SamikshaMedia

നോമ്പുകാല ചിന്തകൾ അധ്യായം മൂന്ന് – നാവ് By Joy M Plathara

Share Now

വലിയ നോമ്പ് അധ്യായം 3 : നാവ്

നാവിൻ്റെ രുചിഭേദങ്ങൾക്ക് വിലക്കു പറഞ്ഞു കൊണ്ടാണ് നോമ്പിലേക്ക് പ്രവേശിക്കുന്നത്. 50 ദിവസം സഭാ നിയമം അനുശാസിക്കും വിധം മത്സ്യമാംസാദികളെ ഉപേക്ഷിക്കുന്നവരുണ്ട്. പ്രമേഹത്തിനും പൊണ്ണത്തടിക്കും കൊളസ്ട്രോളിനും പരിഹാരമായി മദ്യവും മധുരവവും ഉപേക്ഷിക്കുന്ന ഒരു ഡയറ്റ് പ്ലാൻ കൂടി ചേർത്തു കെട്ടി ചിലർ കഠിന നോമ്പുകാരാകുന്നു. എന്തായാലും ശ്രദ്ധാ കേന്ദ്രം നാവും വയറും തന്നെ.

സർക്കാർ ഉത്തരവുകളിൽ ചിലപ്പോഴൊക്കെ എടുത്തു പറയുന്ന ഒരു പ്രയോഗം “to be observed in letter and spirit” എന്നാണ്. ചില കാര്യങ്ങളെ വാച്യാർത്ഥത്തിൽ മാത്രം എടുത്താൽ പോരാ, അതിൻ്റെ ആത്മാവിനെ കൂടി ഉൾക്കൊള്ളണം. അതിൻ്റെ പ്രസക്തിയും ആഴവും വ്യാപ്തിയും ഉൾക്കൊണ്ട് അനുസരിക്കേണ്ടതാണ് എന്നർത്ഥം. അങ്ങനെ ആത്മാംശം കൂടി കണക്കിലെടുത്താൽ നാവിൻ്റെ രുചി നിയന്ത്രണത്തിൽ മാത്രം ഒതുങ്ങിയാൽ മതിയോ നോമ്പ്?

“ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌” (മത്തായി 12 : 34) എന്ന വാചകം, നാവ് കേവലം രുചിയളക്കുന്ന ഒരു തുണ്ട് മാംസം മാത്രമല്ല എന്നോർമ്മിപ്പിക്കുന്നു. നാവ് മനസിൻ്റെ താക്കോലാണ്. എന്നെക്കൊണ്ട് “നല്ലത്” പറയിക്കരുത് കേട്ടോ എന്നുള്ള ഭീഷണിയിൽ തന്നെ നാവിൽ നിന്നും വരാനിരിക്കുന്നത് അത്ര നല്ലതല്ല എന്ന സൂചനയുണ്ട്. “നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകേണമേ” എന്നതായിരുന്നു മതഭേദമില്ലാത്ത ഒരു പഴയ പ്രാർത്ഥന. നല്ല വാക്ക് അല്ലാത്തതൊന്നും നോമ്പുകാലത്ത് എൻ്റെ നാവിൽ നിന്നും പുറപ്പെടില്ല എന്നു തീരുമാനിച്ചാൽ തന്നെ നോമ്പിൻ്റെ ആത്മാംശം നാം ഉൾക്കൊണ്ടു എന്നു സാരം.

നാക്കിനെ നിയന്ത്രിക്കുന്നത് ആത്മനിയന്ത്രണമായി കണ്ടതു കൊണ്ടാവണം ഗാന്ധിജിയെ പോലുള്ള മഹത്തുക്കൾ മൗനവ്രതശീലം പാലിച്ചു പോന്നത്. വാരിവലിച്ചു പറയാനുള്ള നമ്മുടെ ത്വരയ്ക്ക് സ്വയം കൽപ്പിക്കുന്ന ഒരു വിലക്കാണ് മൗനം. എല്ലാ മൗനങ്ങൾക്കും അർത്ഥമുണ്ട്. മനനത്തിലായിരിക്കുവാൻ വേണ്ടി സ്വീകരിക്കുന്ന മൗനത്തോളം മാധുര്യമുള്ളതും മാറ്റി മറിക്കുന്നതുമായ മറ്റൊരു അനുഭവം വേറൊന്നില്ല. മനനത്തിനിടയിൽ സ്വയം ചോദിക്കാം, വിശകലനം ചെയ്യാം, ദൈവത്തോടു സംസാരിക്കാം…. അത്രമേൽ സംഭവങ്ങൾക്ക് scope ഉള്ളതു കൊണ്ടാണ് മൗനത്തെ വാചാലം എന്നും വിളിക്കുന്നത്.

Loose talk എന്ന് വിളിപ്പേരുള്ള കൊച്ചുവർത്തമാനമുണ്ട്. നേരം പോക്കാൻ വേണ്ടി പറഞ്ഞു പറഞ്ഞു പറഞ്ഞ് കടിഞ്ഞാൺ പോയ കുതിരയെപ്പോലെ ലോകത്തുള്ള എല്ലാവരെയും കുറ്റം വിധിച്ചും, കഥകൾ മെനഞ്ഞും, ആക്ഷേപിച്ചും, ശ്ലീലമല്ലാത്തത് പറഞ്ഞും, അതിർവരമ്പുകൾ ഭേദിച്ചു പോകുന്ന നേരങ്ങൾ. ഇപ്പോഴവയിൽ പലതും വോയ്സ് ക്ലിപ്പുകളായി കൂടി പറന്നു നടക്കുന്നു. പറയുന്ന നിനക്കോ, കേൾക്കുന്ന എനിക്കോ, ആരെക്കുറിച്ച് പറയുന്നോ അയാൾക്കോ ഗുണമില്ലെങ്കിൽ പറയണ്ട എന്ന് തറപ്പിച്ചു പറഞ്ഞ ഗുരുക്കൻമാരും ഉണ്ടായിരുന്നു എന്നത് ഈ നോമ്പിനിടെ ഓർമിച്ചെടുക്കാം.

ശരിക്കും നോമ്പ് നോക്കേണ്ടത് നാവു തന്നെയാണ്. In letter and spirit.

പറയാൻ മറന്നതല്ല, അവസാനത്തേക്ക് മാറ്റി വച്ചതാണ് – നാവിന് ഇങ്ങനെയും കൂടി ഒരു ദൗത്യമുണ്ട്. കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ്‌ അങ്ങയുടെ സ്‌തുതികള്‍ ആലപിക്കും. (സങ്കീര്‍ത്തനങ്ങള്‍ 51 : 15)

Joy Mathew

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

2 × 4 =