SamikshaMedia

കേരളത്തിൽ നിർണ്ണായക രാഷ്‌ടീയ നീക്കം: ട്വന്റി ട്വന്റി എൻ ഡി എ യിൽ

Share Now

കൊച്ചി: കേരളത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കുറിച്ച് ട്വന്റി 20 പാർട്ടി എൻ.ഡി.എയുടെ ഭാഗമായി. കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ നിർണായക നീക്കമാണിത്. നാളെ പ്രധാനമന്ത്രി നന്ദ്രേമോദി കേരളം സന്ദർശിക്കാനിരിക്കെയാണ് ബി.ജെ.പിയുടെ സർപ്രൈസ് നീക്കം. ഇതാദ്യമായാണ് ട്വന്റി 20 ഒരു മുന്നണിയുടെ ഭാഗമാകുന്നത്.

തിരുവനന്തപുരം മാരാർജി ഭവനിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബും തമ്മിൽ ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചിയിൽ വെച്ചായിരുന്നു നിർണായക കൂടിക്കാഴ്ച നടന്നത്.

ട്വന്റി 20 എൻ.ഡി.എയുടെ ഭാഗമാകാൻ ഈ കൂടിക്കാഴ്ചയിൽ ധാരണയിലെത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോർട്ടുകൾ വന്നു. എൻ.ഡി.എ പ്രവേശനം ജീവിതത്തിലെ നിർണായക തീരുമാനമാണെന്ന് സാബു ജേക്കബ് പ്രതികരിച്ചു.

കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതം വർധിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ നീക്കം. ട്വന്റി 20യുടെ സാന്നിധ്യം എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.

2015ലാണ് ട്വന്റി 20 രൂപീകരിച്ചത്. അക്കൊല്ലം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ മത്സരിച്ച് 19 ല്‍ 17 സീറ്റുകള്‍ നേടി അധികാരത്തില്‍ വരികയും ചെയ്തു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൂടി ട്വന്റി 20 സാന്നിധ്യം വ്യാപിപ്പിച്ചു. ഐക്കരനാട് പഞ്ചായത്തില്‍ 14 സീറ്റുകളും നേടി. കുന്നത്തുനാട് പഞ്ചായത്തില്‍ 18 സീറ്റുകളില്‍ 11 എണ്ണം നേടി. മഴുവണ്ണൂര്‍ പഞ്ചായത്തില്‍ 19 ല്‍ 14 സീറ്റുകളും ട്വന്റി 20 നേടി.

ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം നിലനിർത്താനായത്. ഐക്കരനാട് പഞ്ചായത്തിൽ 16 സീറ്റിൽ മുഴുവൻ സീറ്റിലും വിജയിച്ചു. ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിൽ വലിയ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വികസനം കൊണ്ടുവരുന്ന പാർട്ടിയാണ് ട്വന്റി ട്വന്റിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ട്വന്റി ട്വന്റി മുന്നണി പ്രവേശനത്തിനു പിന്നാലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതാദ്യമായാണ് രൂപീകരണത്തിന് ശേഷം ട്വന്റി 20 ഒരു പ്രധാന രാഷ്ട്രീയ മുന്നണിയുടെ ഭാഗമാകുന്നത്. കിഴക്കമ്പലം മോഡൽ വികസനം ഉയർത്തിപ്പിടിച്ച് തദ്ദേശ ഭരണത്തിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വോട്ട് വിഹിതം പിടിച്ചടക്കിയ ട്വന്റി 20-യുടെ എൻഡിഎ പ്രവേശം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ സ്വാധീനിക്കാനും വികസന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനും ഈ സഖ്യം വലിയ മുതൽക്കൂട്ടാകും.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

three + 5 =