ആൽബർട്ട: കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാഷ്ട്രമാകണമോ എന്ന വിഷയത്തിൽ ഹിതപരിശോധന ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണത്തിന് തുടക്കമാകുന്നു. ആൽബർട്ട പ്രോസ്പരിറ്റി പ്രോജക്റ്റ് എന്ന സംഘടനയ്ക്കാണ് ശനിയാഴ്ച മുതൽ ഒപ്പുശേഖരണം ആരംഭിക്കാൻ ഇലക്ഷൻസ് ആൽബർട്ട അനുമതി നൽകിയത്. പ്രവിശ്യയിലെ ചീഫ് ഇലക്ടറൽ ഓഫീസർ ഇതുസംബന്ധിച്ച പെറ്റീഷൻ സിഗ്നേച്ചർ ഷീറ്റുകൾ സംഘടനയ്ക്ക് കൈമാറി.

ഹിതപരിശോധന എന്ന ആവശ്യവുമായി മുന്നോട്ട് പോകാൻ മെയ് 2-നകം 1,77,732 ഒപ്പുകളാണ് സംഘടന ശേഖരിക്കേണ്ടത്. 2023-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ ആകെ വോട്ടുകളുടെ പത്ത് ശതമാനമാണിത്. ഒപ്പുശേഖരണത്തിന് മുന്നോടിയായുള്ള വോളന്റിയർമാരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ജനുവരി 5 നും 10 നും ഇടയിൽ കാമ്പയിൻ ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം.
വീടുതോറുമുള്ള പ്രചാരണം, ടൗൺ ഹാൾ മീറ്റിംഗുകൾ, പൊതുപരിപാടികൾ എന്നിവയിലൂടെ പിന്തുണ ഉറപ്പാക്കാനാണ് ആൽബർട്ട പ്രോസ്പരിറ്റി പ്രോജക്റ്റ് ലക്ഷ്യമിടുന്നത്. “ആൽബർട്ട പ്രവിശ്യ കാനഡയുടെ ഭാഗമായി തുടരുന്നത് അവസാനിപ്പിച്ച് ഒരു സ്വതന്ത്ര രാഷ്ട്രമാകണമെന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?” എന്നതാണ് ഹിതപരിശോധനയ്ക്കായി സംഘടന മുന്നോട്ടുവെക്കുന്ന ചോദ്യം.

നേരത്തെ “പരമാധികാര രാജ്യം” (Sovereign country) എന്ന പദം ഉപയോഗിച്ച് നൽകിയ അപേക്ഷ ഭരണഘടനാപരമായ തടസ്സങ്ങളെത്തുടർന്ന് കോടതിയുടെ പരിഗണനയിലായിരുന്നു. എന്നാൽ ഡിസംബർ ആദ്യവാരം യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സർക്കാർ സിറ്റിസൺസ് ഇനിഷ്യേറ്റീവ് ആക്ടിൽ ഭേദഗതി വരുത്തിയതോടെ കോടതി നടപടികൾ അപ്രസക്തമായി. ഇതേത്തുടർന്ന് ചോദ്യത്തിൽ മാറ്റം വരുത്തി സംഘടന വീണ്ടും അപേക്ഷ നൽകുകയായിരുന്നു.

പുതുക്കിയ അപേക്ഷയ്ക്ക് ഡിസംബർ 23-ന് ഇലക്ഷൻസ് ആൽബർട്ട അംഗീകാരം നൽകി. സാമ്പത്തിക കാര്യങ്ങൾക്കായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക നടപടികൾ പൂർത്തിയാകുന്നതോടെ കാമ്പയിൻ പൂർണ്ണതോതിൽ ആരംഭിക്കും. ആൽബർട്ട പ്രോസ്പരിറ്റി പ്രോജക്റ്റ് മേധാവി മിച്ച് സിൽവെസ്റ്ററാണ് പുതിയ അപേക്ഷ സമർപ്പിച്ചത്.
![]()




Leave a Reply