വഫ്രയിൽ എത്തുമെന്ന് പറയണം. അബു അലി കർകശക്കാരനാണ്. തന്റെ ആദ്യത്തെയും അവസാനത്തെയും കഫീലാണ് അബു അലി എന്ന കുവൈത്തുകാരൻ. എന്നാൽ ഇപ്പോൾ തന്നോട് അയാൾക്ക് പെരുത്തു ഇഷ്ടമാണ്. അതു കൊണ്ടല്ലേ തനിക്ക് റിയാദിൽ അബു അലിയുടെ കൂടെ വണ്ടിയോടിച്ചു പോകണമെന്ന് പറഞ്ഞപ്പോൾ പെട്ടന്നു സമ്മതിച്ചത്. എത്ര കാലമായി അയാൾക്കുവേണ്ടി ജോലിചെയ്യുന്നു. പരമകാരുണ്യവാനായ അല്ലാഹുവിന്റെ പാതയിൽ നീതിബോധത്തോടെ ജീവിക്കുന്നയാളാണ് താനെന്നു അബു അലി ഇടയ്ക്കിടെ പറയുമായിരുന്നു. പക്ഷേ അബു അലിയുടെ ചിലപ്പോഴുള്ള പെരുമാറ്റം അങ്ങനെ തോന്നിച്ചിരുന്നില്ല. നിലപാടുകളിലെ വിരുദ്ധതകളിലുള്ള ഏകത്വമാണല്ലോ നമ്മുടെയെല്ലാം ജീവിതങ്ങൾ?

ബാലചന്ദ്രൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു തുണ്ട് കടലാസ്സെടുത്തു. ഇന്നലെ രാത്രി അരണ്ട വെളിച്ചത്തിൽ ജമാലിന്റെ ബങ്കർ കിടക്കയിൽ ഇരുന്നു അവൻ പറഞ്ഞു തന്നിട്ട് എഴുതിയെടുത്തതാണ്. മഷി മര്യാദയ്ക്ക് തെളിഞ്ഞിട്ടില്ല, എന്നാലും വായിച്ചെടുക്കാം. വർക്കലയിലെ ഇടവ ഹൈസ്കൂളിലെ അച്ചു മാഷ് കയ്യക്ഷരം മോശമായതുകൊണ്ട് ചെവിക്ക് പിടിച്ചത് ഓർമ്മവരുന്നു. അന്നു താൻ മാഷോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.

“മാഷേ, ഗാന്ധിജിയുടെ കയ്യക്ഷരം വളരെ മോശമായിരുന്നു. അദ്ദേഹം പിന്നീടാരായി? അതിലൊന്നും വലിയ കാര്യമില്ല” അയാൾ ചിരിച്ചു കൊണ്ട് തന്റെ ഇടത്തെ ചന്തി തടവികൊണ്ടിരുന്നു.
അയാൾ മൊബൈലെടുത്തു തന്റെ ട്രക്കിന്റെ ബോണറ്റിൽ വെച്ചു. എന്നിട്ടു തന്റെ ഷർട്ടിന്റെ കീശയിൽ നിന്നും ഒരു സിഗരറ്റിന്റെ പായ്ക്കെടുത്തു അതിൽ നിന്നും ഒന്നെടുത്തു ചുണ്ടിൽ തിരുകി. തന്റെ വിയർപ്പു മണമുള്ള തൂവാലയെടുത്തു മുഖമൊന്നു തുടച്ചു. ഇപ്പോൾ കേരളത്തിൽ സമയം വൈകുന്നേരം നാലു മണിയായി കാണണം. ഇപ്പോൾ ഒന്ന് വിളിച്ചു നോക്കാമെന്നു തോന്നുന്നു. ഈ കഴിഞ്ഞ നാലുമാസത്തിനുള്ളിൽ താൻ അവരെ മൂന്ന് പ്രാവശ്യമെങ്കിലും വിളിച്ചിട്ട് ഒരേ കാര്യം തന്നെ പിന്നെയും പിന്നെയും ചോദിച്ചിരിക്കുന്നു. മടിച്ചിട്ടു കാര്യമില്ല. തനിക്ക് വേണ്ടി ആരുവിളിക്കും? പുറത്താരോടെങ്കിലും പറയാൻ പറ്റുമോ? ബാലചന്ദ്രന്റെ ഇടത്തെ നെഞ്ച് അയാൾക്ക് ഹൃദയമുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ട് ശക്തിയായി അടിച്ചുകൊണ്ടിരുന്നു.
അയാൾ ആ കടലാസ്സിലുള്ള നമ്പർ മൊബൈലിൽ അടിച്ചു, എന്നിട്ട് തന്റെ ഇടത്തെ ചെവിയിൽ വെച്ചു തോളുയുർത്തി അതിനെ പിടിച്ചു നിറുത്തി. വലത്തേ കൈകൊണ്ടു ലൈറ്റ്ർ എടുത്തു സിഗരറ്റിനു തീ കൊളുത്താൻ ശ്രമിച്ചു. നല്ല കാറ്റുണ്ട്. കത്തിയെന്ന് തോന്നുന്നു. തീ പെട്ടന്നു അണഞ്ഞു പോകുന്നു. വലിച്ചിട്ടു ഒന്നും കിട്ടാത്തതു പോലെ അയാൾക്ക് തോന്നി. ഫോൺ നമ്പർ വർക്കലയിലെ മോഡേൺ ആശുപത്രിയിലെ ഡോക്ടർ വിലാസിനിയുടേതാണ്. അവിടുത്തെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റാണ്. മുൻശുണ്ഠികാരിയാണയെന്ന് സ്വപ്ന പറഞ്ഞിട്ടറിയാം. അവിടെ അടിക്കുന്നുണ്ട്.
“മിസ്റ്റർ ബാലചന്ദ്രൻ, ഇതു എത്ര പ്രാവശ്യം ഞാൻ പറയണം. താങ്കൾക്കു തലയ്ക്കു അസുഖമുണ്ടോ? ഉണ്ടെന്ന് തോന്നുന്നു. പെട്ടന്നു തന്നെ ചികിത്സ തേടണം. കുട്ടിക്ക് പൂർണ വളർച്ചയായിരുന്നു. സ്വപ്നയുടെ സുഖ പ്രസവമായിരുന്നു. ഒന്നാമത്തെ പ്രസവത്തിനു നിങ്ങൾ കൂടെയുണ്ടായിരുന്നതല്ലേ?” ഇതിനു മുൻപേ ഇതെല്ലാം കേട്ടതാണെങ്കിലും അയാൾ താൻ എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും ശരിയാണെന്ന് ഊട്ടിയുറപ്പിക്കുകയായിരുന്നു. അയാളുടെ കാതുകളിൽ ഒരു ഇടിതീയായി, അത് വീണ്ടും വീണ്ടും മനസ്സിൽ പ്രകമ്പനം കൊണ്ടു. തനിക്ക് ശക്തിക്ഷയം സംഭവിക്കുന്നതുപോലെ അയാൾക്ക് തോന്നി.
“ഉറപ്പായും മുപ്പത്തി ഒമ്പതാം ആഴ്ചയായിരുന്നു.” ഡോക്ടർ കുപിതയായതുപോലെ അങ്ങേതലയ്ക്ക് നിന്നും ഒച്ചവെച്ചു. കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ അയാൾക്ക് തോന്നി. തൊണ്ട വരളുന്നുപോലെ.
ഡോക്ടർ വിലാസിനി ഫോണിൽ, ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു.
“സോറി ഡോക്ടർ, എന്റെ ഒരു സംശയം….” അയാൾ ശബ്ദം താഴ്ത്തി ചുറ്റും നോക്കി.
“ഞാൻ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിട്ട് നാൽപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.”
ഡോക്ടറിന്റെ സമനില തെറ്റിയതായി അയാൾക്ക് തോന്നി.
“സോറി ഡോക്ടർ, ഞാൻ …” ഇപ്പോൾ വിളിക്കണ്ടായിരുന്നുയെന്ന് അയാൾക്ക് തോന്നി.
