SamikshaMedia

സമസ്ത വഴങ്ങി; സ്‌കൂള്‍ സമയ മാറ്റം തുടരുമെന്ന് വി ശിവന്‍ കുട്ടി

സ്‌കൂള്‍ സമയ മാറ്റം തുടരുമെന്ന് വി ശിവന്‍ കുട്ടി
തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചു. ഭൂരിഭാഗം സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു.

തിരുവനനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചു. ഭൂരിഭാഗം സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു.

സമയമാറ്റത്തില്‍ ചില പ്രതിഷേധങ്ങളും പരാതികളും ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി യോഗം വിളിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. മഹാഭുരിപക്ഷം പേരും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ചിലര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ചു. അതിന്റെ പ്രയാസങ്ങള്‍ അവരെ അറിയിച്ചു.

എല്‍പി, യുപി , ഹൈസ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച ഉത്തരവ് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. അതിനനുസരിച്ചാണ് ക്രമീകരണം നടത്തിയതെന്നും മന്ത്രി അറിയിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തിന് 1100 ബോധന മണിക്കൂര്‍ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള 166 പ്രവൃത്തിദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനിട്ടും അധിക പ്രവൃത്തിസമയം ഉള്‍പ്പെടുത്തിയാണ് പീരീഡ് ക്രമീകരിച്ചിട്ടുള്ളത്. 220 പ്രവൃത്തി ദിനങ്ങള്‍ അല്ലെങ്കില്‍ 1100 മണിക്കൂര്‍ ബോധന സമയം എന്ന് ആക്കിയത് നിലവിലെ കെഇആര്‍ ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ്. ഗുജറാത്തില്‍ 243 പ്രവൃത്തി ദിനങ്ങളും ഉത്തര്‍ പ്രദേശ്- 231, കര്‍ണാടക – 244, ആന്ധ്രാ പ്രദേശ് -233, ഡല്‍ഹി-220 പ്രവൃത്തി ദിനങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു. .

സിഎംഎസ്, കെപി‌എസ്എംഎ, എയിഡഡ് സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍, മദ്രസാ ബോര്‍ഡ്, മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി, എല്‍എംഎസ്, എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍സ്, എസ്എന്‍ഡിപി യോഗം സ്‌കൂള്‍സ്, കേരള എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍, സമസ്ത ഇകെ വിഭാഗം, എപി വിഭാഗം, എന്‍എസ്എസ് എന്നീ സംഘടനകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. നിലവില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനവുമായി മുന്നോട്ടുപോകും. സമസ്തയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അടുത്ത അക്കാദമിക് വര്‍ഷം ആവശ്യമെങ്കില്‍ ചര്‍ച്ച തുടരുമെന്നും വി ശിവന്‍ കുട്ടി പറഞ്ഞു.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അക്കാദമിക് വര്‍ഷം 1100 മണിക്കൂര്‍ ക്ലാസുകള്‍ ലഭിക്കാന്‍ വേണ്ടി അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും വര്‍ധിപ്പിച്ചത്. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിര്‍ത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസമാകുമെന്നാണ് ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ വാദമുയര്‍ത്തിയത്.

എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്‌ക്കുമായി പ്രവര്‍ത്തന സമയം 15 മിനിട്ട് വീതമാണ് കൂട്ടിയത്.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

3 × three =