SamikshaMedia

ഓർമ്മത്താളിലെ  ചിത്രശലഭം

സ്കൂൾ കഴിഞ്ഞു വന്ന യശ്വിൻ, മുറ്റത്തെ വിശാലമായ പൂന്തോട്ടത്തിലെ സിമൻ്റു ബഞ്ചിൽ വന്നിരിപ്പായി. കൗമാര കൗതുകങ്ങളെ അതിശയിപ്പിക്കുന്ന പൂമ്പാറ്റകളുടെ വർണഭംഗിയെ വെറുതെയവൻ നോക്കിയിരുന്നു. പറന്നു നടക്കുന്ന തുമ്പികൾ, വിരിഞ്ഞു വരിവരിയായി നിൽക്കുന്ന പനിനീർ പൂവുകൾ. അമ്മയുടെ പരിപാലനത്തിൽ ചിരിച്ചുല്ലസിച്ചു നിൽക്കുന്ന ആ പൂന്തോട്ടമവൻ്റെ ചിന്തകൾക്കു നിറം കൂട്ടുന്ന ഭംഗിയുടെ ലോകമാണ്.

‘ഉത്തര’
അവളെന്തിനാണ് തൻ്റെ പിന്നാലെയിങ്ങനെ നടക്കുന്നതെന്നാലോചിച്ചിട്ട് അവനൊരെത്തും പിടിയും കിട്ടിയില്ല. പതിവായി ഓട്ടോറിക്ഷയിൽ സ്കൂളിൽ വന്നുകൊണ്ടിരുന്ന അവളിപ്പോൾ അവൻ പോകുന്ന ബസ്സിലാക്കി യാത്ര. ബസ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോൾ പിന്നാലെ അവളുണ്ടന്നറിഞ്ഞ നാൾ മുതലവൻ വഴി മാറി നടന്നു . ഇടവഴി കടന്ന് വേഗത്തിൽ നടക്കവേ തിരിഞ്ഞു നോക്കാതെ അവനറിഞ്ഞു അവൾ പിന്നാലെയുണ്ടെന്ന്. പെട്ടെന്നു തോന്നിയ വിരസതയിൽ അവനെഴുന്നേറ്റ് പഠനമുറിയിലെത്തി. നിവർത്തിവെച്ച പുസ്തകത്താളിൽ ദാ… അവൾ. നല്ല നീളമുള്ള മയിൽപീലി കണ്ണുകൾ. ആ കണ്ണുകളിലെ തിളക്കം തൻ്റെ നേരേയാണ്. “ഹോ നാശം’ പിറുപിറുത്തുകൊണ്ടവൻ മുറിയ്ക്കു പുറത്തിറങ്ങി.വിശാലമായ ഉമ്മറത്തിരുന്ന് ആവേശത്തോടെ ഗൃഹപാഠം ചെയ്തു തീർക്കുന്ന അനുജത്തിക്കുട്ടിയെ മറികടന്ന്, അരപ്പടിയിലിരുന്ന് ഫാബ്രിക് ജോലിയിലേർപ്പെട്ടിരുന്ന അമ്മയുടെ അരികിലെത്തി. മകനെ കണ്ട്, ഇനിയും പൂർത്തിയാവാത്ത ആ കലാവിരുത് താഴെവച്ച് അവനെ അടുത്തിരുത്തി നെറുകയിൽ തലോടി ‘നിനക്കു പഠിക്കാനൊന്നുമില്ലേ മോനെ’എന്ന ചോദ്യത്തിന് മറുപടിയായി അവനവന്റെ സങ്കട ഭാരം മുഴുവൻ അമ്മയിലേക്കു ചൊരിഞ്ഞു. ചിരിയുണർത്തുന്ന അവൻ്റെ പരാതികൾക്ക് അടിസ്ഥാനമില്ലെന്നറിയാവുന്ന അവരവനെ സാന്ത്വനിപ്പിച്ചു.