“എന്റെ എക്സ്പീരിയൻസ് മാത്രമല്ല, ഇപ്പോൾ പുതിയ ടെക്നോളജിയും ഉണ്ട്.” ഫോൺ കട്ട് ചെയ്യ്താലോയെന്നു അയാൾ അപ്പോൾ ചിന്തിച്ചു.
“ഞാൻ നിങ്ങളോടു ഇതു വരെ, മാന്യമായി മാത്രമാണ് സംസാരിച്ചത്. കാരണം നിങ്ങൾ കുട്ടിയുടെ അച്ഛനായതു കൊണ്ടാണ് അത്. ഇനി വിളിച്ചാൽ ഞാൻ പോലീസിന് പരാതി എഴുതികൊടുക്കും.”
“ഐ ആം റീയലി സോറി, ഡോക്ടർ.” ഫോൺ വെയ്ക്കുന്ന ശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങി. അയാൾക്ക് സമാധാനമായി. ഇതുവരെയെല്ലാം ശരിയാണ്. എല്ലാം ഇനി വരുന്നിടത്തുവെച്ചു കാണാം.
അയാൾ സിഗരറ്റിനു വീണ്ടും തീ കത്തിച്ചു. ഒന്ന് വലിച്ചതിനു ശേഷം വേഗം ബോണറ്റ് തുറന്നു, പിന്നെ റേഡിയേറ്റർ തുറന്നു വെള്ളമൊഴിച്ചു. ചൂടായിരിക്കുന്നു, തന്റെ മനസ്സുപോലെ. അതിന്റെ തൊണ്ടവരെ ഒഴിച്ചതിനു ശേഷം പിന്നെ അടച്ചു, വണ്ടിയിൽ കയറി വാതിലടച്ചു. പിക്കപ്പ് ട്രക്ക് പുകതുപ്പി ഹൈവേ മുപതിലേക്ക് കയറി. അയാൾക്ക് അപ്പോൾ തല പെരുക്കുന്നതുപോലെ തോന്നി. കണക്കുകൾ ശരിയാകുന്നില്ല. എത്ര കൂട്ടിയിട്ടും ഒക്കുന്നില്ല. അയാൾ സിഗരറ്റ് ആഞ്ഞു വലിച്ചുകൊണ്ടിരുന്നു.
ബാലചന്ദ്രൻ അപ്പോൾ അസ്വസ്ഥനായിരുന്നു. ജനുവരി പത്തിനാണ്, അയാൾ എമർജൻസി ലീവിൽ, തിരുവനന്തപുരത്ത് ഇറങ്ങി പിന്നെ വർക്കലയിൽ എത്തിയത്. അവളുടെ നിർബന്ധമായിരുന്നു. കടുത്ത നിർബന്ധമായിരുന്നുയെന്നു വേണം പറയാൻ.
“ഇപ്പോൾ വന്നേ പറ്റൂ. എനിക്ക് ബാലേട്ടനെ ഒന്ന് കാണണം. കൊതിയാവുന്നു. കണ്ടേ തീരൂ.” സ്വപ്ന പണ്ടെയങ്ങനെയാണ്. അവൾ വിചാരിച്ചത് നടത്തിയെടുക്കും. അതിനൊരു പ്രത്യേക സിദ്ധി അവൾക്കുണ്ട്. അപ്സരസ്സുകൾക്ക് അങ്ങനെയൊരു സിദ്ധിയുണ്ടെന്നു ശാരദേച്ചി പണ്ടെങ്ങോ പറഞ്ഞതായി ഓർക്കുന്നു.
മുൻപ് ലീവിന് അപ്ലൈ ചെയ്തത്, ജൂണിൽ പോകാനായിരുന്നു. വീട് പണി നടക്കുകയാണ്. അയാളുടെയും അവളുടെയും സ്വപ്നമായിരുന്നു ഒരു കൊച്ചു വീട്. അവളുടെ, ഭാഗം വെച്ച് കിട്ടിയ സ്ഥലത്തു, അവളുടെ പേരിൽ വീട് പണിയുമ്പോൾ അയാളെ അയാളുടെ സഹോദരിമാർ വിലക്കിയിരുന്നു. എന്നാൽ അയാൾ അന്ന് അതു കേട്ടില്ല. അയാളുടേത് എന്ന് അയാൾക്ക് ഒരിക്കലും ഒന്നും ഉണ്ടായിരുന്നില്ല. അന്നും ഇന്നും എന്നും. അയാൾക്ക് എപ്പോഴും അവരുടേതെന്നു മാത്രമായിരുന്നു ചിന്ത.
ജൂണിലായിരുന്നു വാർപ്പ് നടക്കേണ്ടിയിരുന്നത്. അപ്പോൾ വരാമെന്ന് അയാളും സ്വപ്നയും ചർച്ചചെയ്തെടുത്ത തീരുമാനമായിരുന്നു. സ്വപ്നയായിരുന്നു അതു പറഞ്ഞത്. എപ്പോഴും അങ്ങനെയാണ്. അവളാണ് തീരുമാനങ്ങൾ എടുക്കുന്നത്. അവളുടെ വശ്യസൗന്ദര്യവും പെരുമാറ്റവും അയാളെ എപ്പോഴും അവളുടെ മോഹവലയത്തിൽ തളച്ചിട്ടിരുന്നു. പത്തു വർഷങ്ങൾക്കു മുൻപ്, അവളെ ഡൽഹിയിൽ വെച്ച് ആദ്യമായി കാണുമ്പോൾ അയാൾ വിചാരിച്ചിരുന്നു താൻ എത്ര ഭാഗ്യവാനാണെന്ന്. അവളെ പോലെ സൗന്ദര്യവും ചുറുചുറുക്കുമുള്ള ഒരു പെൺകുട്ടിയെ തനിക്ക് സ്വപ്നം കാണാൻ യോഗ്യതയുണ്ടായിരുന്നില്ലെന്ന് അയാൾ എപ്പോഴും മനസ്സിൽ പറഞ്ഞിരുന്നു.
ഫോൺ അടിക്കുന്നു. അയാൾ വണ്ടി റോഡരികിൽ നിറുത്തി. ഇല്ല മുൻപിൽ നിന്നും പുക വരുന്നില്ല. അയാൾ ഫോണെടുത്തു നോക്കി. റഫീക്കാണ്. നാട്ടിൽ തന്റെ അയൽപക്കമാണ്. തന്റെ ഏറ്റവുമടുത്ത കൂട്ടുകാരനാണ്. അയാൾ ഫോണെടുത്തു എന്നിട്ടു സിഗരറ്റിനായി പോക്കറ്റിൽ തപ്പികൊണ്ടിരുന്നു.
“ബാലേട്ടാ, എന്തോകെയുണ്ട് വിശേഷങ്ങൾ? ഇറങ്ങിയോ?” അവൻ വിശ്വസ്തനാണ്. ചതിക്കില്ല. അയാൾക്ക് തന്റെ മുന്നിൽ കാണുന്ന മരുഭൂമിക്ക് അപ്പുറത്തെവിടെയോ ഒരു മഴ പെയ്യുന്നതായി തോന്നി. റഫീക്ക് സൗദിയിൽ റിയാദിൽ ഒരു കമ്പനിയിൽ വർഷങ്ങളായി ജോലി ചെയ്യുന്നു.
