SamikshaMedia

ദൈവാനുഭവത്തിന്റെ നോമ്പുകാലം; അധ്യായം ഒന്ന് – ചാരം By ജോയ് എം പ്ലാത്തറ

Share Now

 

അഞ്ച് ചിന്തകളാണ് മനസ്സിൽ വരുന്നത്.

1. നീ ചാരമായി മാറും എന്നു തിരിച്ചറിയുക. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും എന്ന ഓർമ്മപ്പെടുത്തൽ അതിൻ്റെ ഭാഗമാണ്. ചാരത്തെ സൂചിപ്പിക്കുന്ന Ashes എന്നു പറയുന്ന വാക്കിന് ധൂളി എന്നും അർത്ഥമാകാമല്ലോ. ധൂളിയിൽ നിന്നും – മണ്ണിൽ നിന്നും – സൃഷ്ടിക്കപ്പെട്ടവൻ മണ്ണിലേക്കു തന്നെ മടങ്ങും എന്ന തിരിച്ചറിവിനെ ഓർമ്മിപ്പിക്കുന്നതാണ് വലിയ നോമ്പിന് ഒരുക്കമായുള്ള നെറ്റിയിലെ ചാരം ( വിഭൂതി ) പൂശൽ. ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍, നീ പാപംചെയ്യുകയില്ല.
(പ്രഭാഷകന്‍ 7 : 36) ഈ വാക്യം ധ്യാനിച്ച് നോമ്പ് ആരംഭിക്കാം.

2. എന്തും ചാരമാകും -Meaningless ആയി മാറും – എന്നു തിരിച്ചറിയുന്നത് നല്ലതാണ്. എന്തിനെല്ലാം വേണ്ടി നാം വിശ്രമമില്ലാതെ ഓടുകയും അലയുകയും ചെയ്തുവോ അവയെല്ലാം ഒരു നാൾ ചാരമായി മാറും. മരണത്തിൽ ഒന്നും കൂടെ കൊണ്ടുപോകാനാവില്ല. സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, നിക്ഷേപങ്ങൾ, പുസ്തക ശേഖരങ്ങൾ, ഡിവൈസുകൾ തുടങ്ങി സ്വന്തമായിരുന്നവയൊന്നും പിന്നീട് ആവശ്യം വരികയില്ല. ഒരിക്കൽ “നിത്യശാന്തി” യിൽ വായിച്ചത് ഓർക്കുന്നു, “ട്യൂബിലൂടെ ഭക്ഷണം കൊടുക്കുന്ന രോഗിക്ക് 100 ഏക്കർ ആപ്പിൾ തോട്ടം ഉണ്ടായിട്ട് എന്താണു കാര്യം?”. ചിലതൊക്കെ ജീവിച്ചിരിക്കെ തന്നെ meaningless ആയി തുടങ്ങും.

3. ചാരം പൂശുന്നത് എളിമപ്പെടലാണ്. സ്വയം താഴലാണ്. അനുതാപം പ്രകടിപ്പിക്കലാണ്. ഒരു തരം cleansing ആണ്. ശരീരത്തിനു പുറമേ പൂശുന്ന ചാരം അഥവാ വിഭൂതി മനസിൻ്റെ അകം ക്ലീൻ ചെയ്തു തുടങ്ങുമ്പോഴാണ് അനുതാപവും എളിമപ്പെടലും ആരംഭിക്കുന്നത്. നോമ്പ് കാലത്ത് ചാക്കുടുക്കുകയും (പരുക്കൻ വസ്ത്രം) ചാരം പൂശുകയും ചെയ്ത് “ഷോ” കാണിച്ചിരുന്നവരോട് നിങ്ങളുടെ ഹൃദയമാണ്‌ വസ്‌ത്ര മല്ല കീറേണ്ടത്‌, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍.
(ജോയേല്‍ 2 : 13) എന്ന് പച്ചയ്ക്ക് പറയുന്ന പ്രവാചക ശബ്ദം പഴയ നിയമ കാലത്തു മാത്രമല്ല ഇന്നും സജീവമാണ്.

4. ചാരത്തോളം പോയിട്ട് ഒരു മടങ്ങിവരവ് – എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചയിടത്തു നിന്നും ഒരു തിരിച്ചു വരവ് സാധ്യമാണ്. ഫീനിക്സ് എന്ന പക്ഷി അങ്ങനെയാണെന്നല്ലേ പറയുന്നത്. ആൽബർട്ട് ഐൻസ്റ്റീൻ എല്ലാം ചാരമായിടത്തു നിന്നും എല്ലാം വീണ്ടും തുടങ്ങിയ ആളാണ്. സമീപകാലത്ത് കണ്ട ഒരു പ്രണയ സിനിമയിൽ കഥാനായകൻ നായികയോട് പറയുന്ന ആർദ്രമായ ഒരു വാചകമുണ്ട് “ഞാനാകെ അഴുക്കാണ്” എന്ന്. നിർമലമായ ഒരു ഏറ്റുപറച്ചിൽ ! വിചാരം കൊണ്ടും, വികാരം കൊണ്ടും, വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും അഴുക്കായിപ്പോയി, വെറും ചാരമായിപ്പോയി എന്നൊന്നും ധരിച്ച് സ്വയം എഴുതിത്തള്ളണ്ട കേട്ടോ. തിരിച്ചു വരവ് സാധ്യമാണ്. ശുദ്ധീകരിക്കപ്പെടാൻ മനസു വേണം എന്നു മാത്രം. ഏറ്റു പറഞ്ഞ് തിരിച്ചു വരാം, ദൈവ സ്നേഹത്തിലേക്ക്.

5. കരിപ്പാത്രങ്ങളും മറ്റും മോറി വെളുപ്പിച്ചിരുന്ന ഒരു cleaning agent കൂടിയാണ് ചാരം. മറ്റുള്ളവരെ ശുചിയാക്കി എടുക്കുന്ന ഒരാളാകാൻ എനിക്കുള്ള ദൗത്യത്തെക്കുറിച്ച് ഓർക്കാം. ലോകം മുഴുവൻ മാറ്റി മറിക്കണ്ട. നിരാശയുടെ ഇരുട്ടിൽ നിന്ന്, ലഹരിയുടെ ചതുപ്പിൽ നിന്ന്, വിഷാദ കവിതകളിൽ നിന്ന്, ഏകാന്തതയിൽ നിന്ന്, ഒറ്റപ്പെടലിൽ നിന്ന്, ആസക്ത വികാരങ്ങളിൽ നിന്ന് – ഒരാളെ എങ്കിലും തിരിച്ചു കൊണ്ടുവരാൻ കഴിയുമോ?

Joy Mathew

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

six + sixteen =