“ഇങ്ങനെ ആലോചിച്ചിരുന്നാൽ നീ പരീക്ഷയ്ക്ക് തോറ്റുപോകും മോനേ…ൻ്റെ കൂട്ടി തോറ്റു പോയാൽ അവൾക്കു നീയൊരു പരിഹാസപാത്രമാകും .എല്ലാം നിൻ്റെ തോന്നലാണു കുട്ടാ.”
” അമ്മ പറഞ്ഞതു ശരിയാ. പക്ഷേ അവൾ എന്തിനാ ഇങ്ങനെ എന്റെ പിന്നാലെ നടക്കുന്നേ? അതുമാത്രമറിഞ്ഞാൽ മതി എനിയ്ക്ക്.”

” ശരി പത്താം ക്ലാസിലെ പരീക്ഷ തീരുന്ന ദിവസം അമ്മ വരും മോന്റെ കൂടെ . അവളോട് ഈ അമ്മ ചോദിക്കും. വേണമെങ്കിൽ നിനക്കും ചോദിക്കാം. നമുക്ക് രണ്ടുപേർക്കും ചോദിക്കാം. എന്തുപറയുന്നു?. ഇപ്പോ മോൻ പോയിരുന്നു മിടുക്കനായിട്ട് പഠിക്കണം”

ഒരു കൗമാരക്കാരന്റെ പൊട്ട ആലോചനയെ മുറിവേൽപ്പിക്കാതെ അവർ കൊടുത്ത പരിഹാരമാർഗങ്ങൾ അവനെ വല്ലാതെ സന്തോഷിപ്പിച്ചു. സ്നേഹത്തിൽ പൊതിഞ്ഞ ആ ഉറപ്പിൽ പൂർവാധികം ഊർജ്ജസ്വലതയോടെ പഠിക്കാൻ അവൻ തീരുമാനിച്ചു.

മാർച്ചു മാസത്തിലെ കൊടും ചൂടിൽ അവസാനിച്ച പരീക്ഷകൾ. പരീക്ഷാഹാളിനു പുറത്തേക്കു വന്ന അവൻ കണ്ടു. സ്കൂൾ മുറ്റത്ത് മക്കളെ കാത്തുനിൽക്കുന്ന അമ്മമാർ. ചിലരുടെയൊക്കെ അച്ഛന്മാരുണ്ട്. മുറ്റത്തെ വാകമരത്തണലിൽ ഒറ്റയ്ക്കു നിൽക്കുന്ന അമ്മയുടെ അടുത്തേയ്ക്കവൻ ഓടിച്ചെന്നു. വിയർപ്പു പൊടിഞ്ഞ ആ കുഞ്ഞുമുഖമവർ പിടിച്ചുയർത്തി.’പരീക്ഷ എളുപ്പമായിരുന്നോ മോനെ’ എന്ന ചോദ്യത്തിനവൻ ഉത്സാഹത്തോടെ തലയാട്ടി. കുറച്ചകലെ കൂട്ടുകാരികളോടൊത്ത് ചിരിച്ചുല്ലസിച്ചു നിൽക്കുന്ന ‘ ഉത്തര’എന്ന കൊച്ചു സുന്ദരിയെ അവൻ അമ്മയ്ക്കു ചൂണ്ടിക്കാണിച്ചു കൊടുത്തു.

‘ഉത്തര’
അന്നു മകനെ ആശ്വസിപ്പിച്ച് പഠന മാർഗത്തിലേക്ക് അവൻ്റെ മനസ്സിനെ തിരിച്ചുവിടാൻ നടത്തിയ ശ്രമം ഇപ്പോൾ വലിയൊരു കോമാളിയായി പല്ലിളിച്ചു നിൽക്കുകയാണെന്ന യാഥാർത്ഥ്യത്തെ എങ്ങനെ പരിഹരിക്കുമെന്നവർ ഒരു നിമിഷമാലോചിച്ചു. പിന്നെ അവൻ്റെ നേരെ തിരിഞ്ഞു കൈനീട്ടി.
“വരൂ മോനെ.ദാ , അവളുടെ കൂട്ടുകാരികളൊക്കെ പോയി. ഇപ്പോൾ അവളൊറ്റയ്ക്കാണ്. മോൻ ചോദിക്കുമോ? അതോ അമ്മ ചോദിക്കണമോ?.”
കൗമാരത്തിന്റെ വിഹ്വലതകൾ അലതല്ലുന്ന ആ കൊച്ചുമുഖം സന്തോഷം കൊണ്ടു വിടരുന്നതവർ കണ്ടു.
” അമ്മേ അവളച്ഛനെ കാത്തു നിൽക്കുന്നതാണ്. അവളുടെ അച്ഛനു കാറുണ്ടമ്മേ”.
ഉത്സാഹത്തോടെ അവനതു പറയുമ്പോൾ അവന്റെ മുഖത്തേക്കിരച്ചു കയറുന്ന രക്തപ്രവാഹത്തിന്റെ ശോണിമ അതിശയിപ്പിക്കുന്നതായിരുന്നു.
” ഞാൻ ചോദിച്ചോളാം അമ്മേ. അമ്മ ഇവിടെ നിന്നാ മതി. പോവല്ലേ. അവളുടെ അച്ഛൻ ഇപ്പോൾ വരും. അതിനുമുൻമ്പ് ചോദിക്കണം.”