“റഫീക്കെ, മൂന്നാലു മണിക്കൂറുകൊണ്ട് അബു അലിയുടെ അടുത്തെത്തും. പിന്നെ അവിടെ നിന്നും റോഡ് വഴി കുവൈറ്റ് സൗദി അതിർത്തി കടക്കണം. പിന്നെ ഞങ്ങൾ റോഡ് വഴി റിയാദിലേക്ക് വരും. എന്നെ മക്കയിലും മദീനയിലേക്കും പിന്നൊരു പ്രാവശ്യം കൊണ്ടുപോകാമെന്നു അബു അലി ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. നിന്റെയടുത്തു റിയാദിൽ ഞാൻ ഒരു ദിവസം കാണും. അബു അലി അവിടെ അയാളുടെ സുഹൃത്തിന്റെയടുത്തു താമസിക്കുമെന്നാണ് പറഞ്ഞത്. അയാൾക്ക് അവിടെ എന്തൊരു കാര്യം ചെയ്യാനുണ്ടെന്നാണ് പറഞ്ഞത്. പിന്നെ ഞങ്ങൾ അവിടെനിന്നും മടങ്ങുമെന്നാണ് പ്ലാൻ.” അയാൾ സിഗരറ്റെടുത്തു ചുണ്ടിൽ വെച്ചു, എന്നിട്ടു ലൈറ്റ്റിനായി വീണ്ടും പോക്കറ്റിൽ തപ്പികൊണ്ടിരുന്നു.
“ബാലേട്ടാ, നിസ്കരിക്കാൻ നല്ലവണ്ണം പഠിച്ചില്ലേ? ബിസ്മില്ലാഹ് ചൊല്ലി കൃത്യമായി വുദു ചെയ്യാൻ അറിയില്ലേ? ഇതൊക്കെയാണ് പുറമെനിന്നു കാണുമ്പോൾ നോക്കുന്നത്. ഖുറാനിലെ അറിവ് അതു കഴിഞ്ഞേ വിശ്വാസികൾ ശ്രദ്ധിക്കുകയുള്ളൂ. നിങ്ങൾ എന്നെ കൊല്ലിക്കുമോ, ബാലേട്ടാ?” റഫീക്കിനെ ചേർത്തു നിറുത്തി ഒരു ഉമ്മ കൊടുക്കാൻ അയാൾക്ക് അപ്പോൾ തോന്നി. ഒരുമയോടെ അവസാനംവരെ കൂടെ നിൽക്കാൻ തന്റെ റഫീക്കിനെ സാധിക്കൂ.
“റഫീക്കെ, നീ പണ്ട് നാട്ടിൽ നക്സലയിറ്റായിരുന്നില്ലേ? പിന്നെ നീ കമ്മ്യൂണിസ്റ്റായി. നിന്നോട് ആരും ചോദിക്കാൻ വരുകയില്ല. നീ അതുകൊണ്ടു പേടിക്കേണ്ട. അതിനു നീയും ഞാനും ഒരു തെറ്റും ഇതുവരെ ചെയ്യ്തില്ലലോ? ഞാൻ മതം മാറിയത് എന്റെ സ്വന്തം ഇഷ്ടത്തിന്റെ പേരിലാണ്. എനിക്ക് അബു അലിയുടെ വിശ്വാസം നേടിയെടുകണമായിരുന്നു. അതു പോലെ ലക്ഷ്യം പൂർത്തീകരിക്കാൻ അതു വളരെ ആവശ്യവുമാണ്. എല്ലാ ദൈവങ്ങളും എനിക്ക് ഒരു പോലെയാണ്.” അയാൾ അതു കുറച്ചു കിതച്ചു കൊണ്ടാണ് പറഞ്ഞത്.
“ശരി, ബാലേട്ടാ. ഞാൻ ഫോൺ വയ്ക്കുന്നു. നേരിട്ട് കാണുമ്പോൾ സംസാരിക്കാം. ഇതു ഫോൺ ടാപ്പിംഗിന്റെയും പിന്നെ അതിന്റെ സ്ഥലം നോക്കുന്നതിന്റെയും കാലമാണ്. നിങ്ങൾ റിയാദിൽ എത്തുമ്പോൾ ഞാൻ ബത്ത ഇശാരയിലുള്ള വലിയ പള്ളിക്ക് അടുത്തുള്ള ഇലക്ട്രോണിക്സ് കടയുടെ മുൻപിൽ ഒരു ഒമ്പതു മണിക്ക് വരാം. ഞാൻ വിളിക്കില്ല. ഫോൺ ഉപയോഗിക്കുന്നത് പിന്നെ എനിക്ക് പ്രശ്നമായി വരും. അതുകൊണ്ടാ ബാലേട്ടാ. പുറത്തു വലിയ അക്ഷരത്തിൽ പാനസോണിക് എന്നെഴുതിയിട്ടുണ്ട്. ഗൂഗിളിൽ നോക്കിയാൽ മതി. കടയുടെ പേര് ബദരിയാ ഇലക്ട്രോണിക്സ് എന്നാണ്. ഞാൻ മിക്കവാറും ഫോണെടുക്കില്ല. ഫോൺ റൂമിലായിരിക്കും. നിങ്ങൾ ശനിയാഴ്ചയല്ലേ റിയാദിൽ എത്തുന്നത്? ഞാൻ കാത്തിരിക്കും. എന്നെ കണ്ടില്ലെങ്കിലും അവിടെത്തന്നെ ചുറ്റിപറ്റി നിന്നാൽ മതി. പിന്നെ ഞാൻ വന്നു എങ്ങനെയെങ്കിലും ബന്ധപ്പെട്ടോളാം. എന്നാ ശരി, ബാലേട്ടാ. സൂക്ഷിക്കണം.” റഫീക്ക് ഫോൺ വെച്ചു. അയാൾ കുറച്ചു വെള്ളമെടുത്ത് മുഖം കഴുകി എന്നിട്ട് വണ്ടിയിൽ കയറി, പിന്നെ വണ്ടി മുന്നോട്ട് എടുത്തു. അയാൾക്ക് ലക്ഷ്യം അകലെ കാണാമായിരുന്നു.
മങ്കഫിൽ എത്തിയപ്പോഴേക്കും വണ്ടിയുടെ ബോണറ്റിൽ വെളുത്ത പുക കണ്ടു തുടങ്ങി. അയാൾ ഒരു സൂക്കിന്റെ പാർക്കിങ്ങിൽ വണ്ടി കയറ്റി. എന്നിട്ട് ഗ്ലാസ് താഴ്ത്തി അതിൽ തന്നെ ഇരുന്നു. എൻജിൻ ഒന്ന് തണുക്കട്ടെ. എന്നിട്ട് വെള്ളം ഒഴിക്കാം എന്നുതോന്നുന്നു.
ഈ കഴിഞ്ഞ ജനുവരി പത്തിന്, അവളെ കാണുമ്പോൾ അവൾക്കു ആവേശമായിരുന്നു. പുതുമോടിയിൽ ജ്വലിച്ചു നിൽക്കുന്ന കമിതാക്കൾ കാണിക്കുന്ന പോലെയുള്ള, അവളുടെ അഭിനിവേശം അയാളെ അത്ഭുധപ്പെടുത്തി. പലപ്പോഴും അവളുടെ ഭാരം കൊണ്ടും, ഓജസ്സിലാതെ തളർന്ന തന്നെ അവൾ കളിയാക്കി. ബാലേട്ടന് വയസ്സായിരിക്കുന്നുവെന്ന് അവൾ പറഞ്ഞത് നല്ലവണ്ണം താൻ ഇപ്പോഴും ഓർക്കുന്നു. അതൊരു കെണിയായിരുന്നോ?
അറിയില്ല. അങ്ങനെ വിശ്വസിക്കാൻ അപ്പോൾ തനിക്കാവില്ലായിരുന്നു. അറിയില്ലായിരുന്നു. അവളുടെ ഉദരത്തിൽ ഒരു ജീവനുണ്ടായിരുന്നെന്നു അപ്പോൾ തനിക്ക് അറിയില്ലായിരുന്നു. അത് അവിടെ വളരാൻ തുടങ്ങികാണുമായിരിക്കും. പത്തു ദിവസത്തെ എമർജൻസി ലീവ് കഴിഞ്ഞു മടങ്ങുമ്പോൾ, അവളുടെ മുഖത്ത് യുദ്ധത്തിൽ ജയിച്ച, യോദ്ധാവിന്റെ വിജയഭാവമായിരുന്നു. അതൊരു കെണിയായിരുന്നോ?
