SamikshaMedia

നോമ്പുകാല ചിന്തകൾ അദ്ധ്യായം 11- ദീർഘക്ഷമ by Joy Mathew

Share Now

നോമ്പുകാല ചിന്തകൾ അദ്ധ്യായം 11- ദീർഘക്ഷമ by Joy Mathew

നാം വ്യാഖ്യാനിച്ചെടുക്കുന്നതാണ് നമ്മുടെ ജീവിതം. പ്രത്യേകിച്ചും ദുരനുഭവങ്ങളുടെയും ദൗർഭാഗ്യങ്ങളുടെയും കാലത്ത്. അർത്ഥം വ്യാഖ്യാനിച്ചു തരുന്നവർ ചേർന്ന് നമ്മുടെ സമനില തെറ്റിക്കുന്നൊരു കാലമാണത്. സങ്കടങ്ങളുടെ മഹാനദിക്കരയിൽ മറുകര കടക്കാൻ വഴി കാണാതെ നിൽക്കുമ്പോൾ, ഇത് നിനക്കുള്ള ശിക്ഷയാണ് എന്നു പറഞ്ഞ് ഭാരം കൂട്ടുന്നവർ. ശാപവും ദോഷവുമെന്നു പറയുന്നവർ. നമുക്ക് ക്ഷോഭിക്കണമെന്നു തോന്നും. അലറിക്കരയണമെന്നു തോന്നും. നിരാശപ്പെട്ട് ജീവിതത്തിൽ നിന്ന് തന്നെ ഓടിപ്പോകണമെന്നു തോന്നും.

“വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്‌.”
(പ്രഭാഷകന്‍ 2 : 4)

ദൗർഭാഗ്യങ്ങളുടെ നടുക്കടലിൽ ഉലഞ്ഞു പോകാതെ നിന്ന ശാന്തതയുടെ പേരാണ് ക്രിസ്തു. കലങ്ങിയ പുഴ തെളിയാൻ അൽപ്പം കാത്തിരിപ്പു മാത്രമേ വേണ്ടു. അതിന് അൽപ്പം ക്ഷമയും. കാത്തിരിക്കാനുളള ക്ഷമ നഷ്ടപ്പെട്ട് മനസിനെ കൂടി കലക്കി കളഞ്ഞാൽ യാത്ര ദുഷ്കരമാകും. “അവിടുന്ന് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ” എന്ന ആത്മഗതത്തോടെയാണ് ക്രിസ്തു കയ്പ്പിന്റെ പാനപാത്രങ്ങളെ ചുണ്ടോടു ചേർക്കുന്നത്. ചിലപ്പോൾ ജീവിതത്തിന്റെ കുഴപ്പങ്ങൾക്ക് സിദ്ധൗഷധമാണ് ജീവിതം സമ്മാനിക്കുന്ന കയ്പ്പ്. അപ്പോഴല്ലെങ്കിൽ മറ്റൊരിക്കൽ അത് medicinal ആകാതിരിക്കില്ല. ശാപമെന്നും ശിക്ഷയെന്നുമൊക്കെ ചിന്തിച്ചും സ്വയം ഭാരപ്പെട്ടും, എന്തിനാണ് ഉലഞ്ഞു പോകുന്നത് ?

ദീർഘ ക്ഷമയോടെയുള്ള കാത്തിരിപ്പാണ് വിശ്വാസം. പടയാളികളുടെ ചാട്ടവാറടി കൊണ്ട് തിണർത്ത് ചോരച്ചാലുകൾ വീണ ശരീരം. കുന്തം കൊണ്ടു കുത്തി മുറിവേൽപ്പിക്കപ്പെട്ട മാറിടം. ചോര വാർന്നു വീണ് കാഴ്ച മറയുവോളം നന്നായി തലയിലാഴ്ത്തപ്പെട്ട മുൾമുടി. കുരിശു കൊണ്ട് വീണ് പൊട്ടിയ കൈകാലുകൾ. പച്ചമാംസത്തിൽ തുളഞ്ഞു കയറിയ പച്ചിരുമ്പിന്റെ ആണിത്തുളകൾ. നെഞ്ചു പൊട്ടുന്ന വേദനയോടെ, പുരുഷാരത്തിന്റെ മുമ്പിൽ വിവസ്ത്രനാക്കപ്പെട്ട് മരണത്തിലേക്ക് കടന്നു പോയ ചെറുപ്പക്കാരൻ.

കല്ലറയ്ക്കുളളിൽ ആ ജഡം കാത്തിരിക്കുകയാണ്. മരിച്ചു കഴിഞ്ഞിട്ടും അസ്തമിക്കാത്ത ദീർഘക്ഷമ. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവപിതാവിനായി ശാന്തതയോടെയുള്ള കാത്തിരിപ്പ്. ദൈവപിതാവിന് ഇനി മറ്റ് മാർഗങ്ങളൊന്നുമില്ല. ആ വലിയ കല്ലുരുട്ടി മാറ്റി പുതുജീവൻ ഊതിക്കാച്ചി അവനെ വീണ്ടെടുത്തു കൊണ്ടു പോവുകയല്ലാതെ.

സങ്കട തീരത്ത് കാത്തിരുന്നു മടുത്തോ? മരിച്ചാലും ഒന്നും നേരെയാവില്ല എന്നു തോന്നുന്നുണ്ടോ? വിഷമിക്കല്ലേ. കല്ലറകൾ കൂടി തകർത്ത് വാക്കുപാലിക്കാൻ കഴിയുന്ന പിതാവിലല്ലേ നാം ശരണം വച്ചിരിക്കുന്നത് ? കൈവിടുകയില്ല.

ഹൃദയത്തിനു മുകളിൽ നിന്നും ഭാരം നിറഞ്ഞ കല്ല് മാറ്റപ്പെടുക തന്നെ ചെയ്യും.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

7 − 6 =