SamikshaMedia

നൊമ്പരങ്ങളുടെ കൂമ്പാരത്തിൽ – By Sabu Sankar

Share Now

നൊമ്പരങ്ങളുടെ കൂമ്പാരത്തിൽ

 

കവിത – സാബു ശങ്കർ

********

ഉറുമ്പുകൾ തിരക്കിനടക്കുന്നൊരു വല്മീകത്തിൽ നിന്ന് ,

ബോധിമരത്തിന്റെ വിങ്ങുന്ന വേരുകളിൽ നിന്ന് ,

നിമിഷയുഗങ്ങളിൽ നിന്ന് ,

വാർത്തകളുടെ ദൈനംദിന കാഴ്ചകളിൽ നിന്ന് ,

ദിനപ്പത്രങ്ങളുടെ തലക്കെട്ടുകളിൽ നിന്ന് ,

പണ്ടെങ്ങോ കുറിച്ചിട്ട ഡയറിക്കുറിപ്പിൽ നിന്ന്

ഒരു അജ്ഞാത രൂപം .

പുറമേ പഴവും അകമേ വൃക്ഷവുമായ ഒരരൂപി .

 

അക്ഷരങ്ങളിൽ നിന്നത് ജനിച്ചു

അർത്ഥങ്ങൾ തിന്നുവളർന്നു

മനുഷ്യചരിത്രത്തിലൂടെ നടന്നു

രക്തവും മാംസവും പ്രാണനും കൊണ്ട്

ബലിപീഠങ്ങളിൽ പുതിയ ഉടമ്പടികൾ തീർത്തു

വിശ്വാസഗോപുരങ്ങൾ പണിതു

പല നിറങ്ങളെയും നല്ലതെന്നു നിനച്ചു

നിറങ്ങളുടെ തനിനിറ വൈരൂപ്യങ്ങളറിഞ്ഞു .

 

ആൾക്കൂട്ടത്തിന്റ രൂപാന്തരങ്ങളും

ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള

അനിവാര്യവികാസവും കണ്ടു

അതിനു തുടിപ്പുകളും തുടിതാളങ്ങളും

ഗദ്ഗദങ്ങളും ഗർജ്ജനങ്ങളും

ജനിമൃതികളും ഉണ്ടെന്നറിഞ്ഞു

ശുഭ്രമണ്ഡലത്തിലെ ശുഭപ്രഭാതങ്ങൾ

സായം സന്ധ്യകൾ , ശവകുടീരങ്ങൾ ,

പുഷ്പചക്രങ്ങളിൽ ഓർമ്മയുടെ പുളിയുറുമ്പുകൾ ,

പഴുതാരകൾ , തേളുകൾ…

 

അജ്ഞാതരൂപി സഞ്ചരിച്ചുകൊണ്ടേയിരുന്നു

കൂടെനിന്നവരേല്പിച്ച തിരുമുറിവുകളിൽ നിന്ന് ,

ഇറ്റുവീണ തുള്ളികളിൽ കൂടു വിട്ട് കൂടുമാറി ,

കാലത്തിന്റെ പ്രതിബിംബമായി മായാതെനിന്നു .

ശീർഷാസനത്തിൽ കൈകുത്തി നടക്കുന്ന

തൊഴിലില്ലാത്ത ആത്മാവുകൾക്കിടയിൽ ,

സ്തുതിപാഠകർക്കിടയിൽ ,

വ്യാജരാജാക്കന്മാരുടെ ജനാധിപത്യ

മുഖംമൂടികൾക്ക് നടുവിൽ ,

ബലൂണുകളും പടക്കങ്ങളും നിറഞ്ഞ

ഉത്സവഭൂമിയിൽ ബോധിമരത്തിന്റെ മറവിൽ

അജ്ഞാതരൂപി സാക്ഷിയായി നിന്നു .

 

കാതലിനോട് അന്യവസ്തുക്കളായ് കണ്ട്

ചേർന്നുനിൽക്കാനുപദേശിക്കുന്നു

അധികാരമോഹികൾ ഇത്തിൾക്കണ്ണികൾ

നിറംമാറുന്ന ഓന്തുകൾ വിപ്ലവഗാനമാലപിക്കുന്നു

ഭരണചക്രത്തിൽ ഇഴഞ്ഞുകയറിയ കാപട്യങ്ങളുടെ

ഉദ് വമനത്തിൽ ,

ആൾക്കൂട്ട മനഃശാസ്ത്രത്തിൽ

കാലാവസ്ഥാ മാറ്റം .

പ്രലോഭകന്റെ ശിഷ്യന്മാർക്ക്

ആശ്രിത വാത്സല്യത്തിന്റെ അഭയമുദ്രകൾ .

മാനവികതയുടെ പരിശുദ്ധ രക്തച്ചുവപ്പിൽ

കറുത്ത ചായങ്ങൾ പടരുന്നു

അപഭൃംശത്തിന്റെ കുളമ്പടിയൊച്ചകൾ

പ്രമത്തമാം സമരനൃത്തങ്ങൾ

കൈനീട്ടുന്നു അജ്ഞാതരൂപി

കൈവിട്ട് പോയത് തിരികെ പിടിക്കാൻ.

 

ദുരന്തകാവ്യത്തിന്റെ ലഹരി പുതയ്ക്കുന്നു

പേക്കിനാവിൽ അഗ്നിപർവ്വതങ്ങൾ

ഭ്രമണം തെറ്റിയ ഋതുക്കൾ പോൽ

സൂചികളില്ലാത്ത ഘടികാരങ്ങൾ ചുറ്റും പറക്കുമ്പോൾ

ക്വാണ്ടം ടണൽ വഴി നീങ്ങുന്നു അജ്ഞാതരൂപൻ

നൊമ്പരങ്ങളുടെ കൂമ്പാരത്തിൽ .

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

one × one =