SamikshaMedia

നോമ്പുകാല ചിന്തകൾ അദ്ധ്യായം 12: നേടിയതും നേടാത്തതും by Joy Mathew Plathara

Share Now

നോമ്പുകാല ചിന്തകൾ അദ്ധ്യായം 12:
നേടിയതും നേടാത്തതും
by Joy Mathew Plathara

എന്തു നേടി എന്നത് ഒരു വലിയ ചോദ്യമാണ്. ഒരു പാട് ഉത്തരങ്ങൾ കൊണ്ട് ഉപന്യസിക്കാവുന്ന ഒന്നാണത്. വസ്തുവകകളെക്കുറിച്ച് … വീടിനെക്കുറിച്ച് … വാഹനത്തെക്കുറിച്ച് …. പദവിയെക്കുറിച്ച് … ആഭരണങ്ങളെ കുറിച്ച്… സമ്പത്തിനെ കുറിച്ച് … സൗഹൃദങ്ങളെ കുറിച്ച്… ഡിഗ്രികൾ… നേട്ടങ്ങൾ… അവാർഡുകൾ … പ്രശംസാ പത്രങ്ങൾ… പറയാനൊരു നേട്ടപ്പട്ടിക ഇല്ലാത്ത ആരാണുള്ളത്.? അതിലേക്കെത്താൻ നടത്തിയ കഠിനാദ്ധ്വാനങ്ങൾ. ഉറക്കമൊഴിഞ്ഞ രാവുകൾ. ചോര നീരാക്കിയ പകലുകൾ. നടന്നു തിണർത്ത കാലുകൾ. ഭക്ഷണം പോലും വേണ്ടന്നു വച്ച ദിനങ്ങൾ. ടാർജറ്റ് വച്ച് അദ്ധ്വാനിച്ച് അമ്പെയ്തു വീഴ്ത്തിയ ജീവിത വിജയങ്ങൾ.

നിങ്ങളൊരു സംഭവമാണ് എന്ന് കേൾക്കുന്നവരു പറയും. ചിലര് കൈ തൊഴുതു കാട്ടും. കണ്ടു പഠിക്ക് എന്നു ചൂണ്ടിക്കാട്ടപ്പെടും.

ശരീരത്തിനു വേണ്ടതെല്ലാം നേടി. ലോകത്തെ കാട്ടാനും ഷോകേയ്സു ചെയ്യാനുമുള്ളതെല്ലാം ഉണ്ട്. എന്നാൽ ദൈവത്തിന്റെ മനസിൽ ഒരു ഇടം നേടിയോ എന്ന ചോദ്യ പേപ്പർ നമ്മെ വല്ലാതെ വിഷമിപ്പിക്കും. ആദ്യം പറഞ്ഞ ചോദ്യപേപ്പറിന് ഖണ്ഡികകളായി ഉത്തരമെഴുതിയ നാം ഇവിടെ പക്ഷേ, ഒരു ഒറ്റവരി ഉത്തരമെഴുതാൻ വിഷമിക്കും. നാമെന്തു നേടി എന്നതിലല്ല, ആരെ നേടി എന്നതിലും ആരുടെ മനസിൽ ഇടമുണ്ട് എന്നതിലുമാണല്ലോ പ്രധാന കാര്യം. കുരിശിൽ കിടന്ന് നെഞ്ചു പൊട്ടി നിലവിളിക്കുന്ന നേരത്ത് ഒരു കള്ളനു വെളിപാടുണ്ടാകുന്നു, ഇതു വരെ നേടിയതല്ല നേടേണ്ടിയിരുന്നത്. അവനാകെ നിലവിളിച്ച് ചോദിക്കുന്ന ഒന്നേയുള്ളൂ, ക്രിസ്തുവിന്റെ ഓർമ്മയിൽ ഒരിടം. അങ്ങയുടെ രാജ്യത്തിൽ വരുമ്പോൾ എന്നെയും ഓർക്കണമേ എന്ന്. ക്രിസ്തുവിന്റെ മനസ് മോഷ്ടിച്ച കള്ളനെന്നായി ചരിത്രത്തിൽ അവന്റെ ഇടം.

ക്രിസ്തുവിന്റെ മനസിൽ ഒരിടത്തിനു വേണ്ടി ഞാനെന്തു ചെയ്തു എന്ന ചോദ്യം ഒരു നടുക്കത്തോടെ മാത്രമേ എഴുതി തീർക്കാനാകുന്നുള്ളു. എത്ര കാതം നടന്നു? എത്ര തവണ കാല് തിണർത്തു.? വിയർത്തു ? എത്ര രാത്രികളിൽ ഉറക്കമൊഴിഞ്ഞു. ? എത്ര പകലുകൾ കഠിനാദ്ധ്വാനം ചെയ്തു? എന്തൊക്കെ വേണ്ടെന്നു വച്ചു? എന്തൊക്കെ ടാർജറ്റ് ചെയ്തു? നോമ്പും ഉപവാസവും പ്രാർത്ഥനയും പോലും ചില നേട്ടങ്ങൾക്കും വിജയങ്ങൾക്കും വേണ്ടിയുള്ളവയാണ്. അവന്റെ മനസിൽ ഒരിടത്തിനു വേണ്ടിയല്ല. അവന്റെ ഓർമയിലുണ്ടായിരിക്കാനുമല്ല.

ദൈവത്തിന്റെ ഹൃദയത്തിൽ എനിക്കും ഒരു ഇടം എന്ന് സ്വപ്നം കാണാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ…! എന്നിലെ കൂർത്ത മുള്ളുകളെയും കയ്പ്പുകളെയും ആസക്തികളെയും അതിനായി തല്ലിക്കൊഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..! ആ മനസ് അറിയാൻ വേണ്ടി കാതോർത്തിരിക്കാൻ അൽപ്പം സമയം മാറ്റിവയ്ക്കാനുണ്ടായി രുന്നെങ്കിൽ..!

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

seventeen + 20 =