നാം സങ്കടപ്പെട്ടിട്ടുള്ളതിൽ ഏറെയും നമ്മുടെ ഹൃദയത്തിന്റെ തന്നെ നിഷ്കളങ്കതയെക്കുറിച്ചാകണം. നിഷ്കളങ്കമായ ഹൃദയം ഓടാമ്പലില്ലാത്ത വാതിൽ പോലെയാണ്. അത് ആരെയും തടഞ്ഞു നിർത്തുന്നില്ല. സ്വീകരിക്കുന്നു. അഭയം നൽകുന്നു. ഉള്ള് പകുത്തു നൽകുന്നു. തന്നെ തന്നെ തുറന്നു കാട്ടുന്നു. വിശ്വസിക്കുന്നു. ചേർത്തു നിർത്തുന്നു. ചേർന്നു നിൽക്കുന്നു.

എന്നിട്ടോ? പങ്കുപറ്റിയവർ ഹൃദയരഹസ്യങ്ങൾ കൊണ്ടു പോകുന്നു. അങ്ങാടിയിൽ വിൽക്കുന്നു. വൈകാരികമായി മുറിവേൽപ്പിക്കുന്നു. മാനസികമായി കീഴ്പ്പെടുത്താനും ആധിപത്യം സ്ഥാപിക്കാനും ശ്രമിക്കുന്നു. ഗുണകാംക്ഷി എന്ന നിലയിൽ ഉപദേശങ്ങളുടെ കെട്ടഴിക്കുന്നു. നാമെത്ര മണ്ടത്തരമാണ് കാട്ടിയത് എന്ന് കുറ്റപ്പെടുത്തുന്നു. ഒരു തീരുമാനമെടുക്കാൻ കഴിയാത്തവിധം നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു. ചൂഷണത്തിനു മുതിരുന്നു. അവരിലേക്ക് ആശ്രയത്വം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു. ചില തീരുമാനങ്ങളുടെ അടിമത്തത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.
ഉള്ളു കലങ്ങി എത്രയോ പേരാണ് പറയുന്നത്, ഞാൻ ശുദ്ധനും നിഷ്കളങ്കനുമായതു കൊണ്ടാണ് ചതിക്കപ്പെട്ടതെന്ന്.! ” ഞാന്‍ നിഷ്‌കളങ്കനും നീതിമാനുമാണ്, എന്നിട്ടും ഞാന്‍ പരിഹാസപാത്രമായിത്തീര്‍ന്നു.”
( ജോബ് 12 : 4)
നിരാശ തോന്നിയിട്ടുണ്ടാവാം. പ്രതികാര ചിന്തയും. ഉൾവലിയണമെന്ന്, ഇനി ഉപകാരം ചെയ്യരുതെന്ന്, സൗഹൃദങ്ങൾ വേണ്ടന്ന് ഒക്കെ തോന്നിയിട്ടുണ്ടാവണം. നിഷ്കളങ്കനെ ദൈവം സഹായിക്കുമെന്നതൊക്കെ കെട്ടുകഥയാണ് എന്നു ചിന്തിച്ചിട്ടുണ്ടാകണം. ഇനി മേലിൽ ഞാനിങ്ങനെയാവില്ല എന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടാകും. ആത്മാവിന്റെ ഒരു പാതി ഒളിച്ചു പിടിച്ച് ജീവിക്കാൻ ശ്രമിച്ചിട്ടുണ്ടാകും. അതിൽ വേദനയും കുറ്റബോധവും തോന്നിയിട്ടുണ്ടാകും.

എന്നാൽ മറക്കാതിരിക്കുക. നിഷ്കളങ്കനെ പൊതിഞ്ഞ് സംരക്ഷണത്തിന്റെ ഒരു കവചമുണ്ട് തന്നെ. ഇടറിയെന്ന് തോന്നിയാലും, വീഴ്ത്തപ്പെട്ടാലും, ചൂഷണം ചെയ്യപ്പെട്ടു എന്നു തോന്നിയാലും ഇപ്പോൾ നിൽക്കുന്ന ഇടത്തെ ഒന്നു കൺ തുറന്നു ധ്യാനിക്കുക. ഉയർച്ചയുണ്ട്. സുരക്ഷിതത്വമുണ്ട്. കൊടുങ്കാറ്റുകളെയല്ലെങ്കിലും ചെറു കാറ്റുകളെ അതിജീവിക്കാൻ ആത്മ ധൈര്യമുണ്ട്. നെല്ലും പതിരും വേർതിരിക്കാൻ പഠിച്ചു വരുന്നുണ്ട്. അദൃശ്യമായ ഒരു കരം കരുതുന്നുണ്ട്, ചേർത്തു പിടിക്കുന്നുണ്ട്.
“എന്നാല്‍, എന്റെ നിഷ്‌കളങ്കതനിമിത്തം അവിടുന്ന് എന്നെ താങ്ങുകയും എന്നേക്കുമായി അങ്ങയുടെ സന്നിധിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്‌തു.”
(സങ്കീർത്തനങ്ങള്‍ 41 : 12)
സന്തോഷം നിറഞ്ഞ ദിവസം നേരുന്നു. നിഷ്കളങ്കരായി തന്നെ തുടരാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കാം.
![]()










Leave a Reply