പി. ഭാസ്‌കരനുണ്ണിയുടെ ‘പത്തൊൻപതാം നൂറ്റാണ്ടിലെ കേരള’ത്തിനു ശേഷം മലയാളിക്ക് വന്ന സാമൂഹികപരിണാമം സ്വന്തം അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തിലൂടെ രസകരമായി അവതരിപ്പിക്കുന്ന പുസ്തകമാണ് കെ. ആർ. പ്രമോദിന്റെ ‘മലയാളിയുടെ കൊമ്പ്’.
താളും തകരയും കഞ്ഞിയും കുടിച്ച് റ്റെമുണ്ടുമുടുത്ത് തോളിൽ കലപ്പയും വച്ചു നടന്ന മലയാളിയുടെ ഭാവുകത്വത്തിനുമേൽ മുളച്ച സ്വാർത്ഥ താൽപര്യത്തിന്റെ്‌റെയും കിടമത്സരത്തിന്റെയും ധൂർത്തിന്റെയും അധികാര പ്രമത്തതയുടെയും കൊമ്പിനെ കളിയാക്കിക്കൊണ്ടാണ് ഈ പുസ്തകം ആരംഭിക്കുന്നത്. സ്വന്തമെന്നു പറയാൻ ഭാഷയോ ഭക്ഷണമോ സംസ്‌കാരമോ, ഇല്ലാത്ത മലയാളി ഈ കൊമ്പും കുലുക്കി നടക്കുന്നതിൽ എന്തർത്ഥമാണുള്ളതെന്ന് പ്രമോദ് ചോദിക്കുന്നു.

‘പത്തുമുപ്പതു വർഷത്തോളം പത്രാധിപരായിരുന്ന ഒരാൾ സാധാരണക്കാർക്കുവേണ്ടി വായിക്കാൻ എഴുതിയ ആധികാരികമായ ചരിത്രവിശക ലനങ്ങളൊന്നുമില്ലാത്ത കുറിപ്പുകളാണിവ’ എന്ന് എഴുത്തുകാരൻ ആമുഖത്തിൽ ആദ്യമേതന്നെ ഒരാൾജാമ്യം എടുക്കുന്നുണ്ട്. പക്ഷേ, ചരിത്രപരമായ ആഴം അത്രയൊന്നും അവകാശപ്പെടാൻ പറ്റില്ലെങ്കിലും ഇന്ന് മലയാളിയെ ഉറപ്പിച്ചുനിർത്തുന്ന ഭൂതകാലത്തിന്റെ അടിക്കല്ലുകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളാണ് ഇതിലെ ഒട്ടുമിക്ക ലേഖനങ്ങളും.

വാഗമണ്ണിന്റെ താഴ്‌വരയിലെവിടെയോ കിടക്കുന്ന മാവടിയിൽനിന്നും വർഷംതോറും ലേഖകന്റെ മുത്തച്ഛനോടെപ്പം ഓണമുണ്ണാൻ രണ്ട് ദിവസം കാൽനടയായി തറവാട്ടിലെത്തുന്ന തൊമ്മൻ മാപ്പിളയിലൂടെ ലേഖകൻ പറയുന്നത് രണ്ട് മനുഷ്യർ തമ്മിൽ മനസ്സിൽ പൊലിപ്പിച്ചെടുക്കേണ്ട പാരസ്പര്യത്തിന്റെ വിളനിലങ്ങളെപ്പറ്റിയാണ്.
‘ഊണു കഴിഞ്ഞാൽ ഇലയെടുത്ത് വീശിക്കാണിക്കണം’ എന്നൊരു ചൊല്ലോ രീതിയോ അക്കാലത്തുണ്ടായിരുന്നു. ഭക്ഷണത്തെ അത്രമേൽ ബഹുമാനിച്ചിരുന്ന മലയാളി ഇന്ന് ആഘോഷങ്ങളിൽ ആഹാരത്തെ ധൂർത്തടിച്ചു കൊണ്ട് അവന്റെ ആഢ്യത്തെ വിളംബരം ചെയ്യാനുള്ള ഉപാധിയാക്കി മാറ്റുന്നു.
വിശ്രുത സംസ്‌കൃതപണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ കെ.പി. നാരായണ പിഷാരടിയും മൂകാംബികാ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഗോവിന്ദൻനായരും തമ്മിലുള്ള കൂടിക്കാഴ്ചയും, ഗാന്ധിയൻ കേശവൻ നായർ ഉടുതുണിക്ക് മറുതുണിയില്ലാതെ വീട്ടിൽ കേറിവന്നപ്പോൾ അയാൾക്ക് ഏഴു മുണ്ടുകൾ പൊതിഞ്ഞ് പെട്ടിയിലാക്കി ട്രെയിൻ കയറ്റിവിട്ട അജ്ഞാത സുഹൃത്തിന്റെ ഹൃദയവിശാലതയുമൊക്കെ ഇതിനനുബന്ധമായി വായിച്ചെ ടുക്കാവുന്നതാണ്. കൂടാതെ തകഴിയും ബഷീറും മുതൽ നിരവധി എഴുത്തുകാരും അവരുടെ തിക്തമായ ജീവിതാവസ്ഥകളും ബാല്യകാലാനുഭവങ്ങളും സ്വഭാവസവിശേഷതകളുമൊക്കെ ചിരിയും കണ്ണീരുമായി അനുവാചകനിലേക്കെത്തുന്നുണ്ട്.
