SamikshaMedia

ദേശീയ ഓണാഘോഷം പ്രൗഢം, ഗംഭീരം; കേരളക്കരയണിഞ്ഞ് ഓട്ടവ

Onam Ottava 2025
Share Now

ഓട്ടവ: ഓണപ്പെരുമയിൽ കനേഡിയൻ പാർലമെന്റ് സമുച്ചയം കേരളക്കരയണിഞ്ഞു. ഇൻഡോ-കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചർ ഒരുക്കിയ നാലാമത് പ്രൗഢഗംഭീരമായ ദേശീയ ഓണാഘോഷം ഭരണ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റക്കാരുടെ സാംസ്കാരികാഘോഷങ്ങൾ വിമർശനം ക്ഷണിച്ചുവരുത്തുന്നതിനിടെ ഒരു രാജ്യത്തിന്റെ പാർലമെന്റ് സമുച്ചയത്തിൽ ഓണം ആഘോഷിക്കുന്നതിലൂടെയാണ് കനേഡിയൻ മലയാളികൾ വ്യത്യസ്തരാകുന്നത്. മലയാളികളുടെ ദേശീയ ആഘോഷത്തിന് കനേഡിയൻ തലസ്ഥാനത്ത് ഒരിക്കൽക്കൂടി പൂക്കളമൊരുങ്ങിയതിലൂടെ ഓണംമൂഡിന് പകർന്നത് പൊൻപൊലിമ.

കാനഡയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം മലയാളി സംഘടനകളുടെകൂടി സഹകരണത്തോടെയായിരുന്നു ജോൺ എ. മക്ഡോണൾഡ് ഹാൾ ദേശീയ ഓണാഘോഷത്തിന് വേദിയൊരുക്കിയത്. മിക്ക സംഘടനകളുടെയും പ്രതിനിധികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. മൈക്കൽ ബാരറ്റ് എംപിയാണ് ഇക്കുറിയും ആതിഥ്യംവഹിച്ചത്.

താലപ്പൊലിയും മാവേലി എഴുന്നള്ളിപ്പും എഡ്മിന്റനിൽനിന്നുള്ള നാദം കലാസമിതിയുടെ ചെണ്ടമേളത്തോടെയുമാണ് അതിഥികളെ വരവേറ്റത്. നാട്ടിൽനിന്ന് പാർലമെന്റിലെ ഓണാഘോഷത്തിനായി പ്രത്യേകമായി തയാറാക്കി എത്തിച്ച വേഷത്തിലാണ് മാവേലി എഴുന്നള്ളിയത്. കേരളത്തെയും ഓണാഘോഷത്തെയും വരച്ചുകാട്ടിയ കേരള ടൂറിസത്തിന്റെ ഹൃസ്വ വിഡിയോ പ്രദർശനത്തോടെയായിരുന്നു തുടക്കം. പുഷ്പാലംകൃതമായ വേദിയിൽ മാവേലിയും കഥകളിയുമെല്ലാം നിറഞ്ഞു. പൂക്കളത്തിനുമുന്നിൽ ചിത്രങ്ങളെടുക്കാനും തിരക്കായിരുന്നു. കാനഡയുടെ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്, ഫെഡറൽ മന്ത്രി റൂബി സഹോട്ട എന്നിവരുൾപ്പെടെ പതിനഞ്ചോളം പാർലമെന്റംഗങ്ങൾ പങ്കാളികളായി. പാർലമെന്റംഗങ്ങളെ പൊന്നാടയണിച്ചാണ് വേദിയിൽ ആദരിച്ചത്.

പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ഭദ്രദീപം തെളിയിച്ചു. വിളവെടുപ്പിന്റെ ഉൽസവങ്ങൾ കഠിനാധ്വാനത്തിന്റെ സദ്ഫലങ്ങളുടെ ആഘോഷമാണെന്ന് ഓണാഘോഷത്തെക്കുറിച്ചു പരാമർശിക്കവെ പിയേർ ചൂണ്ടിക്കാട്ടി. അധ്വാനിക്കുന്നവർക്കെല്ലാം ഒരേ അവകാശങ്ങളുണ്ടാകുമെന്നതാണ് കാനഡയുടെ പ്രത്യേകതയെന്നും പറഞ്ഞു.

