ഒട്ടാവ: കാനഡയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി 2026-ലെ ആദ്യ ജിഎസ്‌ടി (GST/HST credit) പേയ്‌മെന്റ് ജനുവരി 5 തിങ്കളാഴ്ച വിതരണം ചെയ്യും. അവധിക്കാലത്തെ ചിലവുകൾക്ക് ശേഷം എത്തുന്ന ഈ തുക താഴ്ന്ന വരുമാനക്കാർക്കും ഇടത്തരം വരുമാനക്കാർക്കും വലിയ സഹായമാകും. ഈ മാസം ലഭിക്കുന്ന തുക 2024-ലെ ടാക്സ് റിട്ടേണിനെ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിലെ കണക്കനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധി 533 0ഡോളറും, ദമ്പതികൾക്ക് 698 ഡോളറും, 19 വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും 184 ഡോളർ വീതവുമാണ് പ്രതിവർഷം ലഭിക്കുക. ഇതിന്റെ നാലിലൊന്ന് ഭാഗമാണ് ഇപ്പോൾ ജനുവരിയിൽ വിതരണം ചെയ്യുന്നത്.

കൂടാതെ 2026 ജൂലൈ മുതൽ ആനുകൂല്യ തുകയിൽ 2% വർദ്ധനവ് ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ സിംഗിൾ വ്യക്തികൾക്ക് ലഭിക്കുന്ന തുക ഏകദേശം 543 ഡോളറായും ദമ്പതികൾക്ക് ലഭിക്കുന്നത് 712 ഡോളറായും ഉയരും. 19 വയസ്സ് തികഞ്ഞ, കാനഡയിൽ താമസക്കാരായ, നിശ്ചിത വരുമാന പരിധിയിൽ താഴെയുള്ളവർക്കെല്ലാം ഈ തുക ലഭിക്കും. പുതിയതായി കാനഡയിൽ എത്തിയവർ ഇതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ട്. ഡയറക്ട് ഡെപ്പോസിറ്റ് സൗകര്യം തിരഞ്ഞെടുത്തവർക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് ചെക്ക് വഴിയും തുക ലഭിക്കും. ഏപ്രിൽ 2, ജൂലൈ 3, ഒക്ടോബർ 5 എന്നിവയാണ് ഈ വർഷത്തെ അടുത്ത ജിഎസ്‌ടി പേയ്‌മെന്റ് തീയതികൾ.
ബാങ്ക് അക്കൗണ്ടിൽ പണം എത്താതിരിക്കുകയോ വിവരങ്ങൾ പുതുക്കാനോ ഉള്ളവർക്ക് സിആർഎ (CRA) മൈ അക്കൗണ്ട് വഴി സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. കൂടാതെ പേയ്‌മെന്റ് തീയതികളിൽ സിആർഎയുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളെയും ലിങ്കുകളെയും കുറിച്ച് ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

![]()




Leave a Reply