SamikshaMedia

നോമ്പുകാല ചിന്തകൾ അദ്ധ്യായം ആറ് : പണയപ്പെട്ട ഹൃദയം

Share Now

 

 

*”മനുഷ്യന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണ് “* (ഉൽപ്പത്തി 6:5) എന്ന് ദൈവം കണ്ടെത്തുന്ന ഒരു രംഗമുണ്ട് ഉൽപത്തി പുസ്തകത്തിൽ. അവന്റെ ഹൃദയത്തിലേക്ക് തന്നെ നോക്കിയിരിക്കുന്ന ഒരു ദൈവമുണ്ട്. ആ ദൈവമാണ് കായേന് മുന്നറിയിപ്പു നൽകുന്നത് പാപം വാതിൽക്കൽ തന്നെ പതിയിരിപ്പുണ്ട്, നീ അതിനെ കീഴ്പ്പെടുത്തണമെന്ന്. പൊതുജന കാഴ്ചയ്ക്കു വേണ്ടി ഉപവസിച്ച് വസ്ത്രം കീറുന്നവരോടും അതേ ദൈവമാണു പറയുന്നത്, നിങ്ങളുടെ ഹൃദയമാണ് കീറേണ്ടത്, വസ്ത്രമല്ല എന്ന്.

മറ്റാരുമറിയാത്ത സ്വകാര്യതകൾ, നെരിപ്പോടുകൾ, മുറിപ്പാടുകൾ, ചോരച്ചാലുകൾ, ദുഃഖങ്ങൾ, നിഗൂഢ മോഹങ്ങൾ, ആർത്തികൾ, ആസക്തികൾ, വികാരങ്ങൾ, പ്രണയങ്ങൾ, വെറുപ്പിന്റെ കത്തി മുനകൾ, വൈരാഗ്യത്തിന്റെ പുകഞ്ഞു നീറുന്ന കനലുകൾ, അസൂയകൾ, തിൻമ നിറഞ്ഞ പ്ലാനുകൾ, അഹങ്കാരം, മരണത്തോളം തീവ്രമായ നിരാശ, ആത്മനിന്ദ, സ്വയം വെറുപ്പ്, ഇവയെ എല്ലാം നോക്കിയിട്ടാവില്ലേ ദൈവം മുന്നറിയിപ്പു തരുന്നത് – അതു നിന്നിൽ താൽപ്പര്യം വച്ചിരിക്കുന്നു, നീ അതിനെ കീഴ്പ്പെടുത്തണമെന്ന് ..? ഒന്നു തുറന്ന് കിട്ടാൻ ഹൃദയ വാതിലിൽ പതിയിരിക്കുന്നവർ. നമ്മുടെ ഹൃദയം എത്ര വിലയേറിയതായത് കൊണ്ടാവും അതിനുമേൽ ഇത്ര വലിയ കയ്യേറ്റ ശ്രമങ്ങൾ നടക്കുന്നത്.! അതു നഷ്ടപ്പെടാതിരിക്കാൻ എന്തു പരിശ്രമം നടത്തി എന്ന ചോദ്യത്തിന് നാം തന്നെയാണ് ഉത്തരം പറയേണ്ടത്.

ഹൃദയം സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് പുറത്തു വരുന്ന ഒരു ദിനമുണ്ടാകും. ക്ലാസ് മുറിയിലും, പഠന മേശയ്ക്കരികിലും, കളിക്കളത്തിലും, തീൻ മേശയിലും, പ്രാർത്ഥനയിലും, പള്ളിയിലും, കൂട്ടായ്മയിലും, ബസ് യാത്രയിലും, കോൺഫറൻസുകളിലും, മീറ്റിംഗുകളിലും, ജോലി സ്ഥലത്തും, അടുക്കളയിലും, കുളിമുറിയിലും, കിടക്കയിലും ശരീരത്തെ ഉപക്ഷിച്ച് ഹൃദയം തനിയെ നടത്തിയ യാത്രകളുടെ വിവരണം പുറത്തു വരുമ്പോൾ ലജ്ജ കൂടാതെ നിൽക്കുവാനാകുമോ? ആരാണ് എന്റെ ഹൃദയത്തെ ഭരിച്ചിരുന്നത്? ആരാണ് എന്റെ ഹൃദയത്തിന്റെ ഉടമ.?

പണയം വച്ചയിടത്തു നിന്നും, വിറ്റുപോയ ഇടത്തു നിന്നും ആ വിലപ്പെട്ട ഹൃദയത്തെ തിരികെ എടുക്കണം. അതു നമ്മുടേതല്ല. ഒരു മുതല് അതിന്റെ യഥാർത്ഥ ഉടമസ്ഥനിൽ വന്നു ചേരുവോളം നെടുവീർപ്പിടുമെന്ന് കേട്ടിട്ടുണ്ട്. നിന്നിൽ വന്നു ചേരുവോളം ദൈവമേ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു എന്ന് സെന്റ്. അഗസ്റ്റിൻ പറയുന്നത് അതു കൊണ്ടാവണം.

ഹൃദയവിചാരങ്ങളെ ധ്യാനിക്കാം. അത് ചേക്കേറിയിരിക്കുന്ന ഇടങ്ങളെയും. വിറ്റുപോയതും പണയപ്പെട്ടു പോയതുമായ ഹൃദയത്തെ തിരികെ എടുക്കാൻ സഹായിക്കുന്നവനാണ് ദൈവം.

ജോയ്‌ എം പ്ലാത്തറ

Joy Mathew

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

five + fourteen =