അമ്മ കൂടെയുണ്ടെന്നുള്ള ധൈര്യം അവൻ്റെ കൊച്ചു കാലടികളെ ഉറപ്പുള്ളതാക്കി. അമ്മയിൽ നിന്ന് പകുതി ദൂരം നടന്ന അവൻ തിരിഞ്ഞുനോക്കി കൈകൾ കെട്ടി ദൂരെയെങ്ങോ നോക്കിനിൽക്കുന്ന അവരുടെ ഇടം കണ്ണുകൾ തൻ്റെമേൽ ഉണ്ടെന്നറിയാതെ അവൻ വീണ്ടും രണ്ടു ചുവടുകൾ വച്ചു.എന്തു ചോദിക്കുമെന്നവൻ ഒരു നിമിഷം ചിന്തിച്ചു. ‘അടുത്ത മാസം ദുബായിന്ന് അച്ഛൻ വരുമെന്നു പറഞ്ഞാലോ? വേണ്ട, പിന്നെ?,എൻ്റെ പിന്നാലെ എന്തിനാ ഇങ്ങനെ നടക്കുന്നതെന്ന് ചോദിച്ചാലോ? അയ്യോ, വേണ്ട. പിന്നെ എന്ത് ചെയ്യും?’ എന്തിനാ തന്റെ ഹൃദയമിങ്ങനെ മിടിക്കുന്നത്?. ചെറിയ ഒരു വിറയലുണ്ടോ തനികയ്ക്ക്?. അവൻ ഒരിക്കൽ കൂടി അമ്മയെ തിരിഞ്ഞു നോക്കി. അതേ നിൽപ്പുതന്നെയാണമ്മ.
‘എന്തു ചെയ്യും?’ഇഷ്ടമാണോ എന്ന് ചോദിച്ചാലോ? വേണ്ട, ചെറിയ കുട്ടികളാണ് താനും ഉത്തരയും. ഇങ്ങനെയൊക്കെ ചോദിക്കാൻ കൊള്ളാമോ?.’
മുന്നോട്ടൊരുചുവട് വയ്ക്കാനാവാതെ നിന്നയവൻ പെട്ടെന്നു തിരിഞ്ഞ് അമ്മയുടെ അടുത്തേയ്ക്കോടി.
‘എന്തുപറ്റി സംസാരിച്ചില്ലേ?, എന്നെ വിളി യ്ക്കാമായിരുന്നില്ലേ?, എന്നിങ്ങനെയുള്ള അമ്മയുടെ ചോദ്യങ്ങൾക്ക് ‘റിസൾട്ട് വരട്ടെ എന്നിട്ടുചോദിയ്ക്കാം’ എന്ന അവൻ്റെ മറുപടിയിൽ ‘ഉത്തര’ അദ്ധ്യായം അവസാനിച്ചില്ല.
റിസൾട്ട് വന്നു.

