SamikshaMedia

ദു:ഖവെള്ളിയിൽ നിന്നും നല്ല വെള്ളിയിലേക്ക് -ജോയ് എം പ്ലാത്തറ

Share Now

ദു:ഖവെള്ളിയിൽ നിന്നും നല്ല വെള്ളിയിലേക്ക്

ഒന്നോർത്താൽ അത് നമ്മൾ തന്നെയാണ് !

ഇന്നലെ ഭക്ഷണം വിളമ്പിക്കൊടുത്തിട്ട് ഇന്ന് തള്ളിപ്പറയപ്പെട്ടവർ…
ഇന്നലെ കാൽകഴുകി ചുംബിച്ചതിനു പകരം ഇന്ന് ഒറ്റു ചുംബനം പകരം കിട്ടിയവർ…
ഇന്നലെ അവരുടെ ഭാരങ്ങൾ വഹിക്കുവാൻ കൂടെ നിന്നിട്ട് ഇന്ന് ഒറ്റയ്ക്ക് കുരിശു ചുമക്കുന്നവർ….

തെറ്റ് തങ്ങളുടേതല്ലാഞ്ഞിട്ടും ഒരു കുടുംബപ്രശ്നം തീരാൻ വേണ്ടി മാതാപിതാക്കൾക്കു മുമ്പിൽ മുട്ടുകുത്തി പാദം ചുംബിച്ച് മാപ്പു പറഞ്ഞ ദമ്പതികളെ അറിയാം. പ്രശ്നം, പക്ഷേ തീർന്നില്ല.

തങ്ങൾക്ക് അർഹതപ്പെട്ടതെന്ന് ബോധ്യമുണ്ടായിട്ടും, സ്വത്തിലെ വീതം മനസറിഞ്ഞു വിട്ടു കൊടുത്തവരുണ്ട്. അവർ പക്ഷേ, കൊടുത്തതിലും കൂടുതൽ വെറുപ്പിനും വിരോധത്തിനും ഇരകളായിട്ടുണ്ട്…

ഒരു ഗതിയുമില്ലാത്ത കാലത്ത് പണം കടം കൊടുത്തും ജാമ്യം നിന്നും സഹായിച്ചതു കൊണ്ടു മാത്രം പിന്നീട് ശത്രുക്കളായി പോയവരുണ്ട്…ഒന്നു ഫോൺ വിളിച്ചു തിരക്കാൻ പോലും സമയമില്ലാതെ തിരസ്കരിക്കപ്പെട്ടവർ… സൗഹൃദം കൊടുത്തതിനു പകരം കള്ളക്കഥകളാൽ ചതിക്കപ്പെട്ടവർ…

വിദേശത്ത് കൊണ്ടു പോയവർ… പഠിക്കാൻ സഹായിച്ചവർ… പണം കൊടുത്തവർ… ജോലി വാങ്ങിക്കൊടുത്തവർ… ബിസിനസിൽ പങ്കു ചേർത്തവർ… നല്ല അയൽക്കാരായിരുന്നവർ… ക്ലാസ് മുറികളിലെ പൊതിച്ചോറിൻ്റെ പങ്കുകാരായിരുന്നവർ… താലിച്ചരടിൻ്റെ പവിത്രതയിൽ വിശ്വസിച്ചിരുന്നവർ… കുടുംബത്തിൻ്റെയും കൂടെപ്പിറപ്പിൻ്റെയും ഉയർച്ചയ്ക്കു വേണ്ടി സ്വയം ബലിയായി തീർന്നവർ…

അവരിൽ പലരും പെസഹായിൽ നിന്നും ദുഃഖവെള്ളിയിലേക്ക് കൺതുറന്നവരാണ്. വിശ്വാസ വഞ്ചനയും ചതിയും, സ്നേഹരാഹിത്യവും കണ്ടു നടുങ്ങിപ്പോയവരാണ്.

ഈ കഥയിലെവിടെയോ ഞാനുണ്ട്. നിങ്ങളുമുണ്ട്. നമുക്കറിയാവുന്ന മറ്റാരൊക്കെയോ ഉണ്ട്. ഇന്നത്തെ പീഢാനുഭവ വായനയും വചന പ്രസംഗവും കേട്ട് നമ്മുടെ കണ്ണു നിറഞ്ഞത് കർത്താവിൻ്റെ പീഡകളെ ഓർത്താവില്ല. നാമോ നമുക്കു പ്രിയപ്പെട്ടവരോ നടന്നുകൊണ്ടിരിക്കുന്ന കുരിശിൻ്റെ വഴികളെ ഓർത്താണ്.

എന്നിട്ടും നമ്മിൽ നിന്ന് കർത്താവിൻ്റെ പ്രകാശം പ്രസരിക്കുന്നില്ല. പ്രശ്നം കിടക്കുന്നത് നമ്മുടെ തർജമയിലാണ് (translation) എന്നു തോന്നുന്നു. Good Friday എന്ന വാക്കിനെ നല്ല വെള്ളി എന്നു തർജമ ചെയ്യുന്നതിനു പകരം നാമതിനെ ദുഃഖവെള്ളിയെന്നു തർജമ ചെയ്തു കളഞ്ഞു.!