രാഗമാലിക, ഡാൻസിങ് ഡിവാസ്, നൃത്യാഞ്ജലി, എസ്.ജി. എക്സ്പ്രഷൻസ്, ഭാരതി സ്കൂൾ ഓഫ് ഡാൻസ് എന്നിവരുടെ നൃത്തപരിപാടികളും ആഘോഷത്തിന് നിറച്ചാർത്തേകി. ദ് കിംഗ്സ് ഫൈവ് ഡോട്ടേഴ്സിലെ ഹെയ്സൽ-ഡിയോൺ സഹോദരങ്ങളുടെ ഉപകരണസംഗീതവുമുണ്ടായിരുന്നു. കേരളത്തിന്റെയും മലയാളികളുടെയും സാന്നിധ്യം കനേഡിയൻസമൂഹത്തിൽ ഊട്ടിയുറപ്പിക്കുന്നതിനാണ് ജനപ്രതിനിധികളുടെ സഹകരണത്തിലും സാന്നിധ്യത്തിലും നാലും വർഷംമുൻപ് ഇത്തരത്തിൽ ദേശീയ ഓണാഘോഷത്തിന് രാജ്യതലസ്ഥാനത്ത് തുടക്കംകുറിച്ചതെന്ന് സംഘാടകസമിതി അധ്യക്ഷൻ ബിജു ജോർജ് പറഞ്ഞു.

കാനഡ-ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റും സിഇഒയുമായ വിക്ടർ ടി. തോമസ്, ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി, ഗ്രാൻഡ് സ്പോൺസർ ജയിംസ് ഓട്ടോ ഗ്രൂപ്പ് ഉടമ ബോബൻ ജയിംസ്, എൻ. കെ. ഷർഫാസ് (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് എന്നിവരും മറ്റു സംഘടനാ നേതാക്കളും സ്പോൺസർമാരും പങ്കെടുത്തു. ട്രിറ്റി അനീഷ്, അലീന അലോഷ്യസ് എന്നിവർ പരിപാടിയുടെ അവതാരകരായി.

ബിജു ജോർജ് ചെയറും റാം മതിലകത്ത് കൺവീനറും രേഖ സുധീഷ് ഇവന്റ് കോർഡിനേറ്ററും സതീഷ് ഗോപാലൻ, ടോമി കൊക്കാട്ട് എന്നിവർ കോ-ചെയർമാരും സുധീഷ് പണിക്കർ ഹോസ്പിറ്റാലിറ്റി ഓപ്പറേഷൻസിന്റെയും പ്രവീൺ വർക്കി കമ്യൂണിറ്റി ഔട്ട്റീച്ചിന്റെയും വിനോദ് ജോൺ മീഡിയയുടെയും കോ-ഓർഡിനേറ്റർമാരുമായുള്ള സംഘാടകസമിതിയും വളന്റിയർമാരും പരിപാടികൾക്കു നേതൃത്വം നൽകി. സ്വദേശികളും വിദേശികളുമെല്ലാമായി അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

നാലു വർഷം മുൻപാണ് ആദ്യമായി കാനഡയിൽ പാർലമെന്റിലെ ഓണാഘോഷത്തിന് തുടക്കംകുറിച്ചത്. മുൻവർഷങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിയ ഓണാഘോഷം കാനഡയിലുടനീളമുള്ള മലയാളി സംഘടനകളെയും സമൂഹത്തെയും ഒന്നിച്ചുകൂട്ടുന്ന വേദിയായി മാറിയതിന്റെ അഭിമാനത്തിലാണ് സംഘാടകസമിതി. കനേഡിയൻ സമൂഹത്തിൽ കേരളത്തിൽനിന്നുള്ളവരുടെ വർധിച്ചുവരുന്ന സാന്നിധ്യം വിളിച്ചറിയിക്കുന്നതിന് പാർലമെന്റിലെ ഓണാഘോഷങ്ങൾ വഴിയൊരുക്കുന്നതായാണ് ഓരോതവണത്തെയും വർധിച്ച പ്രാതിനിധ്യം വിളിച്ചറിയിക്കുന്നത്. മുൻവർഷങ്ങളിൽ പങ്കെടുത്തവരിൽ ഫെഡറൽ മന്ത്രി അനിത ആനന്ദ്, യൂക്കോൺ പ്രീമിയർ മലയാളിയായ രഞ്ജ് പിള്ള തുടങ്ങിയവർ ഉൾപ്പെടുന്നു.

 

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

four × 1 =