ഉത്തര, യശ്വിൻ,എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിക്കൂട്ടി. അച്ഛൻ ദുബായിൽ നിന്നെ ത്തിയപ്പോൾ കൊടുത്ത സമ്മാനങ്ങളിൽ ചിലത് മാറ്റിവച്ചതെന്തിനായിരുന്നുവെന്ന് അവനറിയില്ലായിരുന്നു. എസ്എസ്എൽസി മാർക്ക് ലിസ്റ്റ് വാങ്ങുന്നതിന് ഒരിക്കൽ കൂടി സ്കൂൾ മുറ്റത്തെത്തിയ യശ്വിൻ അത്ഭുതത്തോടെയാണാക്കാഴ്ച കണ്ടത്. കുളിച്ച് പട്ടുപാവാട ധരിച്ച് ചന്ദനക്കുറി തൊട്ട് വിടർത്തിയിട്ട ഈറൻ മുടിയിൽ രണ്ടു മുല്ലപ്പൂക്കൾ തിരുകി തനി നാട്ടിൻ പുറത്തുകാരിയുടെ ചന്തത്തോടെ വാകമരച്ചുവട്ടിലെ സിമൻ്റു ബഞ്ചിലിരിക്കുന്ന ഉത്തര!. മോഡേൺ ഉടുപ്പുകളെല്ലാം മാറ്റിവച്ച് ഇന്നെന്താണാവോ ഇങ്ങനെയെന്ന് ചിന്തിച്ചു നിന്ന അവനെ പെട്ടെന്നാണവൾ കണ്ടത്.

“ഹായ് !,യശ്വിൻ. ഓഫീസ് റൂം തുറന്നിട്ടുണ്ട്. ടീച്ചർ വന്നിട്ടില്ല.”
അവളുടെ സംസാരം അവനെ സന്തോഷിപ്പിച്ചു. വിജനമായ സ്ക്കൂൾമുറ്റം രണ്ടുപേർ വൃത്തിയാക്കുന്നുണ്ട്.ആരും വന്നു തുടങ്ങിയിട്ടില്ല.
“യശ്വിൻ, ടീച്ചർ വരാൻ താമസമുണ്ടെന്നു തോന്നുന്നു. ഇവിടെയിരുന്നോളൂ.”
അവൻ ആദ്യമൊന്നു സംശയിച്ചെങ്കിലും പതിയെ നടന്ന് ബെഞ്ചിന്റെ ഓരം ചേർന്നിരുപ്പുറപ്പിച്ചു .
“ഉത്തര ,ഇനി ഏതു ഗ്രൂപ്പാ എടുക്കുന്നേ?.”
“കമ്പ്യൂട്ടർ സയൻസ്. അതുകഴിയുമ്പോൾ അടുത്തത്. എനിക്ക് സൈബർ സെല്ലിൽ ജോലി ചെയ്യണമെന്നാ. നിനക്കോ?”
“എനിക്ക് ഇലക്ട്രോണിക്സ്. ഐ എസ് ആർ ഒ യിൽ പോകണം .”
അവൻ ചെറു ചിരിയോടെ മറുപടി പറഞ്ഞു.
“യശ്വിൻ, നീ നന്നായി പഠിക്കണേ”
അവനെന്തോ പറയാൻ തുടങ്ങവേ, അപ്പോൾ അവരുടെ മുന്നിലൂടെ പറന്നു നടന്നചിത്രശലഭത്തെ കണ്ട സന്തോഷം അവളുടെ നീളൻ മിഴികളിൽ നിറഞ്ഞു തുളുമ്പുന്നതവൻ കണ്ടു.
“വേണോ അതിനെ?.” അവൻ ചോദിച്ചു.
“പിടിക്കാൻ പറ്റ്വോ”