കണക്കുകൾ ശരിയാകുന്നില്ല. ജനുവരി പത്തു മുതൽ, സെപ്റ്റംബർ പത്തുവരെ ഒമ്പതു മാസം. തനിക്ക് മകൻ ജനിച്ചിരിക്കുന്നു. അല്ല, ഒരു കുട്ടി ജനിച്ചിരിക്കുന്നു. ഇരുപത്തിയഞ്ച് ജൂലായ്. അതും കുട്ടിക്ക് മുപ്പത്തിഒമ്പതു ആഴ്ചയായിരുന്നു. ഡോക്ടർ വിലാസിനിയുടെ സാക്ഷ്യം. അവളുടെ കാമാഗ്നിയിൽ, ഈയാം പാറ്റയെ പോലെ താൻ വെന്തു ചാമ്പൽ ആയോ? അറിയില്ല.
എൻജിൻ തണുത്തിരിക്കുന്നു. വെള്ളമൊഴിച്ചു അയാളുടെ യാത്ര തുടർന്നു. മഹബൂളയിൽ എത്തിയപ്പോഴേക്കും ഫോൺ അടിച്ചു. വണ്ടി ഒരു മസ്റി ഫലാഫിൽ കടയുടെ മുൻപിൽ നിറുത്തി അയാൾ ഒരു ഫലാഫിലും ലിപ്റ്റൺ ചായയും ഓർഡർ കൊടുത്തു. ഫോൺ ചെയ്തത് അബു അലിയാണ്. സമാധാനമായി സംസാരിക്കണം. തിരക്ക് പിടിച്ചു കൂടാ. അയാൾ ഒരു സിഗരറ്റെടുത്തു ചുണ്ടിൽ കോർത്തു. ലൈറ്റ്ററുടെ നീല രശ്മികൾ സിഗരറ്റിനെ പൊതിഞ്ഞു. പുക ഒന്ന് അകത്തേയ്ക്കെടുത്തു അയാൾ അബു അലിയെ വിളിക്കാൻ ഫോണെടുത്തു.
“സലാമാലേയ്ക്കും അബ്ദുള്ള!”
“വലൈക്കുമസല്ലാം റഹ്മത്തുള്ള ബറകാത്ത, അബു അലി!
“അബ്ദുള്ള, നിനക്ക് സുഖം തന്നെയല്ലേ? നീ എപ്പോൾ എത്തും. ഞാൻ കാത്തിരിക്കുകയാണ്. നിന്റെ സൗദിയിൽ കയറാനുള്ള വിസ ഞാൻ ശരിയാക്കി വെച്ചിട്ടുണ്ട്. ഭക്ഷണവും വെള്ളവും വണ്ടിയിൽ കയറ്റി വെച്ചു കഴിഞ്ഞു. നീണ്ട വഴിയാണ്. മാറി മാറി ഓടിക്കാം. ഞാനുള്ളത് കൊണ്ട് ഒന്നും പേടിക്കണ്ട. നോക്കൂ, ഞാൻ കുവൈത്തിയാണ്. അതു തന്നെ ധാരാളം. നീയിപ്പോൾ എന്റെ അനുജനാണ്, അബ്ദുള്ള. നാട്ടിലുള്ള നിന്റെ മകളുടെ പേരെന്താണ്? അവൾക്കിപ്പോൾ അഞ്ചു വയസ്സായി കാണുമല്ലോ? മാഷാഅല്ലാഹ്! ഞങ്ങൾ പറയും പെൺകുട്ടികളുടെ മാതാപിതാക്കൾ നേരെ ജന്നത്തിലേക്കാണ്, അതെ നിങ്ങൾ പറയുംപോലെ സ്വർഗത്തിലേക്കാണ് പോകുന്നതെന്ന്.” അയാൾ ചിരിച്ചു കൊണ്ടു ചിന്തിച്ചു, അബു അലി നല്ലവനാണ്. ഇപ്പോൾ തന്റെ ദൈവമാണ്.
“അബു അലി, അവളുടെ പേര് ശിവാനിയെന്നാണ്. അതെ, അവൾക്ക് ഇപ്പോൾ അഞ്ചു വയസ്സായി.” മകളുടെ കാര്യം പറഞ്ഞപ്പോൾ തന്നെ അയാൾക്ക് മനസ്സിന് നല്ല സുഖം അനുഭവപ്പെട്ടു.
“മാഷാഅല്ലാഹ്!! അബ്ദുള്ള ഇന്നു മുതൽ ഞാൻ നിന്നെ അബു ശിവാനിയെന്നാണ് വിളിക്കാൻ ആഗ്രഹിക്കുന്നത്. അങ്ങനെയാണ് ഇവിടുത്തെ രീതി. അബു ശിവാനി, സുഖം തന്നെയല്ലേ?” അതു പറഞ്ഞു അബു അലി ഉറക്കെ ചിരിച്ചു.
“അല്ലാഹ് മാക്ക്, അബു അലി. എന്റെ ഭാര്യ നാലു മാസം മുൻപ് ഒന്ന് കൂടി പ്രസവിച്ചു. ആൺ കുട്ടിയാണ്. ഞാൻ പോയി കണ്ടിട്ടില്ല. കുറച്ചു പ്രശ്നങ്ങളുണ്ട്. മിക്കവാറും നമ്മുടെ റിയാദ് യാത്ര കഴിഞ്ഞാൽ കുറച്ചു ലീവ് തരാമോ?” താൻ സ്വപ്നയോടു സംസാരിച്ചിട്ട് രണ്ടു മാസമായി കാണും. അവൾ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ താൻ അതിനു മാനസികമായി തയ്യാറല്ല. അതു കൊണ്ടു ഫോൺ എടുക്കാറില്ല. അബു അലിയെ കൂടെ നിറുത്തേണ്ടതു തന്റെ ആവശ്യമാണെന്നു ബാലചന്ദ്രനു അറിയാമായിരുന്നു. ലക്ഷ്യത്തിലെത്താൻ അബു അലി അത്യന്താപേക്ഷിതമാണ്.
“മാഷാഅല്ലാഹ്!! ആൺകുട്ടിയോ? അബു ശിവാനി നമ്മുക്ക് ഇതൊന്നു ആഘോഷിക്കണം. അത് ഞാൻ ഏറ്റു. പിന്നെ ലീവിന്റെ കാര്യം, കുറച്ചു വിഷമമാണ്. എങ്കിലും ഞാൻ നോക്കാം. ഇൻഷാ അല്ലാഹ്.” അബു അലി അങ്ങനെയാണ്. പെട്ടന്നൊന്നും ഒരു കാര്യവും വിട്ടു തരില്ല.
“അബു അലി വളരെ നന്ദി. അള്ളാഹു രക്ഷിക്കട്ടെ.” അയാൾ അബു അലിയെ സന്തോഷിപ്പിച്ചു. അബു അലി പെട്ടന്നു ഇടയ്ക്ക്കയറി പറഞ്ഞു.
“അബു ശിവാനി, എനിക്കൊരു കാര്യം പറയാനുണ്ട്. ലീവ് ഞാൻ ശരിയാക്കാം. എന്റെ നാലാമത്തെ കല്യാണം ഈ വരുന്ന ഡിസംബറിൽ വരുന്ന കാര്യം നിനക്ക് അറിയാമല്ലോ? പതിനെട്ടു വയസുള്ള ഒരു ബെദൂൻ പെൺകുട്ടിയാണ്. ഞാൻ ചെറുപ്പമായി കൊണ്ടിരിക്കുകയല്ല, എന്ന് നിനക്ക് അറിയാമല്ലോ? ഞങ്ങൾ ഹുക്ക വലിക്കുന്ന സ്ഥലത്തു ഒരു ദിവസം ഇരുന്നു വലിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ സുഹൃത്ത് അബു മിഷാരി പറഞ്ഞതായി ഞാൻ ഇപ്പോൾ ഓർക്കുന്നു. കേരളത്തിൽ കോട്ടയ്ക്കൽ എന്ന ഒരു സ്ഥലമുണ്ട്പോലും. അവിടെയുള്ള ഒരു ഉദ്യാനത്തിൽ പ്രത്യേകം വളർത്തിയെടുക്കുന്ന ഒരു മരുന്നുണ്ടത്രെ! അശ്വഗന്ധ എന്നോ മറ്റോയാണ് ആ മരുന്നിന്റെ പേരു എന്നെനിക്ക് തോന്നുന്നു. അബു മിഷാരിയുടെ ഡ്രൈവർ റഹീം അയാൾക്ക് അതു കൊണ്ടുകൊടുത്തിട്ടുണ്ട്. നല്ല ഫലമാണത്രെ? അബു ശിവാനി, നിങ്ങൾ കേരളത്തിൽനിന്നും അല്ലേ? കോട്ടയ്ക്കലിൽനിന്നും അതു കൊണ്ടു തരാമെന്നു നീ ഏറ്റാൽ ഞാൻ നിന്റെ ലീവ് പെട്ടന്നു തന്നെ ശരിയാക്കും.” അബു അലി അതു പറഞ്ഞു ഉച്ചത്തിൽ ചിരിച്ചു.
