നല്ല ഇരുട്ടാണ്. സമയം രാത്രിയുടെ നാലാം യാമമാണ്. കോളു കൊണ്ട കടൽ. കാറ്റ് പ്രതികൂലമായിരുന്നു. പാവം മുക്കുവരാകട്ടെ വഞ്ചി തുഴഞ്ഞ് അവശരായിരുന്നു താനും. എന്നിട്ടും, കടലിനു മീതെ നടന്നു വന്ന യേശു അവരെ കടന്നു പോകുന്നതായി ‘ഭാവിച്ചു’ എന്ന് സുവിശേഷം. മറ്റൊരിടത്തു കൂടി ആ വാക്ക് ഉപയോഗിക്കുന്നുണ്ട്. എമ്മാവൂസിലേക്ക് യാത്ര ചെയ്യുന്നവർക്കൊപ്പം കഥ പറഞ്ഞ് വഴി നടക്കുന്ന യേശു. ഇരുട്ടു വീണു കഴിഞ്ഞു. അവർ തങ്ങളുടെ ഗ്രാമത്തിലേക്ക് പ്രവേശിക്കാറായി. അവനാകട്ടെ യാത്ര തുടരുകയാണ് എന്ന് ‘ഭാവിച്ചു’ വത്രേ. എന്നിട്ടോ? ആദ്യരംഗത്ത് അവർ നിലവിളിക്കുന്നു. അവൻ വഞ്ചിയിലേക്ക് വരുന്നു. രണ്ടാം രംഗത്ത് ഞങ്ങളുടെ കൂടെ താമസിക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. അവൻ കൂടെ താമസിക്കുന്നു. ഒന്നാം രംഗത്ത് അവൻ അൽഭുതം പ്രവർത്തിക്കുന്നു – തിരയടങ്ങി കടൽ ശാന്തമായി. അവർ ആശ്ചര്യപ്പെട്ടു എന്നും അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു എന്നും പറയുന്നുണ്ട്. രണ്ടാം രംഗത്ത് അവൻ കൂടെ താമസിക്കുകയും ഭക്ഷണത്തിനു മുൻപ് അപ്പം ആശീർവദിക്കുമ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെടുകയും ചെയ്തു എന്ന് രേഖപ്പെടുത്തുന്നുണ്ട്.

വിശ്വാസ ജീവിതത്തിന്റെ രണ്ടറ്റങ്ങളാണ് ആ കടലും എമ്മാവൂസിലേക്ക് നീണ്ടു കിടക്കുന്ന വഴിയും.
ഇളകി മറിയുന്ന കടലിനെയും പ്രതികൂലമായ കാറ്റിനെയും മറികടക്കാൻ ഒരു റാന്തൽ വെളിച്ചം പോലുമില്ലാതെ തുഴഞ്ഞു വശം കെടുന്ന ഇരുണ്ട യാമങ്ങൾ. ദൈവം അടുത്തുണ്ട് എന്നു മനസിലാക്കാതെ നിലവിളിച്ചു പോകുന്ന നിമിഷങ്ങൾ. സമനില പോലും നഷ്ടമാകുമെന്ന് പരിഭ്രാന്തരാകുന്ന നിമിഷങ്ങൾ. അതിലൂടെ കടന്നു പോകാത്ത ആരുണ്ട് നമുക്കിടയിൽ..! ജീവിതത്തിന്റെ കൊച്ചു പായ് വഞ്ചി തുഴയാൻ ഇനി ശേഷിയില്ലെന്ന്, കൈവിട്ടു പോവുകയാണ് എന്ന് നിലവിളിക്കുന്ന നിമിഷം സമീപത്തെ ഇരുട്ടിൽ നിന്ന് ആ കൊച്ചു വഞ്ചിയിലേക്ക് അവൻ കാൽ വച്ചു കയറിയിട്ടില്ലേ? ആ അൽഭുതം തിരിച്ചറിയാൻ പോലും വയ്യാത്ത വിധം മന്ദീഭവിച്ച ഹൃദയവുമായി നമ്മൾ. വിശ്വാസം വേരുപിടിക്കണമെങ്കിൽ ജീവിതം തുഴഞ്ഞു വന്ന ചാലുകളിലേക്ക് തിരിഞ്ഞു നോക്കി ധ്യാനിക്കണം. തുഴ എറിയാൻ പോലും കഴിയാത്ത വിധം തകർന്ന യാമങ്ങളിൽ ഈ കൊച്ചു വഞ്ചിയുടെ അമരത്ത് അവനുണ്ടായിരുന്നു. തീർച്ച.
കാറും കോളുമില്ലാത്ത സ്വച്ഛമായ നടപ്പാതയാണ് രണ്ടാമിടം. ക്രിസ്തുവിന്റെ കൂടെ എമ്മാവൂസിലേക്ക് നടന്നവരെപ്പോലെ നാമും. കൂടെ നടക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയാൻ വൈകുന്നവർ. ഒരു പക്ഷേ, ആ നടപ്പു വഴിയുടെ ചൂടും പൊടിയും തളർച്ചയും ബാധിക്കാത്തതു പോലും അവന്റെ കൂടെ നടന്നു പോന്നതു കൊണ്ടാണ്. എങ്കിലും ഉൾക്കണ്ണ് തെളിയാൻ, കൂടെ നടന്നത് അവനാണെന്ന് തിരിച്ചറിയാൻ വീണ്ടുമൊരു രാത്രിയുടെ ഇരുൾ വിരിയേണ്ടി വരുന്നു.
അവന്റെ മുഖം നോക്കി ധ്യാനിക്കുമ്പോഴോ ? കുഞ്ഞിനോടൊത്ത് ഒളിച്ചേ കണ്ടേ കളിക്കുന്ന കുസൃതി നിറഞ്ഞ ഒരമ്മ മുഖം പോലെ. നൊടി നേരം കൊണ്ട് കാണാതായ അമ്മയെ കാണാതെ കുഞ്ഞു സ്വരം ഇടറി ചുണ്ട് വിതുമ്പി കണ്ണു നിറഞ്ഞു വരുമ്പോഴേക്കും ഓടിയെത്തുന്ന, മാറോട് ചേർക്കുന്ന അലിവു തന്നെയാണവൻ. ഒരു നടുക്കടലിലും ഒരു ഇരുട്ടിലും തനിച്ചു തുഴഞ്ഞ് തളർന്ന് പോകാൻ അവൻ അനുവദിക്കില്ല. മറഞ്ഞു നിൽക്കുകയാണെന്ന് തോന്നിക്കുമ്പോൾ ഹൃദയം കൊണ്ട് ഒന്നു വിളിച്ചാൽ മതി. കൂടെയുണ്ട്. എവിടെയും പോയിക്കളഞ്ഞിട്ടില്ല. എമ്മാവൂസിലെ പ്രാർത്ഥനയും അതാണ്, mane nobiscum domine, “നാഥാ കൂടെ വസിച്ചാലും”.
ഹൃദയഭാരമില്ലാത്ത ദിവസം ആശംസിക്കുന്നു. അവൻ കൂടെയുണ്ട്. നമ്മുടെ പായ് വഞ്ചി മുങ്ങിപ്പോവില്ല.
![]()










Leave a Reply