റഷ്യൻ സാഹിത്യകാരൻ ഫിയോദർ ദസ്തയ്വ്സ്കിയുടെ അവസാനത്തെ നോവലാണ് കരമസോവ് സഹോദരന്മാർ. 1880 നവംബർ മാസത്തിലാണ് ഈ കൃതി പൂർത്തിയായി വെളിച്ചം കണ്ടത്. മതം, സ്വതന്ത്രേച്ഛ, സാന്മാർഗ്ഗികത എന്നിവയുടെ ധാർമ്മികസമസ്യകൾ ചർച്ചചെയ്യപ്പെടുന്ന ഒരു ദാർശനിക രചനയാണ് ഈ നോവൽ.
ആധുനികവൽക്കരിയ്ക്കപ്പെട്ടുകൊണ്ടിരുന്ന റഷ്യ പശ്ചാത്തലമായി, വിശ്വാസം, സന്ദേഹം, യുക്തി എന്നിവയെല്ലാം ഈ നോവലിൽ ചർച്ച ചെയ്യപ്പെടുന്നു. 2007 – ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഈ നോവലിനെ പ്രത്യാശയാൽ നാം രക്ഷിയ്ക്കപ്പെട്ടു എന്ന ചാക്രികലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്.

വെറിയനും ക്രൂരനും ലുബ്ധനും കോമാളിയുമായ ഫിയോദർ കരമസോവിന്റെ കൊലപാതകത്തിന്റെ ദുരൂഹത പശ്ചാത്തലമാക്കി അയാളും വ്യത്യസ്ത സ്വഭാവക്കാരായ നാല് ആണ്മക്കളും ചേർന്ന ശിഥിലകുടുംബത്തിന്റെ കഥ പറയുകയാണ് നോവലിസ്റ്റ്.

ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ ഈ ശിഥിലകുടുംബത്തിന്റെ കഥയിൽ നോവലിസ്റ്റ് ക്രിസ്തീയമായ രക്ഷയുടെ സാധ്യതകൾ അന്വേഷിയ്ക്കുന്നുണ്ട്. നോവലിലെ കഥാപാത്രമായ ഗുരു സോസിമാപാതിരി സവിശേഷമായൊരു ക്രിസ്തീയ വീക്ഷണത്തിന്റെ വക്താവായി പ്രത്യക്ഷപ്പെടുന്നു. ദുർന്നടപ്പും ദുർവ്യയവുമായി നടക്കുന്ന ദിമിത്രി, ദൈവത്തിലും ആത്മാവിന്റെ അമർത്യതയിലും വിശ്വാസമില്ലാത്ത ഇവാൻ, സാത്വികനും ദൈവഭക്തനുമായ അലോഷ്യ, ആത്മീയ ഗുരുവും വയോവൃദ്ധനുമായ സോസിമാപാതിരി, ഫിയോദറിന്റെ പാചകക്കാരനും വാല്യക്കാരിയിൽ ജനിച്ച മറ്റൊരു മകനുമായ സ്മെർദ്യാക്കോവ് എന്നിവരാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
ക്രിസ്തീയമായ രക്ഷയുടെ സാധ്യതകൾ അന്വേഷിയ്ക്കുന്നുണ്ട് എങ്കിലും നോവലിസ്റ്റ് ഉന്നയിയ്ക്കുന്ന ബൗദ്ധിക സന്ദേഹങ്ങളും അദ്ദേഹം സൃഷ്ടിയ്ക്കുന്ന കഥാപാത്രങ്ങളുടെ ആത്മീയ കലാപങ്ങളും ഈ അന്വേഷണത്തെപ്പോലെ തന്നെ വായനക്കാരെ ആകർഷിയ്ക്കുന്നു.
1870-ൽ റഷ്യയിൽ നടക്കുന്ന ഒരു കുടുംബകഥയാണിത് . ശിഥിലചിത്തനും സുഖലോലുപനും മദ്യപാനിയും സത്യസന്ധതയില്ലാത്ത ബിസിനസുകാരനുമായ ഫിയോദർ കരമസോവിന്റെ കുത്തഴിഞ്ഞ ജീവിതത്തിൽ മൂന്ന് നിയമാനുസൃത പുത്രന്മാരുടെ വ്യത്യസ്ത നിലപാടുകൾ നമുക്ക് കാണാം.