അയാൾ അതിനുത്തരം പറഞ്ഞില്ല. അധികാരവും പണവും പിന്നെ പെണ്ണും യുഗയുഗാന്തരമായി ആണിന്റെ ഊരാകുടുക്കായി നിലനിൽക്കുന്നു. ഇതു മാറുമോ? അറിയില്ല.
“അബു അലി, ഞാൻ ഒരു രണ്ടര മണിക്കൂർ കൊണ്ട് വരുന്നതായിരിക്കും. അപ്പോൾ അവിടെവെച്ചു കാണാം.” അയാൾ സലാം പറഞ്ഞു പെട്ടന്നു ഫോൺ വെച്ചു.
മഹബൂളയിൽ നിന്നും അയാൾ യാത്രയായി. വണ്ടിയുടെ സ്പീഡ് കൂടി അയാൾ വഴിയരികിലുള്ള ഈന്തപനകളെ നോക്കി കൊണ്ടിരുന്നു. ഇനി അടുത്തത് ഫഹഹീലാണ്. ഇവിടെയെടുത്താണ് കുവൈറ്റിന്റെ കുറച്ചു എണ്ണ പാടങ്ങളും ശുദ്ധീകരണശാലകളുമുള്ളത്. ഇനി കുറച്ചു ദൂരം മരുഭൂമിയിൽലൂടെ യാത്ര ചെയ്യണം. എന്നാലേ അൽ വഫ്രയിൽ എത്തുകയുളൂ. അവിടെയാണ് അബു അലിയുടെ ആടുകളുടെ ഫാംമുള്ളത്. അവിടുന്ന് അടുത്താണ് സൗദി അതിർത്തി. അബു അലിക്ക് വിസയുടെ ആവശ്യമില്ല. എന്തോ ഒരു പേപ്പർ മാത്രം മതിയാവും. പക്ഷേ തനിക്ക് ആവശ്യമാണ്. ഇപ്പോൾ അബു അലിയെ കൂടെ നിർത്തിയാൽ തനിക്ക് റിയാദിൽ പെട്ടന്നു എത്താം. അയാൾ വണ്ടി ഫഹഹീലിൽ നിറുത്തി. വണ്ടിയിൽ നിന്ന് ഇറങ്ങി, പിന്നെ മൂത്രമൊഴിക്കാൻ വഴിയരികിലുള്ള ഒരു പൊന്തക്കാട്ടിലേക്ക് കയറി.
തിരിച്ചു വന്നപ്പോൾ അയാൾക്ക് ശാരദേച്ചിയെ വിളിക്കണമെന്ന് തോന്നി. ഒന്ന് കൂടി ഉറപ്പ് വരുത്താലോ? അയാൾ ഫോണെടുത്തു ചേച്ചിയുടെ നമ്പർ തപ്പി. ഇപ്പോൾ അവിടെ സമയമെത്രയായിരിക്കും? കുഴപ്പമില്ല ഒന്ന് വിളിക്കാം, അയാൾ നിശ്ചയിച്ചു.
അയാൾ ഒരു സിഗരെറ്റെടുത്തു ചുണ്ടിൽ വെച്ചു. ഫോണിന് ചാർജ് കുറവാണ്. ഇതായിരിക്കും ഈ ഫോണിൽ നിന്നുമുള്ള അവസാനത്തെ കോൾ. കുറച്ചു കഴിഞ്ഞ് ഫോൺ ഓഫാക്കിയിടാം. താൻ കാരണം ആർക്കും ഒരു കുഴപ്പവും വരരുത്. അയാൾ ചിന്തിച്ചു ഉറപ്പിച്ചു അവിടെ നിന്നും കുറച്ചു അകലെ കണ്ട ഒരു മണൽ തിട്ടയിലേക്ക് നടന്നു. പിന്നെ ഫോണിൽ ശാരദേച്ചിയുടെ നമ്പർ അടിച്ചു. അവിടെ ഫോണടിക്കുന്നുണ്ട്.
“ശാരദേച്ചി, ഇതു ബാലനാണ്. അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഗോപിയേട്ടൻ എന്തു പറയുന്നു? കുട്ടികളെല്ലാം ഒക്കെയല്ലേ?” താൻ ചേച്ചിയുടെ എപ്പോഴും പ്രിയപ്പെട്ട അനുജനായിരുന്നുവെന്നു അയാൾ അപ്പോൾ ഓർത്തു.
“മോനെ ബാലാ, നീ എന്താ സ്വപ്ന വിളിച്ചിട്ട് എടുക്കാതെ? കഴിഞ്ഞത് കഴിഞ്ഞു, നമ്മൾക്ക് സംസാരിച്ചു ഇനി എന്തു ചെയ്യാൻ പറ്റും എന്ന് ആലോചിക്കാം. നീ നിന്റെ ശിവാനിയുടെ, നിന്റെ മാളൂട്ടിയുടെ കാര്യം ഓർക്കണ്ടേ? നീ അവരെ വിളിക്കണം. മാളൂട്ടിയോട് സംസാരിക്കണം. അവൾക്ക് വിഷമമാണ്. ഞാൻ ഇന്നലെ പോലും സ്വപ്നയെയും മാളൂട്ടിയെയും കണ്ടിരുന്നു. സ്വപ്ന ഇപ്പോൾ എന്നോട് സമ്മതിച്ചിരിക്കുന്നു. നിന്റെ സംശയങ്ങൾ ശരിയാണ്. ഞാൻ ആരോടും പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നീയെന്താ മോനെ ഒന്നും മിണ്ടാതെ യിരിക്കുന്നേ?” അയാൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പഴയകാര്യങ്ങളെല്ലാം മനസ്സിൽ തിരിച്ചു വന്നു ഒരു കൊടിയേറ്റം നടത്തുന്നതുപോലെ അയാൾക്ക് തോന്നി.
“ചേച്ചി അവൻ ആരാണെന്നു അവൾ സമ്മതിച്ചോ? എത്ര കാലമായി തുടങ്ങിയിട്ട്? എന്നെ അറിഞ്ഞു കൊണ്ട് ചതിച്ചതാണോ? അതു മറയ്ക്കാൻ വിളിച്ചു വരുത്തി എന്റെ കൂടെ കിടന്നതല്ലേ? അവൾക്കും അവനും ഞാൻ എന്തിന് മാപ്പ് കൊടുക്കണം? എന്റെ മാളൂട്ടി ഇതിന്റെ ഇടയിൽ വന്നതാണ് എനിക്ക് ആകെയുള്ള വിഷമം.” അയാളുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു.