ദാരിദ്ര്യം മാറ്റാൻ ചായക്കച്ചോടം തുടങ്ങിയ കഥകളി ആചാര്യനും ചാക്യാർകൂത്തിന് പ്രതിഫലമായി ഒരുകെട്ട് പപ്പടം സ്വീകരിക്കേണ്ടിവന്ന അഭിനയചക്രവർത്തി മാണിമാധവ ചാക്യാരുമൊക്കെ കലയുടെ കളരിയിൽ സ്വന്തം ജീവിതം ആടിത്തീർത്തവരാണ്.
മലയാളത്തിൽ ഇറങ്ങിയ നിരവധി സിനിമകളെ മുൻനിർത്തിക്കൊണ്ട് കേരളത്തിന്റെ സാമൂഹികവിപര്യയങ്ങളെ വിശകലനംചെയ്യുന്ന രസകരമായ ലേഖനങ്ങൾ ഈ സമാഹാരത്തെ മികച്ച വായനാനുഭവമാക്കിത്തീർക്കുന്നു.
അതിലൊന്നാണ് ‘മറുനാട്ടിൽ ഒരു മലയാളി’ എന്ന ചിത്രം. ലക്ഷ്മി വിലാസ് ഹോട്ടലിലെ ശേഷാദ്രി അയ്യരും അവിടെ ജോലി തേടി വന്ന വില്വാദ്രി അയ്യരും പത്രോസും ആലപ്പുഴക്കാരൻ മാത്യുവുമായി മാറുന്ന സിനിമയുടെ ക്ലൈമാക്‌സ് മനുഷ്യൻറെ ആത്യന്തികമായ പ്രശ്നം ജാതിയോ മതമോ അല്ലെന്നും വിശപ്പാണെന്നും വ്യക്തമാക്കുന്നു.
കേരളം ഒരു മണിയോർഡർ സൊസൈറ്റിയാണെന്ന് ഒരിക്കൽ എം.എൻ. വിജയൻ പറഞ്ഞിട്ടുണ്ട്. അന്നും ഇന്നും എന്നും പലായനം ഇഷ്ടപ്പെട്ടിരുന്നവരാണ് മലയാളികൾ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കംതന്നെ ലോകമഹായുദ്ധത്തിലൂടെയായിരുന്നല്ലോ. തുടർന്നു വന്ന രണ്ടാം ലോകയുദ്ധവും അതുണ്ടാക്കിയ സാമ്പത്തികമായ തകർച്ചയും പട്ടിണിയും മാറാരോഗങ്ങളുമൊക്കെ സ്വദേശം വിടാനുള്ള കാരണങ്ങളായിരിക്കാം.
‘ആസ്സാം പണിക്കാരി’ൽ വൈലോപ്പിള്ളി സ്വദേശത്തോട് മലയാളിക്കുണ്ടായിരുന്ന മനോഭാവം ‘അതിഥികൾക്കെല്ലാം അമരദേശമിക്കിതവി ഞങ്ങൾക്കു നരകദേശവും’ എന്ന രണ്ടേ രണ്ടു വരികളിലൂടെ കൃത്യമായി അടയാള പ്പെടുത്തുന്നുണ്ട്. കേശവദേവും ഉറൂബും ബഷീറും പൊറ്റെക്കാട്ടും ചെറുകാടുമെല്ലാം അക്കാലത്ത് നാടുവിട്ടവരാണ്. അക്കൂട്ടത്തിൽ അനേകം സാധാരണക്കാരുമുണ്ടായിരുന്നു. ചിലർ അന്യദേശങ്ങളിൽ കിടന്ന് അനാഥരായി മരിച്ചു. ചിലർ എഴുത്തുകാരായി തിരിച്ചു വന്നു. കേരളം ഇന്നത്തെ കേരളമായി മാറിയതിനു പിന്നിൽ നാടുവിട്ടുപോയവരുടെ വിയർപ്പുണ്ട്.
ഒരുകാലത്ത് കേരളത്തിലെ സ്ത്രീകൾ അഭിമുഖീകരിച്ച തിക്തമായ ജീവിതാവസ്ഥകളെ പി. ഭാസ്‌കരൻ സംവിധാനംചെയ്ത ‘കള്ളിച്ചെല്ലമ്മ’ യിലൂടെ കെ.ആർ. പ്രമോദ് വിശകലനത്തിന് വിധേയമാക്കുന്നുണ്ട്.