സൈന്യത്തിൽ ക്യാപ്റ്റനായ ദിമിത്രിയ്ക്ക് ജീവിതം ആർഭാടത്തിന്റേതാണ് . സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമാണ് ഇവാൻ. ക്രൈസ്തവ വൈദികനാണ് അലക്സി.
ധൂർത്തനായ ദിമിത്രി, മദ്യപിക്കുന്നതിനും പാർട്ടി നടത്തുന്നതിനും മരണപ്പെട്ട അമ്മയുടെ പാരമ്പര്യസ്വത്തിൽ നിന്നുള്ള പണം പിതാവ് ഫിയോദർ കരമസോവിൽ നിന്ന് പിടിച്ചെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു . അത് എപ്പോഴും ഒരു തർക്കത്തിലാണ് അവസാനിക്കുന്നത് . മദ്യത്തിനും സ്ത്രീകൾക്കുമായി പണം ചെലവഴിക്കാനാണ് അയാൾ ഇഷ്ടപ്പെടുന്നത് . ദിമിത്രിക്ക് ഇടയ്ക്കിടെ പണം നൽകുന്നതിനുമുമ്പ്, ഫിയോദർ കരമസോവ് പ്രോമിസറി നോട്ടിൽ ഒപ്പിടാൻ അവനെ നിർബന്ധിക്കുന്നുണ്ട് . അങ്ങനെ നിരവധി കടപ്പത്രങ്ങൾ മകനിൽ നിന്ന് പിതാവ് കരസ്ഥമാക്കിയിട്ടുണ്ട് .
സഹോദരൻ അലക്സി, പിതാവ് ഫിയോദർ കരമസോവിൽ നിന്ന് കൈക്കലാക്കുന്ന തുകയുടെ ഒരു ഭാഗം ദിമിത്രിക്ക് ഇടയ്ക്കിടെ നൽകുന്നു. ഒരു കലഹത്തിൽ മദ്യപിച്ച് ലക്കുകെട്ട ദിമിത്രി ഒരു മദ്യശാല തകർക്കുന്നുമുണ്ട് .
സാമ്പത്തിക ഉത്തരവാദിത്തമില്ലായ്മയ്ക്ക് പുറമേ, ദിമിത്രിക്ക് ഒരു വിചിത്രമായ ധീരതയുമുണ്ട്. ഒരു സൈനിക ക്യാപ്റ്റന്റെ നിരാശയായ മകൾ കത്യ തന്റെ പിതാവിൽ നിന്ന് മോഷ്ടിച്ച അയ്യായിരം റൂബിൾ തിരികെ വയ്ക്കുവാൻ ദിമിത്രിയെ സമീപിച്ചു . പണത്തിനു പകരമായി അവൾ തന്റെ ശരീരം പങ്കുവയ്ക്കാൻ ദിമിത്രിയെ അനുവദിക്കുന്നു . വിലപേശലിനൊടുവിൽ ദിമിത്രി പരിഹാസപൂർവ്വം അവളോട് വിവാഹാഭ്യർത്ഥന നടത്തുന്നു. വിവാഹാഭ്യർത്ഥന കത്യ നിരസിക്കുമ്പോൾ ഒരു വിലപേശലിനും വഴങ്ങാതെ ദിമിത്രി അവൾക്ക് വെറുതെ പണം നൽകി അവളെ പറഞ്ഞയയ്ക്കുന്നു.
മദ്യശാലയിലെ കലഹത്തിന് ദിമിത്രി അറസ്റ്റിലായി . ഒരു സൈനിക ജയിലിലുമായി . കത്യ അയാളെ സന്ദർശിക്കുന്നു. കത്യ അവനോട് തന്റെ ആരാധന പ്രകടിപ്പിച്ചു . ജയിൽമോചനത്തിനായി വേണ്ടുന്ന സഹായവും വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ അവളുടെ മുത്തശ്ശി അവൾക്ക് വിവാഹത്തിന് ഉദാരമായ ഒരു സ്ത്രീധനം കരുതിയിട്ടുണ്ട് . അവൾ ഫിയോദർ കരമസോവുമായുള്ള ദിമിത്രിയുടെ കടങ്ങൾ തീർക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അത് ദിമിത്രി നിരസിക്കുന്നുവെങ്കിലും അവൾ ദിമിത്രിയെ ജയിലിൽ നിന്ന് ജാമ്യത്തിൽ വിടാൻ സഹായിക്കുന്നു.