കുരിശിൻ്റെ വഴി നടന്നപ്പോ കർത്താവിന് ഇല്ലാതിരുന്ന ഒന്ന് നാമാ തർജമയിലൂടെ നമ്മുടെ കഥകളിലേക്ക് കൊണ്ടുവന്നു. കുരിശിൻ്റെ വഴിയിലെവിടെയും ധാർമ്മികരോഷം കൊണ്ട് ക്രിസ്തു അണപ്പല്ല് ഞെരിക്കുന്നില്ല. ശാപവാക്ക് എറിയുന്നില്ല. ഉള്ളുപൊട്ടിയ വിഷമം കൊണ്ട് കരയുന്നില്ല. അനുകമ്പയ്ക്കു വേണ്ടി ചുറ്റും പരതുന്നില്ല. പക്ഷേ, നമ്മുടെ കഥകളിൽ ഇതെല്ലാമുണ്ട്. കുറച്ച് സെൻ്റിമെൻ്റ്സ് ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല !

പ്ലീസ് എന്നെയൊന്നു കാണൂ. നൻമ നിറഞ്ഞ ഞാൻ, സഹായിയായ ഞാൻ, ജാമ്യം നിന്ന ഞാൻ, സ്വത്ത് കൊടുത്ത ഞാൻ, വീടിനു വേണ്ടി സഹിച്ച ഞാൻ, ഉപകാരിയായ ഞാൻ… ഞാൻ… ഞാൻ… എന്നിട്ടും ചതിക്കപ്പെട്ട ഞാൻ …. നിങ്ങളെൻ്റെ കഥ കേട്ട് എന്നോടുള്ള അനുകമ്പയാൽ നിറയൂ – ഇവിടെയാണ് നമ്മുടെ കഥ വെറും ദുഃഖവെള്ളി മാത്രമായി കാൽവരിയിലേക്കുള്ള വഴിയിൽ തന്നെ തന്നെയും പിന്നെയും ചുറ്റിത്തിരിഞ്ഞു നിൽക്കുന്നത്. മറ്റുള്ളവരുടെ അനുകമ്പയ്ക്കു വേണ്ടിയുള്ള ദാഹം, ഒരു മനോരോഗമാണ് എന്നു തന്നെയാണ് സൈക്കോളജി. കുരിശിൻ്റെ വഴിയിൽ തന്നെ കറങ്ങിത്തിരിഞ്ഞ് നടന്നാൽ കാൽവരിമുകളിലെത്തില്ല, ഈസ്റ്റർ വരില്ല. ഈ സെൻ്റിമെൻ്റൽ കുരിശിൻ്റെ ഭാരം അനുദിനം പെരുകിക്കൊണ്ടുമിരിക്കും.

ഇടവും വലവും നോക്കാതെ, അനുകമ്പയ്ക്കു വേണ്ടി കാത്തു നിൽക്കാതെ, വേദനകളെയും ചതിയെയും പറ്റി പതം പറഞ്ഞു നിൽക്കാതെ നേരെ കാൽവരി കയറുന്ന ക്രിസ്തു, പരിഹാസത്തിനും നഗ്നതയ്ക്കും നിസംഗമായി തന്നെത്തന്നെ വിട്ടു കൊടുക്കുന്ന ക്രിസ്തു, തലയ്ക്കു മുകളിൽ പരിഹാസഫലകം തറയ്ക്കപ്പെടുമ്പോഴും മൗനിയായ ക്രിസ്തു, കുന്തം കൊണ്ട് കുത്തി മുറിവേറ്റപ്പോഴും ഇവരോട് ചോദിക്കാതെ വിടല്ലേ എന്ന് ശപിക്കാത്ത ക്രിസ്തു – ആ ക്രിസ്തുവിനു മാത്രമാണ് പാതാളത്തോളം താഴാനും, ആകാശത്തോളമുയരാനും സ്വർഗരാജ്യം ഭൂമിയിലെത്തിക്കാനും കഴിയൂ.

സ്വർഗരാജ്യം അനുകമ്പാ രോഗികൾക്കുള്ളതല്ല, മൗനത്തിൻ്റെയും ക്ഷമിച്ചു കൊടുക്കലിൻ്റെയും മറന്നു കളയലിൻ്റെയും മൂന്ന് ആണികൾ കൊണ്ട് ക്രിസ്തുവിൻ്റെ കുരിശോട് സ്വയം ചേർത്തു നിർത്തിയവർക്കുള്ളതാണ്.

എപ്പോൾ മൗനം പാലിക്കണമെന്നും എന്തൊക്കെ പറയാതിരിക്കണമെന്നും, എന്തെല്ലാം മറന്നു കളയണമെന്നും, ക്ഷമിച്ചു കളയേണ്ടവയേതെന്നും കുരിശിൻ ചുവട്ടിലിരുന്ന് ധ്യാനിക്കാൻ ഇതിനെക്കാൾ നല്ല ദിവസമില്ല.

ദുഃഖവെള്ളിയിൽ നിന്ന് നല്ല വെള്ളിയിലേക്ക് ഇറങ്ങി നടക്കാം.

ദൈവകൃപ നേരുന്നു.
സ്നേഹപൂർവം
✍️ജോയ് എം പ്ലാത്തറ
📱9496443510

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

one × 4 =