അവൾ ചോദിച്ചയുടൻ അവനെഴുന്നേറ്റ് നീല പൂമ്പാറ്റയെ നോക്കി നിന്നു. പിന്നെ ശ്രദ്ധാപൂർവ്വം സൂക്ഷ്മതയോടെ അതിനെ പിടിച്ച് അവളെ ഏൽപ്പിക്കുമ്പോൾ ആ മുഖത്തു നിറഞ്ഞ സന്തോഷം അവൻ വെറുതെ നോക്കി നിന്നു .
സർട്ടിഫിക്കറ്റുമായി വീട്ടിലെത്തിയ യശ്വിൻ ആ പൂമ്പാറ്റ കഥ അമ്മയെ പറഞ്ഞു കേൾപ്പിച്ചു. പൂർത്തിയാക്കിയ ഫാബ്രിക് പെയിന്റിന്റെ അവസാന മിനുക്കുപണിയിലായിരുന്ന അമ്മ, ‘എന്നിട്ടും നീ അവളോടതുചോദിച്ചില്ലേ’?.എന്ന ചോദ്യത്തിന് ‘ഞങ്ങൾ ചെറിയ കുട്ടികളല്ലേ അങ്ങനെയൊക്കെ ചോദിക്കാമോ ഇനി ചോദിച്ചാൽ തന്നെ ‘ നീ പോടാ,’എന്നെങ്ങാനും പറഞ്ഞ് ഒള്ള സ്നേഹം കളയണോ അമ്മേ’ എന്ന മറുചോദ്യമാണ് യശ്വിനിൽ നിന്നുണ്ടായത്.
എട്ടും പൊട്ടും തിരിയാത്ത ചില ചാപല്യങ്ങൾക്ക് വശംവദനാകാത്ത കാലം അതിൻെറ വഴിയ്ക്കുനീങ്ങി. പഠന മേഖലയിൽ മികവുറ്റ യശ്വിൻ, ശാസ്ത്ര മേഖലയിൽ ചുവടുറപ്പിച്ചു. എന്നാൽ ഒരു ദിവസം അവിചാരിതമായി അവൻ്റെ ഈമെയിലിൽ മനോഹരമായ ഒരു കല്യാണക്കുറി അവനെ കാത്തു കിടന്നിരുന്നു. അതിനു താഴെ ചിറകുവിടർത്തി പറക്കാൻ വെമ്പുന്ന നീല ചിത്രശലഭത്തിന്റെ ചിത്രത്തിനു മുകളിലൂടെ എഴുതിർത്ത വാക്കുകൾ ഇങ്ങനെയായിരുന്നു.
‘യശ്വിൻ,ഞാൻ ഉത്തര. ടെൻതിൽ ഒരുമിച്ചു പഠിച്ച..ഓർക്കുന്നുണ്ടോ? നിൻ്റെ പിന്നാലെ നടന്നു ബുദ്ധിമുട്ടിച്ച ഉത്തര…സത്യത്തിൽ ഞാൻ നിന്നെ ശല്യം ചെയ്തതല്ല യശ്വിൻ. എനിയ്ക്ക്… ഒരു ഏട്ടൻ ഉണ്ടായിരുന്നു… ഞങ്ങളെയെല്ലാം സങ്കടപ്പെടുത്തി ഈ ലോകത്തോട് വിട പറഞ്ഞ ഏട്ടൻ നിന്നെപ്പോലെയായിരുന്നു. മുടി, നടപ്പ് ,കണ്ണുകൾ എല്ലാം….. നിൻ്റെ പിന്നാലെ നടക്കുന്നത് എനിയ്ക്കു വളരെ സന്തോഷമായിരുന്നു. വെഡിങ് കാർഡ് കണ്ടല്ലോ?.,തീർച്ചയായും കല്യാണത്തിന് വരണം.ഏട്ടൻ്റെ സ്ഥാനത്ത് നീയുണ്ടാവണം. ങാ, യശ്വിൻ, പറഞ്ഞതുപോലെ ഞാൻ സൈബർ സെല്ലിൽ എത്തപ്പെട്ടു. നീ ശാസ്ത്രലോകത്ത് എത്തി അല്ലേ? അപ്പോൾ നേരിൽ കാണാം”.
അവൻ വളരെ കാലമായി ചിന്തിച്ചു നിറംമങ്ങിപ്പോയ ആ ചോദ്യത്തെ നിഷ്പ്രഭമാക്കി കൂടുതൽ ഉത്തരവാദിത്വവും പക്വതയും നിറച്ച മനസ്സുമായി യശ്വിൻ
തന്റെ അമ്മയ്ക്ക് ഫോർവേഡു ചെയ്യപ്പെട്ട കത്തിനോടൊപ്പം ഉണ്ടായിരുന്ന കല്യാണക്കുറിയിലേക്ക് നോക്കിയ അവൻ്റെ അമ്മ, ഒരിയ്ക്കൽ തന്റെമകൻ്റെ പഠനത്തെ, ഉറക്കത്തെ, തടസ്സപ്പെടുത്തിയ ആ പെൺകുട്ടിയ്ക്കു വേണ്ടി ആമസോണിൽ ഒരു സമ്മാനം തിരയുകയായിരുന്നു.

രചന:ബിന്ദു ജി പാലാ

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

twenty + 18 =