“മോനെ എല്ലാം ശരിയാണ്. അതു കഴിഞ്ഞില്ലേ? നീ അവൾക്ക് മാപ്പ് കൊടുക്കണം. അവൻ ആ പവി ചെയ്തത് ചെറ്റത്തരമാണ്. നിന്റെ കൂടെ കളിച്ചു വളർന്നിട്ടും എല്ലാമറിയുമായിയിരുന്നിട്ടും അവൻ എത്തിനു അതു ചെയ്തു? അവൻ അവളെയും കൊണ്ട് പലപ്പോഴായി കുറച്ചകലെയുള്ള ഹോട്ടലിൽ റൂം എടുത്തത് കണ്ടതായി പലരും ഇപ്പോൾ പറയുന്നുണ്ട്. പലയാളുകളും അവരെ പലസ്ഥലങ്ങളിലും കണ്ടതായി ഇപ്പോൾ നാട്ടിൽ സംസാരമുണ്ട്. സത്യം എനിക്കറിയില്ല. പക്ഷേ പവിയുടെ കുട്ടിയാണെന്ന് അവൾ സമ്മതിച്ചിട്ടുണ്ട്. നീ നാട്ടിലേക്കു വരൂ. ഇതെങ്ങിനെ സംസാരിച്ചു ഒരു വഴി കണ്ടുപിടിക്കാമോയെന്ന് നമ്മുക്ക് നോക്കാം. നീ സ്വപ്നയെയും മാളൂട്ടിയെയും വിളിക്കണം. ഞാനല്ലേ പറയുന്നത്?” ചേച്ചി പറഞ്ഞാൽ പണ്ട് താൻ എന്തും ചെയ്യുമായിരുന്നു, പക്ഷേ ഇപ്പോൾ തനിക്ക് ഇത് ചെയ്യാൻ പറ്റില്ലെന്നു അയാൾ ഓർത്തു.
“ചേച്ചി പവി നാട്ടിലുണ്ടോ? ഇപ്പോൾ അവൻ എവിടെയാണ്? ചേച്ചി എന്റെ മാളൂട്ടിയെ നല്ലവണ്ണം നോക്കണം. അവളുടെ അച്ഛൻ പെട്ടന്നു വരുമെന്നു പറയണം.” അയാളുടെ മനസ്സു മുഴുവനും അപ്പോൾ മാളൂട്ടിയായിരുന്നു.
“ബാലാ, പവി അവന്റെ കൊച്ചിയിലെ അമ്മായിയുടെ വീട്ടിലേക്കു ഈ പ്രശ്നം പൊങ്ങിവന്നപ്പോൾ മുങ്ങിയിരുന്നു. പിന്നെ നാട്ടിലേക്കു വന്നിട്ടേയില്ല. നീ അതു മറന്നുകള. അവൻ അതു ചെയ്തിട്ടുണ്ടെങ്കിൽ ദൈവം അവനോട് ചോദിക്കും.” ശാരദേച്ചി പറയുന്നത് അയാൾക്ക് ഉൾകൊള്ളാനാവുമായിരുന്നില്ല.
“ചേച്ചി, അവൾ സമ്മതിച്ചല്ലോ അതു മതി. എനിക്ക് അവളോട് ക്ഷമിക്കാൻ കഴിയുകയില്ല. ഞാൻ അവളോട് നേരിട്ട് പ്രതികാരം ചെയ്യുകയില്ല. എന്റെ മാളൂട്ടിക്ക് ഇനി അവൾല്ലാതെ വേറെയാരുമില്ല. അവൾ നിലനിൽക്കേണ്ടത് എന്റെയും മാളൂട്ടിയുടെയും ആവശ്യമാണ്. പക്ഷേ ചേച്ചി ഞാൻ പവിയോട് മരിച്ചാലും ക്ഷമിക്കില്ല. അവനെ കണ്ടാൽ ചേച്ചി പറഞ്ഞേക്ക് ഞാൻ അവനെ വെറുതെ വിടില്ലായെന്ന്. ഞാൻ ഇനി വിളിക്കുമ്പോൾ ചേച്ചിയോട് നാട്ടിൽ എപ്പോൾ വരുമെന്ന് പറയാം. അതിനു ശേഷം മാളൂട്ടിയോടും സ്വപ്നയോടും സംസാരിക്കാം.” വികാരങ്ങളുടെ കുത്തൊഴുക്കിൽ അയാൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
“ശരി മോനെ ബാലാ, നിന്റെ വീടിനടുത്തുള്ള ദേവിയുടെ അമ്പലത്തിലെ ഉത്സവമാണ്, മറ്റന്നാൾ. നീ പ്രാർത്ഥിച്ചോ, വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ്. നിനക്ക് സമാധാനം തരാനും നിന്റെ ഇനിയുള്ള ആഗ്രഹങ്ങൾ നിറവേറാനും ദേവി സഹായിക്കും.” താൻ എന്നും ദേവിയുടെ ഉപാസകനായിരുന്നെന്നു അയാൾ ഓർത്തു.
“ശരി, ചേച്ചി ഞാൻ വയ്ക്കട്ടെ. ജോലിയിലാണ്. പിന്നെ വിളിക്കാം.” ഇനി ഒരു വിളിയില്ലെന്നോർത്തു അയാളുടെ കണ്ണുകൾ നിറഞ്ഞു.
“ശരി, ബാലാ.” ശാരദേച്ചിയായിരുന്നു അയാളുടെ നാട്ടിലെ നിലനിൽക്കുന്ന ഏക ആശ്രയിക്കാവുന്ന തുരുത്ത്.
അയാൾ അവിടെ നിന്നും വണ്ടിയിൽ കയറി നേരെ പോയതു അൽ വഫ്ര ലക്ഷ്യമാക്കിയായിരുന്നു. ഡ്രൈവ് ചെയ്യുമ്പോൾ മനസ്സു മുഴുവൻ മാളൂട്ടിയായിരുന്നു. ഇങ്ങനെയുള്ള സ്ത്രീകളുണ്ടെങ്കിൽ എങ്ങനെ വിശ്വസിക്കും? തന്നെ പോലെ എത്ര പേർ വഞ്ചിക്കപ്പെട്ടിരിക്കാം? അവരെ വിശ്വസിച്ചു, വളരെ ദൂരെ കഷ്ടപ്പെട്ട് അവർക്ക് വേണ്ടി ജോലി ചെയ്തിട്ടും വഞ്ചികാമെങ്കിൽ പിന്നെ ഇനി ആരെ വിശ്വസിക്കും? തന്റെ കൈയിലുള്ള എല്ലാ സമ്പാദ്യവും ആ വീട്ടിനുമേലെ ചിലവാക്കി. ആ സ്ഥലവും വീടും എല്ലാം അവളുടെ പേരിലാണ്. അയാൾ കണ്ണുകൾ തുടച്ചു. കണ്ണിൽ വെള്ളം നിറഞ്ഞു വണ്ടി ഓടിക്കുന്ന വഴി കാണാൻ അയാൾക്ക് വിഷമമം അനുഭവപ്പെട്ടു.
അൽ വഫ്രയിൽ നിന്നും അയാളും അബു അലിയും റിയാദിൽ എത്തിയപ്പോൾ പിറ്റേന്ന് പുലർച്ചയായിരുന്നു. അയാളെ ബത്ത ഇശാരയിൽ ഇറക്കി വിട്ടിട്ടു കയ്യിൽ കുറച്ചു സൗദി റിയാലും കൊടുത്ത്, പിന്നെ ഒരു ദിവസം കഴിഞ്ഞ് ഇതേ സ്ഥലത്തു ഇതേ സമയത്ത് വരുമെന്നു പറഞ്ഞു അബു അലി നേരത്തെ തീരുമാനിച്ചതുപോലെ നേരെ അബു അലിയുടെ കൂട്ടുകാരന്റെയടുത്തേയ്ക്ക് കാറോടിച്ചു പോയി.
കുറച്ചു നേരം അവിടെ കറങ്ങി നടന്നിട്ട്, പത്തുമണിയായപ്പോൾ റഫീക്ക് പറഞ്ഞ കടയുടെ മുന്നിലേക്ക് അയാൾ വന്നു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പർദയിട്ട ഒരു സ്ത്രീ അടുത്തു വന്നു അയാൾക്ക് ഒരു കവർ കൊടുത്ത് പെട്ടന്നു തിരിച്ചു നടന്നു. അയാൾക്ക് പെട്ടന്ന് ഒന്നും മനസ്സിലായില്ല. ആ സ്ത്രീ പെട്ടന്നു തന്നെ ആൾക്കൂട്ടത്തിലേക്കു ലയിച്ചു കഴിഞ്ഞിരുന്നു. അയാൾ ആ കവർ പൊട്ടിച്ചു. ഒരു താക്കോലും പിന്നെ ഒരു നാലായി മടക്കിവെച്ച ഒരു പേപ്പറുമുണ്ടായിരുന്നു. അയാൾ ആ പേപ്പർ തുറന്നു വായിച്ചു.
