കുരിശു വരച്ച് തുടങ്ങുന്നത് നെറ്റിയിൽ നിന്നാണ്. മസ്തിഷ്കത്തിൻ്റെ frontal lobe പ്രദേശമാണിത്. ചിന്തകളും, യുക്തിബോധവും, വിശകലനവും എല്ലാം നടത്തുന്ന ഇടം. അതിനു മേലെയാണ് ഒരു കുരിശടയാളം !

കുരിശു മാത്രമല്ല, ആത്മീയതയെ ദ്യോതിപ്പിക്കുന്ന മിക്കവാറും അടയാളങ്ങൾ നെറ്റിയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഭസ്മം പൂശുന്നതൊക്കെ അതിൻ്റെ ഭാഗമാണല്ലോ.
ബുദ്ധിയ്ക്കും യുക്തിവിചാരങ്ങൾക്കും അപ്പുറം ദൈവത്തിന് ഒരു ഇടം കൊടുക്കുന്നത് അങ്ങനെയാണ്. അവയെ എല്ലാം ദൈവത്തിന് അടിയറ വച്ചു കൊണ്ടേ ആത്മീയാന്വേഷിക്ക് മുന്നോട്ടു പോകാനാകൂ. ദൈവമുണ്ടോ എന്ന ചോദ്യത്തിന് ഫോർമുല എഴുതിക്കാട്ടി ഉത്തരം പറഞ്ഞ് തെളിയിക്കാനാവില്ല. അതു കൊണ്ട് ദൈവമില്ല എന്നർത്ഥമില്ല. എത്രയോ സന്ദർഭങ്ങളിൽ നാം ദൈവത്തെ അനുഭവിച്ചിട്ടുണ്ട് !
ദേവാലയത്തിലോ പുണ്യ സ്ഥലങ്ങളിലോ പ്രാർത്ഥനാ നേരങ്ങളിലോ കുനിഞ്ഞ് നെറ്റി നിലത്തു തൊടുന്നതും ഒരു കീഴടങ്ങലാണ്. എളിമയുടെ കേവല പ്രകടനമല്ല. മറിച്ച്, എൻ്റെ ബുദ്ധിയെയും ചോദ്യങ്ങളെയും തർക്കങ്ങളെയും വാഗ്വാദങ്ങളെയും ഞാനിതാ അങ്ങേയ്ക്ക് അടിയറവ് വയ്ക്കുന്നു എന്ന ഏറ്റു പറച്ചിലാണ്.


Decision making ൻ്റെ പ്രധാന പങ്ക് വഹിക്കുന്നവൻ ബുദ്ധിയാണ്. തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോഴോ? നാമത് ദൈവത്തിനു വിട്ടു കൊടുക്കുന്നു.
ഈ നോമ്പ് ദിനങ്ങളിൽ ബുദ്ധിയെ അടിയറവ് വയ്ക്കാം.
ഞാൻ ആശയക്കുഴപ്പത്തിലാണ് തെളിമ നൽകണമേയെന്ന്, തീരുമാനമെടുക്കാനാകുന്നില്ല clarity നൽകണമേയെന്ന്, ജീവിത വഴി നിശ്ചയിക്കാനാകുന്നില്ല ലക്ഷ്യം നിർണയിച്ചു തരണമേ എന്ന്, എൻ്റെ ദൈവവിശ്വാസം സംശയത്തിൽ ആടിയുലയുകയാണ് ഉത്തരങ്ങൾ നൽകണമേയെന്ന്, അസ്വസ്ഥനും അസംതൃപ്തനുമാണ് സമാധാനം നൽകണമേയെന്ന്……. അങ്ങനെയങ്ങനെ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കാം.
ഏതു ചോദ്യത്തിനും അപ്പഴപ്പോൾ ഉത്തരം തരുന്ന ചാറ്റ് ജി.പി.ടി അല്ല ദൈവം. ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് കാലത്തിൻ്റെ തികവിൽ മാത്രം ഉത്തരം നൽകുന്നവനാണ്. ദൈവം ഉത്തരം നൽകുമെന്ന് പ്രതീക്ഷ വയ്ക്കണമെങ്കിൽ ബുദ്ധിയെ താഴെ വയ്ക്കണം. ചോദ്യങ്ങളേതുമില്ലാതെ വിശ്വാസപൂർവം ശരണപ്പെടണം. മരുഭൂമിയിൽ ഉപവസിച്ച് ഇറങ്ങി വരുന്ന ക്രിസ്തു ദൈവാനുഭവത്തിൻ്റെ clarity യിലാണ് സാത്താൻ്റെ തർക്കുത്തരങ്ങൾക്ക് മറുപടി നൽകുന്നത്.
Clarity – തെളിമ – യ്ക്കു വേണ്ടി പ്രാർത്ഥിക്കാം. “അവനു സുബോധമുണ്ടായി” (ലൂക്ക 15:17) എത്ര മനോഹരമായ സുവിശേഷ ഭാഗമാണ്. ആ സുബോധത്തിൻ്റെ പേരാണ് തെളിമ അഥവാ clarity. തനിക്ക് വേണ്ടത് എന്തെന്നും വേണ്ടാത്തത് എന്തെന്നും തിരിച്ചറിയുന്ന സുന്ദര നിമിഷം ! ബുദ്ധി, യൗവനം, ആരോഗ്യം, സൗന്ദര്യം, പണം, സൗഹൃദം – എല്ലാം ഉണ്ടായിരുന്നപ്പോഴും അവന് ഒന്നു മാത്രം ഉണ്ടായിരുന്നില്ല – സുബോധം.
സുബോധത്തിനായി നോമ്പെടുക്കാം. ബുദ്ധിയെ നിലത്തു വയ്ക്കാം. തെളിമയുണ്ടാകട്ടെ.
![]()








Leave a Reply