ദിമിത്രിയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ കത്യ ഇവാനോട് ചോദിക്കുമ്പോൾ, ഇവാൻ അവളിലേക്ക് ആകർഷിക്കപ്പെടുന്നു. ദിമിത്രി മാസങ്ങളോളം നഗരം വിട്ടു പോകുന്നു. ദിമിത്രിയുടെ അഭാവത്തിൽ, ഇവാൻ ദിവസവും കത്യയെ സന്ദർശിക്കുന്നു.
അതേസമയം പിതാവ് ഫിയോദർ കരമസോവ് യുവസുന്ദരിയും കൗശലക്കാരിയുമായ മദ്യശാല ഉടമ ഗ്രുഷെങ്കയെ ആഗ്രഹിക്കുന്നു .
ദിമിത്രിയുടെ അനന്തരാവകാശം ഇല്ലാതാക്കാൻ കത്യ വഴി ഫിയോദറും ഗ്രുഷെങ്കയും പദ്ധതിയിടുന്നു. ഗ്രുഷെങ്കയുടെ പ്രീതി നേടുന്നതിനായി, ഫിയോദർ അവൾക്ക് ദിമിത്രിയുടെ ബാധ്യതാപത്രം കൈവശമാക്കാൻ അനുവദിച്ചിട്ടുണ്ട് .
കത്യയുടെ പിതാവ് – മുൻ സൈനിക ക്യാപ്റ്റൻ , സ്നെഗിരിയോവ് എന്ന ജീവനക്കാരനെക്കൊണ്ട് ദിമിത്രിയുടെ എല്ലാ കടങ്ങളും വിലപേശി വാങ്ങി തിരിച്ചടവ് ആവശ്യപ്പെടുന്നു.
പണം നൽകാൻ കഴിയാതെ, കടക്കാരനായ ദിമിത്രി ജയിലിലേക്ക് പോകുമ്പോൾ ഫിയോദറിന് ദിമിത്രിയുടെ അവകാശം നിയമപരമായി നിലനിർത്താൻ കഴിയുന്നു. തെരുവിൽ സ്നെഗിരിയോവിനെ നേരിടുന്ന ദിമിത്രി, ഇളയ മകൻ ഇല്ലുഷയുടെ മുന്നിൽ വച്ചു അയാളെ അപമാനിക്കുന്നു.
ദിമിത്രിയുടെ കടങ്ങൾ വീട്ടാൻ കത്യ വീണ്ടും വാഗ്ദാനം ചെയ്യുന്നുവെങ്കിലും ദിമിത്രി വിസമ്മതിക്കുന്നു. മൂവായിരം റൂബിൾ അടങ്ങിയ ഒരു കത്ത് തന്റെ പിതാവിന് അയയ്ക്കാൻ അവൾ ദിമിത്രിയോട് ആവശ്യപ്പെടുന്നു.
ദിമിത്രി പണപ്രശ്‍നം പരിഹരിക്കാൻ ഗ്രുഷെങ്കയെ കാണുന്നു . അവിചാരിതമായി ഇരുവരും ഇഷ്ടത്തിലാവുന്നു . കത്യയെ വിവാഹം കഴിക്കേണ്ടെന്ന് അവൻ തീരുമാനിച്ചപ്പോൾ ഗ്രുഷെങ്ക അവന്റെ കടബാധ്യത പരിഹരിക്കാൻ ശ്രമിക്കുന്നു . വിവാഹനിശ്ചയം ഒഴിവാക്കാൻ കത്യയോട് സംസാരിക്കാൻ ദിമിത്രി അലക്സിയോട് ആവശ്യപ്പെടുന്നു.
ദിമിത്രിയും ഗ്രുഷെങ്കയും വികാരാധീനമായ പ്രണയത്തിലായി . എന്നാൽ ദിമിത്രിയുടെ ആസക്തി കൂടുതൽ വിനാശകരമാവുന്നു .
