർത്ത് നാരങ്ങ വെള്ളവും, ഉപ്പു ചേർത്ത കഞ്ഞിവെള്ളവും
നിർബന്ധിച്ചു കൊടുത്തു.
മഴ നിന്നാലും മരങ്ങൾ പെയ്തുക്കൊണ്ടിരുന്നു. എങ്കിലും പൊൻകതിരു ചാഞ്ഞ വേലിപടർപ്പുകളിൽവെയിലിന്റെ ഓർമ്മപോലെ ഇത്തിരി വെളിച്ചം. സൂര്യൻ അസ്തമിച്ചു. കരുതിവെക്കാനല്ല, കഴിഞ്ഞു കൂടുവാൻ ജോലിക്ക് പോയമക്കളോരോരൂത്തരും തിരിച്ചെത്തി.
എല്ലാവരും മാറി മാറി നിർബന്ധിച്ചിട്ടുംആശുപത്രിയിൽ പോകാൻ അപ്പൻ സമ്മതിച്ചില്ല.
പിറ്റേന്ന് പെയിൻ ആൻഡ് പാലിയേറ്റീവിൽ രജിസ്ട്രർ ചെയ്തു.സ്ഥിരം മദ്യപിച്ചിരുന്ന അപ്പൻ മദ്യത്തിനു വേണ്ടി അലമുറയിട്ട് കട്ടിലിൽ നിന്നും ഏഴുന്നേറ്റു ഓടാൻ ശ്രമിച്ചു. തടുക്കാൻ ശ്രമിച്ചവരെ വലിയ വലിയ തെറി വാക്കുകൾ വിളിച്ചു. ഡോക്ടറെ അറിയിച്ചപ്പോൾ അല്പം മദ്യം കൊടുത്തു കൊളളാൻ പറഞ്ഞു. പക്ഷെ കൊടുക്കും തോറും ഇടവേളകളി ല്ലാതെ മദ്യം ആവശ്യപ്പെട്ടു അപ്പൻ അലറി കൊണ്ടിരുന്നു. ഭക്ഷണം വേണ്ട മദ്യം മാത്രം മതി. രണ്ടു ദിവസത്തിനകം അപ്പൻ ജീവിത ത്തിൽ നിന്നും പിൻവാങ്ങാൻതുടങ്ങിയിരിക്കുന്നു. അണയുന്നതിൽ നിന്നുള്ള ആ ആളിക്കത്തലിൽ പലരും വെറുത്തു തുടങ്ങി.
ചെറുപ്രായത്തിൽ മദ്യപാ നിയായിരുന്ന, ഒരു ഉത്തരവാദിത്വവും ഇല്ലാത്ത അപ്പൻ നീണ്ടു നിവർന്നുകട്ടിലിൽ കണ്ണുകളടച്ചു കിടന്നതിന്റെ പത്താം ദിവസം സൂസി എന്ന മരുമകൾ എത്തി. കാലപ്രവാഹത്തി ലെ ആചാരങ്ങളെയും ഒരു പിടി അനാചാരങ്ങളെയും പറ്റി വാതോരാതെ എല്ലാവരെയും ഓർമ്മപ്പെടുത്തി. മതമയമായസമൂഹത്തിൽ
മതത്തിന്റെ തന്നെ കുപ്പായമണിഞ്ഞ ദ്രവ്യകോമാളി കളായി പലരും നേർച്ചപണ വും കുർബാന പണവുമായി പല പള്ളികളിലേക്കും പാഞ്ഞു. എല്ലാത്തിന്റെ യും കടിഞ്ഞാൺ സൂസിയുടെ കയ്യിലും. പണമടച്ച രശീതുകളുമായി
അവർ എന്നുംകൃത്യമായി
ഉച്ചയൂണിന്റെ സമയത്തു
തന്നെ തിരിച്ചു വന്നു. ഈ
സമയം ഇവർക്ക് വെച്ചു വിളമ്പിക്കൊണ്ട്തറവാട്ടിലെ അനുജന്റെ ഭാര്യയും ജോലിയില്ലാത്ത നാത്തനും. അപ്പന്റെസുഖമരണത്തിന് ഇതെല്ലാം വളരെ അത്യാവശ്യമെന്നു അവരും ഉറച്ചു വിശ്വസിച്ചിരുന്നു. അമ്മയും, നാത്തൂനും, താനുമൊഴികെ ഒരു രാത്രി പോലും ആരും അപ്പനെ ശുശ്രുഷി ക്കാൻ മിനക്കെട്ടില്ല. എങ്കിലും
എല്ലാ പള്ളികളിലെയും രശീതു കൾ നോക്കി അമ്മനിർവൃതിപൂണ്ടു. കുടുംബ ഭദ്രക്ക് വേണ്ടി മൗനത്തിന്റെ പടിവാതിൽ
മറവിൽ ഒളിച്ചു. പതിമൂന്നാമത്തെ ദിവസം ദ്രവ്യകോമാളികൾ വലിയ ചെലവ് വരുന്ന ഒരു നേർച്ച ക്ക് വേണ്ടി, അപ്പനെ തുടച്ചു വൃത്തിയാക്കുന്ന തന്നെ സമീപിച്ചു.
താല്പര്യം ഇല്ല എന്നു പറഞ്ഞു ഒഴിയാൻ ശ്രമിച്ച തന്റെ നേരെ വിരൽ ചൂണ്ടികൊണ്ട് സൂസി പറഞ്ഞു.