“പവി ഇവിടെയടുത്തുണ്ട്. അവന്റെ കൂടെ താമസിക്കുന്നവൻ നാട്ടിൽ പോയിരിക്കുകയാണ്. ഇപ്പോൾ പവി ഒറ്റയ്ക്കാണ് താമസം. പറ്റിയ അവസരമാണ്. ബാലാ, എനിക്ക് നേരിട്ടിറങ്ങാൻ പറ്റില്ല. ഇതു സൗദിയാണ്. പിടിച്ചാൽ നിനക്കറിയാമലോ? പവിയുടെ അഡ്രസ്സ് താഴെ വിശദമായി കൊടുത്തിട്ടുണ്ട്. നിനക്കു അറബി ഭാഷ പച്ചവെള്ളം പോലെയല്ലേ? പക്ഷേ നീ അപകടത്തിലായാൽ പിന്നെ ഞാൻ ഒന്നും നോക്കില്ല. ഞാൻ ഉണ്ടാവും, ഇതു നിന്റെ റഫീക്കാണു പറയുന്നത്. പവി ഇപ്പോൾ ജോയിലിക്ക് പോയിട്ടുണ്ടാവും. അവന്റെ കൂടെയുള്ള കൂട്ടുകാരൻ എന്റെ കൂടെയാണ് ജോലിചെയ്യുന്നത്. ഞാൻ അവന്റെ ഫ്ലാറ്റിന്റെ താക്കോൽ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതു കത്തിന്റെ കൂടെ വെച്ചിട്ടുണ്ട്. നിനക്ക് കിട്ടിയില്ലേ? നീ ഇപ്പോൾ തന്നെ ഫ്ലാറ്റിന്റെ അകത്തുപോയി ഒളിച്ചിരിക്കണം. അകത്തു നിന്ന് പൂട്ടിയിട്ട് താക്കോൽ കക്കൂസിലിട്ടു ഫ്ലഷ് ചെയ്യണം. ഇനി ഞാൻ കൂടുതൽ ഒന്നും പറയണ്ടല്ലോ? നീ പറഞ്ഞതുപോലെ എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. കരുതിയിരിക്കണം, ലക്ഷ്യം കാണുന്നത് വരെ. നിനക്കായി ഞാൻ പ്രാർത്ഥിക്കും. നീ ജയിച്ചു തന്നെ വരും. നീ ഇതു വായിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ കീറി കളയണം. തെളിവുകൾ കഴിയുന്നതും വെച്ചേക്കരുത്. റഫീക്ക്.” കത്ത് എഴുതിയിരിക്കുന്നത് റഫീക്കിന്റെ ചോര കൊണ്ടാണെന്നു ബാലചന്ദ്രനു തോന്നി. അയാൾ ആ കത്ത് പല കഷ്ണങ്ങളായി കീറി കളഞ്ഞു. എന്നിട്ട് അതു പല സ്ഥലങ്ങളിൽ കൊണ്ടുചെന്നിട്ടു. എല്ലാം ശരിയാണോയെന്ന് വീണ്ടും ചിന്തിച്ചുറപ്പിച്ചു.
അയാൾ അഡ്രസ്സ് നോക്കി, ആരോടും ചോദിക്കാതെ സമയമെടുത്തു ഉറപ്പുവരുത്തി പവിയുടെ ഫ്ലാറ്റിനു മുൻപിൽ എത്തി. പിന്നെ തുറന്നു അകത്തു കടന്ന്, അതു കഴിഞ്ഞു അകത്തു നിന്നും പൂട്ടി പിന്നീട് റഫീക്ക് പറഞ്ഞ പോലെ താക്കോൽ കക്കൂസിൽ ഇട്ട് ഫ്ലഷ് ചെയ്തു. അടുക്കളയിൽ പോയി നല്ല ഒരു കത്തിയെടുത്തു അതിന്റെ മൂർച്ച നോക്കി കയ്യിൽ വെച്ചു. അയാൾ പവിക്ക് വേണ്ടി അപ്പോൾ മാനസികമായും ശാരീരികമായും തയ്യാറായിരുന്നു.
കുറച്ചു കാലമായി അയാൾ മനസ്സിൽ ഈയൊരു നിമിഷത്തിനുവേണ്ടി തയ്യാറെടുത്തു വരികയായിരുന്നു. കയറി വരുന്ന മുറിയിൽ ഇരിക്കാതെ അയാൾ കിടപ്പുമുറിയിൽ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞു മുറി തുറന്നുവന്ന് അടുക്കളയിൽ പോയി ഒരു പാക്കറ്റ് റൊട്ടിയും കുറച്ചു പഞ്ചസാരയും പിന്നെ രണ്ടു കുപ്പി വെള്ളവുമെടുത്തു തിരിച്ചും കിടപ്പുമുറിയിൽ കയറി വാതിലടച്ചു. അയാൾ പവിക്ക് വേണ്ടി കാത്തിരുന്നു. മൂന്നാലു മാസമായി മനസ്സിൽ കൊണ്ട് നടന്ന കാത്തിരിപ്പ്. റഫീക്കിനോട് എല്ലാ പ്ലാനും മുന്നേ പറഞ്ഞിരുന്നു. അവൻ ആദ്യം തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ തന്റെ നിശ്ചയദാർഢ്യത്തിനുമുൻപിൽ റഫീക്കിനു മനസ്സില്ലാമനസ്സോടെ ഇതിനു സമ്മതിച്ചു പിന്നെ എല്ലാകാര്യത്തിനും തന്റെ കൂടെ നിൽക്കേണ്ടി വന്നു. റഫീക്കു കൂടെ നിന്നത് കൊണ്ടാണ് ഇവിടെവരെ എത്തിയത്. അപ്പോളാണ് അയാൾക്ക് ഒരു കാര്യം ഓർമ്മ വന്നത്. ഇന്ന് തന്റെ നാട്ടിലെ അടുത്തുള്ള അമ്പലത്തിലെ ദേവിയുടെ പുറപ്പാടാണ്. വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ്.
വാതിൽ തട്ടുന്ന ശബ്ദം കേട്ടാണ് അയാൾ കണ്ണു തുറന്നത്. അയാൾ കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്നും മുന്നേ അടിച്ചിരുന്നു. അയാൾ താഴെ ഇരുന്നു ക്ഷീണംകൊണ്ടു ഉറങ്ങിപോയിരുന്നു. പെട്ടന്നു തന്നെ ഒരു കയ്യിൽ കത്തിയുമെടുത്തു അതു പുറകെ പിടിച്ചു വാതിൽ തുറക്കാൻ അയാൾ എഴുന്നേറ്റു. ഒരു നിമിഷം കണ്ണടച്ച് മെല്ലേ ശ്വാസം അകത്തേയ്ക്കും പുറത്തേക്കുമെടുത്തു. ഏകാഗ്രതയോടെ അയാൾ പതുക്കെ വാതിൽ തുറന്നു. പവിയെ കണ്ടതും അയാൾ പവിയെ ആഞ്ഞു നെഞ്ചിൽ ചവിട്ടിയതും ഒരുമിച്ചായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ പവിത്രൻ പുറകോടെയ്ക്ക് മറിഞ്ഞു വീണു. അപ്പോൾ തന്നെ അയാൾ പവിത്രന്റെ മേലേക്ക് ചാടി വീണിരുന്നു.