എഴുത്തുകാരനും ബുദ്ധിജീവിയുമായ ഇവാനെ നീചനായ സ്മെർദ്യാക്കോവ് വളരെയധികം അഭിനന്ദിക്കുന്നു. ദൈവം ഇല്ലെങ്കിൽ എല്ലാ പെരുമാറ്റങ്ങളും അനുവദനീയമാണെന്ന് സംഭാഷണത്തിൽ ഇരുവരും സമ്മതിക്കുന്നുണ്ട് .
തന്റെ പിതാവിനെ കാണുന്നുണ്ടെന്ന് സംശയിക്കുന്ന ഗ്രുഷെങ്കയെ ചൊല്ലി ദിമിത്രി രോഷാകുലനായി . പിതാവ് ഫിയോദർ പരിഹസിച്ചപ്പോൾ, ദിമിത്രി തന്റെ പിതാവിനെ ആക്രമിക്കുന്നു . ഗ്രുഷെങ്കയെ കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
ദിമിത്രിയുടെ നിർദ്ദേശപ്രകാരം അലക്സി കത്യയുടെ അടുത്തേക്ക് പോകുന്നു. അവിടെ ഗ്രുഷെങ്കയെ കത്യയുടെ കൂടെ അയാൾ കണ്ടുമുട്ടുന്നു . ഗ്രുഷെങ്ക, ദിമിത്രിയുടെ പെരുമാറ്റം മടുത്തുവെന്നും ഒരു പോളിഷ് ഉദ്യോഗസ്ഥന്റെ കൂടെ പോകാൻ ആഗ്രഹിക്കുന്നുവെന്നും അലക്സിയെ അവൾ അറിയിച്ചു . കത്യയെ ഉപേക്ഷിക്കാൻ ദിമിത്രിയെ പ്രേരിപ്പിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഗ്രുഷെങ്ക പോകുന്നു.
താൻ മോസ്കോയിലേക്ക് പോകുകയാണെന്ന് കത്യയെ അറിയിക്കാൻ ഇവാൻ എത്തുന്നു. തൻ്റെ കൂടെ താമസിക്കാൻ കത്യ അവനെ നിർബന്ധിക്കുന്നു . ദിമിത്രിയുമായി പ്രണയത്തിലായിരിക്കുമ്പോൾ, തന്നെ പ്രലോഭിപ്പിച്ചതിന് ഇവാൻ അവളെ പരിഹസിക്കുന്നു.
തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്വം തനിക്കു തന്നെയെന്ന് ദിമിത്രി മനസ്സിലാക്കുന്നു. സൈനിക സഹപ്രവർത്തകരിൽ നിന്ന് പണം കടം വാങ്ങി ദിമിത്രി സ്നെഗിരിയോവിന് കടം വീട്ടുന്നു .
പിതാവ് ഫിയോദറും മകൻ ദിമിത്രിയും തമ്മിൽ ഒരു ഏറ്റുമുട്ടലുണ്ടാകാമെന്നും ദിമിത്രി പിതാവിനെ കൊല്ലുമെന്നും നീചനായ സ്മെർദ്യാക്കോവ് ഇവാന് സൂചന നൽകുന്നുണ്ട് .
ഗ്രുഷെങ്കയെ കാണാതായതായി ദിമിത്രി അറിയുമ്പോൾ, അവൻ ഫിയോദറിന്റെ അടുത്തേക്ക് പോകുന്നു. തർക്കം മൂത്ത് ഫിയോദർ അവനെ ആക്രമിച്ചപ്പോഴും ദിമിത്രിക്ക് പിതാവിനെ തിരിച്ച് ആക്രമിക്കാൻ കഴിയുന്നില്ല .
ഇവാൻ മോസ്കോയിലേക്ക് പോയതിനുശേഷം, സ്മെർദ്യാക്കോവ് തന്റെ രഹസ്യ പദ്ധതി
നടപ്പിലാക്കാൻ ശ്രമിക്കുന്നു.
കത്യയിൽ നിന്ന് മൂവ്വായിരം റൂബിൾ ദിമിത്രി വാങ്ങിയ ദിവസം ഫിയോദർ എങ്ങനെയോ കൊല്ലപ്പെട്ടു. അതറിഞ്ഞപ്പോൾ ദിമിത്രി സ്തബ്ധനായി .