മാറു മറയ്ക്കാനുള്ള മുലക്കരവും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന മൂക്കുത്തിസമരവും സ്മാർത്തവിചാരവും രവിവർമ്മച്ചിത്രങ്ങളിലെ സ്ത്രീപ്രാതിനിധ്യവുമൊക്കെ അവരുടെ സങ്കട മോചനങ്ങളുടെ നാൾവഴികളിൽ ചിലതുമാത്രം.
‘കാട്ടുതാൾ വേവിച്ച കാർത്ത്യായനിയമ്മമാർ’ പറയുന്നത് യുദ്ധങ്ങൾ കുടുംബാന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞ ദാരിദ്ര്യത്തിന്റെ വിസ്‌ഫോടനങ്ങളെ പറ്റിയാണ്. കേരളത്തിന്റെ പ്രാദേശികമായ ഭക്ഷണശ്രേണിയിൽ ചേമ്പിലയപ്പവും പുളിങ്കുരു അപ്പവുമൊക്കെ ഉണ്ടാക്കിയത് മനുഷ്യനല്ല, മഹാ യുദ്ധങ്ങളും മഹാമാരികളുമായിരുന്നു.
വറുതിയുടെ കാലത്തും മൃഷ്ടാന്നഭോജനത്തെപ്പറ്റി കഥകൾ ഉണ്ടായിരുന്നുവെന്ന് ലേഖകൻ പറയുന്നു. ഇല്ലാത്ത ഭക്ഷണം അന്ന് കഥകളിലൂടെ പാകംചെയ്ത് കഴിക്കുകയായിരുന്നു കേരളീയർ.
ഇന്ന് കേരളത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണല്ലോ കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ. കൂട്ടിയാലും കിഴിച്ചാലും പൂജ്യം മാത്രം കിട്ടുന്ന സർക്കാർ വകുപ്പ്. ദിവാൻ സർ സി.പി. തിരുവിതാംകൂർ രാജ്യത്ത് ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ടിന്റെ ഓപ്പറേറ്റിങ് സൂപ്രണ്ട് ഇ. ജി. സാൾ ട്ടറിന്റെ സഹായത്തോടെയാണ് സർക്കാർവക ബസ് സർവീസ് ആരംഭിക്കുന്നത്. അന്നത്തെ അതിന്റെ കാര്യക്ഷമതയും അച്ചടക്കവും എന്തായിരുന്നുവെന്ന് ‘രാഹുകാലത്ത് തുടങ്ങിയ ആനവണ്ടി’ എന്ന ലേഖനത്തിൽ സവിസ്തരം പറയുന്നുണ്ട്.
ഇന്ന് കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിന്റെ ഗട്ടറിലിട്ട് കട്ടപ്പുറത്ത് കേറ്റിയതിനു പിന്നിൽ യൂണിയനുകളുടെ നെറികേടും ഗ്രൂപ്പുവഴക്കും ജീവനക്കാരുടെ നിരുത്തരവാദിത്വവുമാണെന്ന് ലേഖകൻ വ്യക്തമാക്കുന്നു. മലബാറിലെ നായയും തിരുവിതാംകൂറിലെ പട്ടിയും ‘ഏകം സ വിപ്രാ ബഹുധാവദന്തി’ എന്നു പറയുംപോലെ ഫലത്തിൽ എല്ലാമൊന്നാണെന്നും പ്രത്യേകിച്ച് രാഷ്ട്രീയത്തിലാണ് പട്ടികളുടെ കളിയും കുരയും കൂടുതൽ കാണാൻ പറ്റുന്നതെന്നും ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. പട്ടി ഒരു മൃഗമല്ല, മാർഗമാണ്.
രാഷ്ട്രീയത്തിലെ കെമിസ്ട്രി അറിയാമെങ്കിൽ ഏതു പട്ടി കുരച്ചാലും തൃക്കാക്കരയിലെ പടിപ്പുര മാത്രമല്ല സ്വർഗവാതിൽ വരെ തുറക്കും.
ഇതുപോലുള്ള ശക്തമായ രാഷ്ര്ടീയവിചാരണകൾ കൂടാതെ കേരളത്തിലെ പാരിസ്ഥിതികപ്രശ്നങ്ങളും വന്യജീവിസംരക്ഷണവും കാർഷിക പ്രതിസന്ധികളും ഗജകേസരി(ആന)മാരുടെ ദുര്യോഗങ്ങളും ഫുട്‌ബോൾ ഭ്രാന്തും എന്നുവേണ്ട ഒരുനൂറ്റാണ്ടിലേറെക്കാലം കേരളം അനുഭവിച്ചതും ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവവികാസങ്ങളും ഈ പുസ്തകത്തിന്റെ കൊമ്പത്തിരുന്ന് താഴേക്ക് നോക്കിയാൽ കാണാം.
മലയാളിയുടെ കൊമ്പ്
കെ.ആർ. പ്രമോദ്
വിതരണം: നാഷണൽ ബുക്ക് സ്റ്റാൾ
വില: 520 രൂപ
Leave a Reply