2026 അന്താരാഷ്ട്ര വാർത്താ രചനാ മത്സര വിജയികളെ ഐ.എ.പി.സി-യും ജി.ഐ.സി-യും ആദരിച്ചു.
ഡാളസ്: പുതുതലമുറയിലെ മാധ്യമപ്രവർത്തകർക്ക് ആവേശം പകർന്ന്, ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബും (IAPC) ഗ്ലോബൽ ഇന്ത്യൻ കൗൺസിലും (GIC) സംയുക്തമായി സംഘടിപ്പിച്ച 2026 അന്താരാഷ്ട്ര വാർത്താ രചനാ മത്സരത്തിലെ വിജയികളെ വെർച്വൽ ചടങ്ങിലൂടെ ആദരിച്ചു.
ലോകമെമ്പാടുമുള്ള മുതിർന്ന മാധ്യമപ്രവർത്തകരും വളർന്നുവരുന്ന എഴുത്തുകാരും പങ്കെടുത്ത ഈ ചടങ്ങ്, സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ടുള്ള ‘കൺസ്ട്രക്റ്റീവ് ജേണലിസത്തിന്റെ’ (Constructive Journalism) മഹത്തായ ആഘോഷമായി മാറിയെന്നു പറയേണ്ടിയിരിക്കുന്നു.

സാങ്കേതികവിദ്യയേക്കാൾ മനുഷ്യസഹജമായ കഴിവുകൾക്ക് മുൻഗണന:
ഐ.എ.പി.സി വൈസ് പ്രസിഡന്റ് പട്രീഷ്യ ഉമാശങ്കർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള റിപ്പോർട്ടിംഗ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം ആഗോള കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) മറ്റ് ഓട്ടോമേറ്റഡ് ടൂളുകളുടെയും സഹായമില്ലാതെ, ഒരു പത്രപ്രവർത്തകന്റെ അന്വേഷണാത്മക ബുദ്ധിയും കൃത്യതയും പരിശോധിക്കുന്ന ‘ഓൺ-ദി-സ്പോട്ട്’ (On-the-spot) രീതിയിലുള്ള മത്സരത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ഐ.എ.പി.സി ജനറൽ സെക്രട്ടറി ഷാൻ ജസ്റ്റസ് വിശദീകരിച്ചു.
ഐ ഏ പി സി യുടെ ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ സഖറിയാ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടിൽ( ഡിട്രോയിറ്റ്), നോബിൾ അഗസ്റ്റിൻ( ആൽബെർട്ടാ, ക്യാനഡ), ബോർഡ് മെമ്പർ സി. ജി ഡാനിയേൽ (ഹൂസ്റ്റൺ) തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങിന് മികവേറി.
മാധ്യമരംഗത്തെ വെല്ലുവിളികളും സാങ്കേതിക തികവും:
പ്രശസ്ത മാധ്യമപ്രവർത്തകൻ എ.ജെ. ഫിലിപ്പ് തന്റെ മുഖ്യ പ്രഭാഷണത്തിൽ, മാധ്യമപ്രവർത്തനത്തിലെ സാങ്കേതിക മികവിനെക്കുറിച്ച് ക്ലാസെടുത്തു. ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ആദ്യം നൽകുന്ന ‘ഇൻവെർട്ടഡ് പിരമിഡ്’ (Inverted Pyramid) രീതി അവലംബിക്കാനും, കേവലം ലേഖനങ്ങൾ എഴുതുന്നതിന് പകരം മികച്ച ‘ന്യൂസ് സ്റ്റോറികൾ’ സൃഷ്ടിക്കാനും അദ്ദേഹം വിജയികളെ ഉപദേശിച്ചു.
തുടർന്ന് സംസാരിച്ച എസ്. രാധാകൃഷ്ണൻ,( അസ്സി. ഡയറക്ടർ MASCOM) ) അന്താരാഷ്ട്ര റിപ്പോർട്ടിംഗിലെ സങ്കീർണ്ണതകളെക്കുറിച്ച് വിശദീകരിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട മേഖലകളുടെ ശബ്ദമാകാൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്നും, സാംസ്കാരികവും രാഷ്ട്രീയവുമായ തടസ്സങ്ങൾ മറികടക്കാൻ മൾട്ടിമീഡിയ സ്റ്റോറിടെല്ലിംഗ് രീതികൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിജയികൾക്ക് അഭിനന്ദനങ്ങൾ:
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യ മൂന്ന് വിജയികളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിക്കുകയും സമ്മാനത്തുകകൾ കൈമാറുകയും ചെയ്‌തു: വിജയികളായ
1. ദ്യുതി സൂസൻ സക്കറിയ
2. നെബ അന്ന തോമസ്
3. സുബോദിപ് ചൗധരി, എന്നിവർ തുടർന്നു നടന്ന ചോദ്യോത്തര വേളയിൽ സിറ്റിസൺ ജേണലിസത്തിലെ ധാർമ്മികതയെക്കുറിച്ചും പത്രപ്രവർത്തന മേഖലയിൽ വേണ്ട പ്രായോഗിക പരിശീലനങ്ങളെക്കുറിച്ചു വിദഗ്ധരുമായി സംവദിച്ചു.
ഭാവിയിലേക്കുള്ള ചുവടുവെപ്പ്:
പ്രശസ്ത സന്നദ്ധ സംഘടനയായ ദീപാലയയുടെ സി.ഇ.ഒ അഡ്വ. ഡോ. കെ.സി. ജോർജ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. യുവതലമുറയിലെ മാധ്യമ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ ഐ.എ.പി.സി-യും ജി.ഐ.സി-യും കാണിക്കുന്ന പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. ജി.ഐ.സി പ്രസിഡന്റ് പി.സി. മാത്യു, ജനറൽ സെക്രട്ടറിസുധീർ നമ്പ്യാർ എന്നിവർ സംസാരിക്കവേ, പ്രവാസി മാധ്യമ സമൂഹത്തിന് ഇത്തരം കൂട്ടായ്മകൾ വലിയ കരുത്താണെന്ന് ഓർമ്മിപ്പിച്ചു. ജി ഐ സി വൈസ് പ്രസിഡന്റ് പ്രൊ. ജോയി പല്ലാട്ടുമഠം, ഗ്ലോബൽ പി ആർ ഓ സാന്റി മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
ആഗോളതലത്തിലുള്ള ഇന്ത്യൻ മാധ്യമ പ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമുള്ള മികച്ച വേദിയായി ഈ മത്സരം മാറിയെന്ന് സമാപന പ്രസംഗത്തിൽ ഐഎപിസി വൈസ് ചെയർമാൻ ഡോ. മാത്യു ജോയിസ് പ്രസ്താവിച്ചു.

![]()










Leave a Reply