SamikshaMedia

കാനഡയിലെ പള്ളി ആക്രമണം: വ്യാപക പ്രതിഷേധം; കുറ്റക്കാർക്കെതിരെ സത്വര നടപടി ആവശ്യപ്പെട്ട് വിശ്വാസികളും ജനപ്രതിനിധികളും

Share Now

കാനഡയിലെ സ്‌കാർബറോ സെന്റ് തോമസ് സീറോ മലബാർ ഫൊറാന പള്ളിയിൽ വിശ്വാസത്തിനെതിരെ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചും കുറ്റക്കാർക്കെതിരെ കർശന നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഞായറാഴ്ച ദേവാലയങ്ങളിൽ പ്രതിഷേധയോഗങ്ങളും വിശ്വാസികൾ ഒപ്പിട്ട നിവേദനങ്ങളും തയ്യാറാക്കി ഗവണ്മെന്റിനു സമർപ്പിച്ചു.
സ്കാർബറോ സെന്റ് തോമസ് ദേവാലയത്തിൽ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് വിശുദ്ധ തോമാ ശ്ലീഹായുടെ ഫസ്റ്റ് ക്‌ളാസ് തിരുശേഷിപ്പും സക്രാരിയുടെ താക്കോലും വിലപ്പെട്ട രേഖകളും അക്രമികൾ കവർച്ച ചെയ്തത്. സ്‌കാർബറോയിലെ സെന്റ് തോമസ് സീറോ മലബാർ ചർച്ചിനെ ഒരു ഒരു തീർത്ഥാടനകേന്ദ്രമായി സഭ ഉയർത്തിയത് കഴിഞ്ഞമാസമായിരുന്നു. ഈ സംഭവം വിശ്വാസികളെയാകെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.
സ്‌കാർബറോ ദേവാലയത്തിൽ ഉണ്ടായ അക്രമസംഭവങ്ങൾക്കെതിരെ പ്രതികരിക്കാൻ ഞായറാഴ്ച കാനഡയിലെ എല്ലാ സീറോ മലബാർ ദേവാലയങ്ങളിലും പ്രത്യേക യോഗങ്ങൾ ചേരുകയും വിശ്വാസികളുടെ ഒപ്പുശേഖരണം നടത്തി ഗവണ്മെന്റിനു നിവേദനം സമർപ്പിക്കുകയും ചെയ്തു.
സ്കാർബറോയിൽ പള്ളി അധികാരികളും കനേഡിയൻ കേരളാ കാത്തലിക് കോൺഗ്രസ്സും ചേർന്നു നടത്തിയ വിപുലമായ പത്ര സമ്മേളനത്തിൽ പള്ളിയിൽ നടന്ന അക്രമത്തെ ശക്തിയായി അപലപിക്കുകയും വിശ്വാസം സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട തിരുശേഷിപ്പുകളും രേഖകളും വീണ്ടെടുക്കുന്നതിനും കവർച്ചക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

 

ഡോൺ വാലി നോർത്ത് എം പി പി ജോനാഥൻ സാവോയും പത്രസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു. വിശ്വാസികളുടെ ആശങ്കയിൽ പങ്കുചേർന്ന അദ്ദേഹം ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്നെക്കൊണ്ടാവുന്നവിധത്തിൽ ഈ പ്രശ്നത്തിൽ ഇടപെടുമെന്നും ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തുമെന്നും പള്ളിക്കു ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം കാണുമെന്നും വിശ്വാസത്തിനെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ തുടർന്നും ഉണ്ടാകാതിരിക്കുവാൻ വേണ്ട നടപടിക്രമങ്ങൾ ആവിഷ്കരിക്കുമെന്നും ഉറപ്പു നൽകി.

ചോദ്യങ്ങൾക്കു മറുപടി പറയവേ, മറ്റു പള്ളികളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുള്ളത് ഇത് ഒരു ഒറ്റപ്പെട്ട പ്രവണത അല്ല എന്നതിന്റെ തെളിവാണെന്നും മറ്റു സംസ്കാരങ്ങളും വിശ്വാസങ്ങളും സഹിഷ്ണുതയോടെ സമീപിക്കുന്ന കാര്യത്തിൽ വേണ്ടത്ര അവബോധം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഇത് വെളിവാക്കുന്നതെന്നും അഭിപ്രായപ്പെട്ടു. കനേഡിയൻ ഭരണഘടനാ ഉറപ്പുനൽകുന്ന വിശ്വാസ- ആചാര സ്വാതന്ത്ര്യങ്ങൾ ഹനിക്കാൻ ആർക്കും അധികാരമില്ലെന്നും അതിനാൽ അക്രമകാരികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ പൊലീസിന് എല്ലാ സഹകരണങ്ങളും പിന്തുണയും കൊടുക്കാൻ ബന്ധപ്പെട്ട മന്ത്രാലയവുമായി ഉടൻ ബന്ധപ്പെടുമെന്നും അദ്ദേഹം ഉറപ്പു നൽകി .

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

nineteen + 13 =