കുറ്റവിചാരണയിൽ, ദിമിത്രി തന്റെ ദുഷ്പ്രവൃത്തിയും കടബാധ്യതയും സമ്മതിക്കുന്നു. പക്ഷേ ഫിയോദറിനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്ന് വെളിപ്പെടുത്തുന്നു . കൊലപാതകം നടന്ന രാത്രിയിൽ ഫിയോദറിൽ നിന്ന് മൂവായിരം റൂബിൾ മോഷ്ടിക്കപ്പെട്ടുവെന്ന് പ്രോസിക്യൂട്ടർ വാദിക്കുമ്പോൾ ദിമിത്രി തന്നിൽ നിന്ന് അതേ തുക വാങ്ങിയിരുന്നുവെന്ന് കത്യ സാക്ഷ്യപ്പെടുത്തുന്നുണ്ട് .
ദിമിത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇവാൻ കത്യയോട് പറയുന്നു. ദിമിത്രിയെ റഷ്യയിൽ നിന്ന് രക്ഷപെടുത്താൻ അയാൾക്ക് പദ്ധതിയുണ്ട്.
വീട്ടിൽ, ഇവാൻ സ്മെർദ്യാക്കോവിനെ നേരിടുന്നു. ദിമിത്രിയെ കൊലപ്പെടുത്തി മൂവായിരം റൂബിൾ മോഷ്ടിച്ചതായി സ്മെർദ്യാക്കോവ് സമ്മതിക്കുന്നു. അത് ധരിപ്പിക്കാൻ ഇവാൻ പോലീസ് കേന്ദ്രത്തിലേക്ക് പോകുന്നു. അന്ന് വൈകുന്നേരം, അലക്സിയും ഗ്രുഷെങ്കയും സ്മെർദ്യാക്കോവ് തൂങ്ങിമരിച്ചതായി കണ്ടെത്തുന്നു.
വിചാരണയിൽ, സ്മെർദ്യാക്കോവിന്റെ കുറ്റസമ്മതവും ആരോപണങ്ങളും ഇവാൻ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ദിമിത്രി തന്നിൽ നിന്ന് അകലുമെന്ന് കരുതുന്ന കത്യ, പണം തിരികെ നൽകാമെന്നുളള ദിമിത്രിയുടെ സമ്മതപത്രം ഹാജരാക്കുന്നു. പക്ഷേ, പണത്തിന് വേണ്ടി പിതാവിനെ കൊന്നതാണെന്നും ദിമിത്രി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
അടുത്ത ദിവസം, തടവുകാരെ ജയിൽ ക്യാമ്പിലേക്ക് കൊണ്ടുപോകുന്ന ട്രെയിൻ കത്യ നിരീക്ഷിക്കുന്നു. പക്ഷെ അതിൽ ദിമിത്രിയെ കാണുന്നില്ല . ഇതിനകം ഇവാനും അലക്സിയും ചേർന്ന്
ദിമിത്രിയെയും ഗ്രുഷെങ്കയെയും റഷ്യയിൽ നിന്ന് രക്ഷപ്പെടുത്തിക്കഴിഞ്ഞിരുന്നു…
തത്വചിന്താപരമായ സാഹിത്യവിഭാഗത്തിൽ പെടുന്നതാണ് ഈ നോവൽ. സിഗ്മണ്ട് ഫ്രോയിഡ്, ആൽബർട്ട് ഐൻസ്റ്റീൻ, ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ എന്നിവർ ഉൾപ്പെടെയുള്ള ചിന്തകന്മാർ ഇതിനെ സാഹിത്യകലയിൽ എക്കാലത്തും ഉണ്ടായിട്ടുള്ള ഉദാത്ത സൃഷ്ടികളിൽ ഒന്നായി പുകഴ്ത്തിയിട്ടുണ്ട്.
നോവൽ പ്രസിദ്ധീകരിച്ച് നാല് മാസത്തിനകം നോവലിസ്റ്റ് ഇഹലോകവാസം വെടിഞ്ഞു. ചുരുക്കത്തിൽ ഗ്രന്ഥകർത്താവ് ഉന്നയിയ്ക്കുന്ന ധാർമ്മിക ദാർശനിക സമസ്യകളുടെ സംഗ്രഹമാണ് ഈ നോവൽ .
സുനിൽകുമാർ. ബി ( ഫിൽക്ക)
Leave a Reply