SamikshaMedia

നോമ്പുകാല ചിന്തകൾ  അദ്ധ്യായം 5 : മറുപടി By ജോയ് എം പ്ലാത്തറ

Share Now

നോമ്പുകാല ചിന്തകൾ  അദ്ധ്യായം 5 : മറുപടി By ജോയ് എം പ്ലാത്തറ

 

ആദിമപ്രപഞ്ചം ഇരുളും ആഴവും ശൂന്യതയും നിറഞ്ഞതായിരുന്നു. എങ്കിലും, ആ ഇരുട്ടിനും ആഴത്തിനും ശൂന്യതയ്ക്കും ഉള്ളിൽ സൃഷ്ടാവിൻ്റെ വിളിക്ക് കാത്ത് സൃഷ്ടികൾ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. ഒന്നു വിളിക്കുകയേ വേണ്ടിയിരുന്നുള്ളൂ മറ നീക്കി അവരൊക്കെ പുറത്തു വരാൻ. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പക്ഷി മൃഗാദികളും സസ്യ ജാലങ്ങളും വിളി കേട്ടു – മറുപടിയായി പ്രതൃക്ഷപ്പെട്ടു.

സൃഷ്ടാവ് വിളിക്കും. സൃഷ്ടി മറുപടി പറയണം.

കാനായിലെ കല്യാണ വിരുന്നിൽ യേശു വെള്ളം വീഞ്ഞാക്കിയതിനെപ്പറ്റി പ്രശസ്തമായ ഒരു വാചകമുണ്ട്. Lord Byron എഴുതിയത് എന്നും, ജലാലുദ്ദീൻ റൂമി എഴുതിയത് എന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്ന ആ വാചകം ഇതാണ് “Water met it’s master and blushed”. കൽഭരണികളിൽ ശിഷ്യൻമാർ കോരി നിറച്ച വെറും വെള്ളം, തൻ്റെ ഉടയോനെ കണ്ട മാത്രയിൽ ചുവന്നുതുടുത്തു പോയതാണ് എന്ന്.! അവൻ്റെ വിളിക്കുള്ള മറുപടി.

സകലത്തിൻ്റെയും നാഥനായവൻ വിളിക്കുന്നു. മരിച്ച ബാലിക എഴുന്നേൽക്കുന്നു. കല്ലറ തുറന്ന് ലാസർ ഇറങ്ങി വരുന്നു. തളർവാതരോഗി എഴുന്നേൽക്കുന്നു. ഒരു വിളിയൊച്ചയ്ക്കായി കാതോർത്തിരുന്നവർ മറുപടിയായി “മരണത്തിൻ്റെ നിഴൽ വീണ താഴ്‌വര” യിൽ നിന്ന് തിരികെ വരുന്നു.

നിസംഗമായ നമ്മുടെ മനസിൻ്റെ അടിത്തട്ട്, വികാരഭേദങ്ങൾ നഷ്ടമായ മനസ്സിൻ്റെ ആഴം, ശൂന്യത നിറഞ്ഞ ഹൃദയത്തിൻ്റെ അടിത്തട്ട് ദൈവത്തിൻ്റെ വിളിക്ക് കാതോർക്കുന്നുണ്ട്. മറുപടി നൽകുവാൻ ആഗ്രഹിക്കുന്നുണ്ട്. ആ മറുപടി നൽകുവാൻ ഹൃദയത്തെ ഒരുക്കേണ്ട കാലമാണ് നോമ്പുകാലം. പുറമേ നാം ആരായിരുന്നാലും, ഉള്ളിൽ അനുഭവിക്കുന്ന അശാന്തിക്കുള്ള മറുപടി ദൈവം മാത്രമാണ്. “ദൈവമേ, നീയെന്നെ നിനക്കായി സൃഷ്ടിച്ചു, നിന്നിൽ വിലയം പ്രാപിക്കുന്നതു വരെ ഞാൻ അസ്വസ്ഥനാണ്” എന്നാണല്ലോ സെൻ്റ്. അഗസ്റ്റിൻ പറയുന്നത്.

ദൈവസ്വരം കേൾക്കാൻ ദിവസത്തിലെ അൽപ്പസമയം നീക്കിവയ്ക്കാം. ഫോൺ മാറ്റി വച്ച്, മറ്റു ശബ്ദങ്ങളിൽ നിന്നൊഴിവായിക്കൊണ്ട്, എന്നെ സൃഷ്ടിച്ച ദൈവത്തിൻ്റെ വിളിക്ക് മറുപടി നൽകുവാൻ ശ്രമിക്കാം ഈ ദിനങ്ങളിൽ.

വഴി നഷ്ടമായി നിൽക്കുന്നതിലോ ബന്ധങ്ങൾ ഉലഞ്ഞു പോയതിലോ സംഭ്രമിക്കേണ്ട. എല്ലാത്തിൻ്റെയും നിയന്താവായവന് മാർഗങ്ങൾ അറിയാം. അവിടുന്നു നിന്നോട് സംസാരിക്കാൻ അറിയാം. ആ പാദങ്ങൾക്കരികെ ഇരിക്കാനും ശ്രദ്ധിക്കാനും സമയം മാറ്റി വയ്ക്കാൻ തയ്യാറുണ്ടോ?

“നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍ നിന്ന്‌, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക.”
(ഏശയ്യാ 30 : 21).

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

4 − 4 =