അപ്പൻ ഞങ്ങളുടെ മാത്രമല്ല. അതൊന്നു ഓർമ്മിച്ചാൽ നല്ലത്. പറഞ്ഞില്ല എന്നു വേണ്ട. ഭീഷണിയുടെ ധ്വനിചുറ്റുംഅലയടിച്ചപ്പോൾ, ആക്രമിക്കപ്പെടുമ്പോൾ
മാത്രം പ്രതിരോധിക്കുന്ന ശ്രീരാമയുദ്ധതന്ത്രoഓർത്തു. വീണ്ടും മൗനത്തിൽ അഭയം തേടി. എസ് തുളസി ദാസിന്റെ ഡാഡ് ഈസ് ഗോഡ് എന്ന നോവലിലെ “ക്രിസ്തു
പാത പിന്തുടരുന്നവർ ലോകത്തിന്റെ സമ്പത്തും, ദൈവമായി കണ്ടു അതിനു മറവിൽ ദ്രവ്യ കോമാളികൾ ആകുന്ന വർ ലോകത്തിനു ആപത്തും ” എന്ന വരികൾ നാവിൻ തുമ്പിൽ അലോസരപ്പെടുത്തിയിട്ടും ശബ്ദിച്ചില്ല.
രാവിലെ ആറു വരെ അമ്മയെയും, നാത്തൂനേയും ഉണർത്താതെ അപ്പനെ പരിചരിച്ചു കൊണ്ടി രുന്നു.
അപ്പന്റെ തണുത്ത കൈവിരലുകൾ കട്ടിലിന്റെ
തടയണയുടെ കമ്പിയിൽ
മുറുകെ പിടിച്ചിരുന്നു. പതുക്കെ അദ്ദേഹത്തിന്റെ
കൈവിരലുകൾ കയ്യിലെടുത്തു അദ്ദേഹം കാര്യമായൊന്നു നടുങ്ങി. പിന്നെ ശാന്തനായി. പരിചിതമായ
ഒരടയാളം കണ്ടയാത്രക്കാ
രനെ പോലെ അദ്ദേഹം നെടുവീർപ്പിട്ടു. ഞാനാമുഖത്തു നോക്കി. നല്ലതൊന്നും ഓർക്കാനില്ലാത്ത ഞങ്ങളുടെ ഭൂതക്കാലശൂന്യത യിൽവീണ്ടും പ്രതീക്ഷയോടെ പരതി.
ഒരുമാസം മുൻപ് അവസാനമായി തന്റെവീട്ടിൽ വന്നു പോകുമ്പോൾ, കാറിലിരുന്ന്, പുറത്തു നിൽക്കുന്ന തന്റെ കൈപ്പി ടിച്ചു കരഞ്ഞതോർത്ത്, അന്ന് തോന്നാതിരുന്ന ദുഖം തിരിച്ചറിഞ്ഞു. ചുണ്ടിൽ ഒരു സ്പൂൺ വെള്ളം പകർന്നു. അപ്പനോടുള്ള വെറുപ്പിന്റെ വിഴുപ്പുഭാണ്ഡം
തുറന്നു, ഓരോന്നായി അലക്കി വെളുപ്പിച്ചു.
അപ്പന്റെ ശരീരത്തിനും മനസ്സിനു സുഖം ഉണ്ടാകാൻ ഉള്ളുരുകി പ്രാർത്ഥന നടത്തി. കണ്ണുനീര് കൊണ്ട് ധരിച്ചി രുന്നനൈറ്റിയുടെകഴുത്തിനുതാഴെനനഞ്ഞു. അര മണിക്കൂർകഴിഞ്ഞു.അപ്പന് ചെറിയ ശ്വാസംതടസ്സം എനിക്കും ശ്വാസം മുട്ടി. വേഗം എല്ലാ വരെയും വിളിച്ചുണർത്തി.പത്തുമിനിറ്റിൽ എല്ലാം കഴിഞ്ഞു.
ശവസംസ്കാരം കഴിഞ്ഞ രാത്രിയിൽ,ഭർത്താവിനോട്പറഞ്ഞു.
നമുക്ക് നമ്മുടെ വീട്ടിൽ പോകാം.

കുർബാന ചൊല്ലിയിട്ടു പോയാൽപോരെ .ആളുകൾ എന്തു പറയും?.
പോരാ. എനിക്കിവിടെവയ്യ. ശ്വാസം മുട്ടുന്നു. എനിക്കീ
തോക്കിൽ വെടിമരുന്ന് നിറക്കുന്നസ്ഥലം(കാമ്പറ )
വിട്ടുപോണം.ശ്വാസംമുട്ടുന്നു.
അദ്ദേഹം കാറിന്റെ താക്കോൽ എടുത്തു. യുദ്ധമുഖമൊഴിഞ്ഞ പട്ടടയുടെ അരികിലൂടെ വേവുന്ന മനസ്സുമായുള്ള യാത്രയുടെ അവസാനത്തിൽ കിഴക്കേ മാനം പുതു പ്രതീക്ഷയുടെ വെള്ളിമേഘമാലകൾ കൊണ്ട് നിരന്നിരുന്നു.

സുനിത. വിൽസൻ.
Leave a Reply