SamikshaMedia

ഈസ്റ്റർ: പ്രകാശത്തിന്റ വിജയദിവസം-ജോയ് മാത്യു പ്ലാത്തറ

Share Now

ഈസ്റ്റർ: പ്രകാശത്തിന്റ വിജയദിവസം

വിളക്കു കൊളുത്തി വയ്ക്കേണ്ടത് പറയുടെ കീഴിലല്ല എന്നു പറഞ്ഞ അതേ വിളക്കിനെ ഒരു കല്ലറയ്ക്കുള്ളിലെ ഇരുട്ടിൽ അടയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു എന്നു തെളിയുന്ന ദിനമാണ് ഈസ്റ്റർ. ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു എന്നരുളിച്ചെയ്ത വെളിച്ചത്തെ ഇരുട്ടറയിലടയ്ക്കാനാവില്ല തന്നെ. ക്രിസ്തുവെന്നത് ജീർണിച്ചു നശിക്കുന്ന ഒരു ശരീരത്തിന്റെ പേരല്ല.

അന്‌ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേല്‍ പ്രകാശം ഉദിച്ചു എന്ന ഏശയ്യാ 9 : 2 ലെ വാചകമാണ് യേശുവിന്റെ പരസ്യ ജീവിതം അനൗൺസ് ചെയ്തു കൊണ്ട്
മത്തായി സുവിശേഷകൻ പറഞ്ഞു വയ്ക്കുന്നത്. മൂന്നു വർഷത്തെ പരസ്യ ജീവിതത്തിനിടയിൽ പുരമുകളിൽ നിന്നു വിളിച്ചു പറയാൻ കൊള്ളാത്ത ഇരുട്ടിന്റെ രഹസ്യങ്ങൾ ഒന്നു പോലും ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ഇരുട്ടിന്റെ ശക്തികൾ എത്ര കണ്ട് ശ്രമിച്ചാലും ഒരു നിഴലു പോലും വീഴ്ത്താൻ കഴിയാത്ത ജീവിതം!

അവനെ കണ്ടുമുട്ടിയവർക്ക് പ്രകാശം ലഭിച്ചു. കേട്ടവർക്ക് പ്രകാശം ലഭിച്ചു. തൊട്ടു നിന്നവർക്ക് പ്രകാശം ലഭിച്ചു. കൂടെ നടന്നവർക്കു പ്രകാശം ലഭിച്ചു. അവരിൽ നിന്നെല്ലാം മറ്റുള്ളവരിലേക്ക്… രണ്ടായിരം വർഷം കടന്നിട്ടും തുടർന്നുകൊണ്ടിരിക്കുന്ന പ്രകാശത്തിന്റെ നിലയ്ക്കാത്ത പ്രവാഹം. എത്ര ഹൃദയങ്ങളിലെ മുറിവുകൾക്ക് അത് ഔഷധമായി.! എത്ര കണ്ണീർ ചാലുകൾ ആ പ്രകാശ കിരണങ്ങളേറ്റ് ഉണങ്ങി.! എത്ര ജീവിതങ്ങളെ ദീപ്തമാക്കി.! നിരാശയിൽ നിന്ന എത്രയോ പേർക്ക് പ്രതീക്ഷ പകർന്നു.! അറിവില്ലാത്ത എത്രയോ പേർക്ക് ജ്ഞാനത്തിന്റെ വെളിച്ചമായി.!

മണൽപ്പരപ്പിൽ കാലു കൊണ്ട് തട്ടിത്തട്ടി എന്തോ മായ്ച്ച് നടന്നു പോകുകയാണ് ഒരു കുട്ടി. കൗതുകത്തോടൊരാൾ കുട്ടിയോടു ചോദിച്ചു,

” നീ എന്താണീ മായ്ക്കാൻ ശ്രമിക്കുന്നത് ?”

“കണ്ടില്ലേ എന്റെ മുമ്പിലേക്ക് നിഴലുകൾ നീണ്ടു കിടക്കുന്നത് ? അതിനെ മായ്ക്കുകയാണ്.” കുട്ടിയുടെ മറുപടി.

“മോനേ, വെളിച്ചം നിന്റെ പിന്നിലായതു കൊണ്ടാണ് നിഴൽ മുന്നോട്ടു കിടക്കുന്നത്. വെളിച്ചത്തെ മുമ്പേ നടക്കാൻ അനുവദിക്കുക. നിഴലുകൾ താനേ പിന്നിലായിക്കോളും” എന്നാണയാളുടെ മറുപടി.

ജീവിതത്തിലെ നിഴലുകൾ മായ്ക്കാൻ അതു മാത്രമാണ് വഴി. പ്രകാശമായവനെ മുമ്പേ നടക്കാൻ അനുവദിക്കുക. ആ പ്രകാശത്തിനു പിന്നാലെ നടക്കുക.

ഈസ്റ്റർ ആശംസകൾ…!

———————————————–
ജോയ് മാത്യു പ്ലാത്തറ

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

one × four =