“ ബാലാ, നീ? എന്നോട് ക്ഷമിക്കണം. പറ്റിപ്പോയി, ബാലാ. അവളാണ് എന്റെ പുറകെ വന്നത്. നിന്റെ കല്യാണത്തിന് മുൻപ് അവൾക്ക് വേറെ ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. അവൾ പണ്ടേ അങ്ങനെയായിരുന്നു. അവൾ പിഴയായിരുന്നെടാ. ഞാൻ പെട്ടതാണ്. അവൾ എന്നെ പെടുത്തിയതാണ്, ബാലാ.” അവനെ അതു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ബാലചന്ദ്രൻ അടുത്തുള്ള കസേരയെടുത്തു പവിത്രന്റെ തലയിൽ അടിച്ചു.
പവിത്രൻ, അടിയുടെ ശക്തിയിൽ തലയിൽ കൈ വെച്ചു അവിടെയിരുന്നു. തല കറങ്ങുന്നതുപോലെ, ഇരുട്ടു വരുന്നത് പോലെ പവിത്രനു തോന്നി. അപ്പോൾ അയാൾ കത്തിയുമായി എഴുന്നേറ്റു.
“എനിക്ക് ഇനി ജീവിക്കണ്ട. നിന്നെ കൊന്നാൽ നീ രക്ഷപെട്ടില്ലേ? അതെനിക്കു വേണ്ട, പവി. ഇതു സൗദിയാണ്. നീ ഈ മണ്ണിൽ നിന്നു ഒരാളെ കൊന്നാൽ ജീവിതകാലം ഇവിടുത്തെ ജയിലിലായിരിക്കും. പിന്നെ ഒരു മുസ്ലിം വിശ്വാസിയെ കൊന്നാൽ അതിനു ബലമേറുമെന്ന് ഞാൻ കരുതുന്നു. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയെ എനിക്ക് സംശയമാണ്. അതു കൊണ്ടാണ് നിന്റെ ശിക്ഷ ഇവിടെ മതിയെന്ന് ഞാൻ നിശ്ചയിച്ചത്. നീ ജയിലിൽ കിടക്കണം ജീവിതകാലം. നിന്നോട് ഞാൻ ഒന്നും ചോദിക്കുന്നില്ല, എനിക്ക് ഒന്നും കേൾക്കേണ്ട ആവശ്യവുമില്ല.” അയാൾ പവിത്രനെ നോക്കി പതുക്കെ പിറുപിറുത്തു. അയാൾ പവിത്രന്റെ അടുത്തേക്ക് ചെന്നു.
ബാലചന്ദ്രൻ കത്തിയെടുത്തു പവിയുടെ കയ്യിൽ പിടിപ്പിച്ചു, താഴേ കിടക്കുന്ന പവിയുടെ കയ്യിൽ കത്തി കുത്തനെ നിറുത്തി കൊണ്ട്, ആവുന്നത്ര ശക്തിയിൽ അതിന്റെ മേലേക്ക് വീണു. കത്തി അയാളുടെ നെഞ്ചിലേക്ക് കുത്തി കയറി. അയാൾ വേദനകൊണ്ട് പുളഞ്ഞു. അപ്പോഴും അയാൾ മനസ്സിൽ സംതൃപ്തിയോടെ, ലക്ഷ്യം നിർവഹിച്ച യോദ്ധാവിനെപോലെ ഉള്ളിൽ ചിരിക്കുകയായിരുന്നു.
പദപരിചയം
- ഫഹഹീൽ = കുവൈറ്റിന്റെ തെക്ക് ഭാഗത്തുള്ള പേർഷ്യൻ കടലിടുക്കിനോട് ചേർന്നു കിടക്കുന്ന ഒരു സ്ഥലം.
- പിക്കപ്പ് ട്രക്ക് = തുറന്ന മോട്ടോർട്രക്ക്
- ബോണറ്റ് = മോട്ടോർ കാറിന്റെ യന്ത്രമൂടി
- റേഡിയേറ്റർ = മോട്ടോർ കാറിന്റെ യന്ത്രങ്ങൾ തണുപ്പിക്കുന്ന ഒരു ഉപകരണം
- ഫിന്താസ് = കുവൈറ്റിന്റെ തെക്ക് ഭാഗത്തുള്ള പേർഷ്യൻ കടലിടുക്കിനോട് ചേർന്നു കിടക്കുന്ന ഒരു സ്ഥലം
- മന്താക = അധികാരാതിർത്തി
- അൽ വഫ്ര = കുവൈറ്റിന്റെ തെക്ക് ഭാഗത്തുള്ള പേർഷ്യൻ കടലിടുക്കിനോട് ചേർന്നു കിടക്കുന്ന ഒരു സ്ഥലം
- കഫീൽ = സ്പോൺസർ / വിസയുടെ അധികാരമുള്ളവൻ
- എക്സ്പീരിയൻസ് = പ്രവർത്തി പരിചയം
- എമർജൻസി = അത്യാഹിതം
- ബിസ്മില്ലാഹ് = ദൈവ നാമത്തിൽ തുടങ്ങുന്നു എന്നർത്ഥം
- വുദു = പ്രാർത്ഥനയ്ക്ക് മുൻപുള്ള ഇസ്ലാമിക് രീതിയിലുള്ള ശുദ്ധീകരണം
- ഇശാര = വഴി
- സൂക്ക് = ഷോപ്പിംഗ് സെന്റർ
- മഹബൂള = കുവൈറ്റിന്റെ തെക്ക് ഭാഗത്തുള്ള പേർഷ്യൻ കടലിടുക്കിനോട് ചേർന്നു കിടക്കുന്ന ഒരു സ്ഥലം
- മസ്റി = ഇജിപ്ത് രാജ്യത്തിൽ നിന്നുള്ളവർ
- ഫലാഫിൽ = ബ്രെഡും അതിന്റെ കൂടെ പച്ചക്കറിയോ ഇറച്ചിയോ നിറച്ചുള്ള ഒരു വിഭവം
- ലിപ്റ്റൺ = ചായയുടെ ബ്രാൻഡ്, അറബി നാട്ടിൽ പ്രചാരമുള്ള ചായ
- ലൈറ്റ്ർ = സിഗരറ്റ് കത്തിക്കാൻ ഉപയോഗിക്കുന്നു
- ജന്നത്ത് = സ്വർഗ്ഗം
- സലാം അലൈക്കും = നിനക്ക് ശാന്തി കൈവരട്ടെ
- വലൈക്കും അസ്സലാം റഹ്മത്തുള്ള ബറകാത്ത = ദൈവം നിനക്ക് അനുഗ്രഹവും, ശാന്തിയും പിന്നെ സമാധാനവും തരട്ടെ
- മാഷാ അല്ലാഹ് = ദൈവം വിചാരിക്കുന്നതുപോലെ
- അല്ലാഹ് മാക് = ദൈവം നിങ്ങളെ രക്ഷിക്കട്ടെ
- ഹുക്ക = പുക വലിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം
- ബെദൂൻ = പൌരത്വം ഇല്ലാതെ വേറൊരു നാട്ടിൽ കഴിയുന്ന ആളുകൾ
- അബു = അച്ഛൻ
- ഇൻഷാ അല്ലാഹ് = ദൈവം വിചാരിച്ചിട്ടുണ്ടെങ്കിൽ
- അശ്വഗന്ധ = ഇന്ത്യയിലും ആഫ്രിക്കയിലും പിന്നെ ഗൾഫിലും പ്രചാരത്തിലുള്ള ഒരു ചെടി. അതിൽ നിന്നും മരുന്ന് ഉണ്ടാക്കുന്നു
- ബത്ത = ഒരു സ്ഥലത്തിന്റെ പേര്.
Name: Rajesh Thekkanmar Veedu
Pen name: Thekkanmar
Bio: തെക്കന്മാർ.
പൂർണ്ണനാമധേയം : രാജേഷ് തെക്കന്മാർ.
കണ്ണൂരിൽ ജനനം. ഭാര്യ സിന്ധു.
കാനഡയിലെ ടോരൊന്റോവിൽ സ്ഥിരതാമസം.
പ്രസിദ്ധീകരിച്ച കഥാസമാഹാരം : പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.
Leave a Reply