ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച, ബീനാസുധാകറിൻ്റെ ‘ഉടലഴിഞ്ഞാടുന്നവർ’ എന്ന കവിതാസമാഹാരത്തെ മുൻനിർത്തി ഒരു ആലോചന.
ആട്ടക്കാരി എന്നത് തന്നെ ഒരു ശകാരപദമായ മലയാളത്തിൽ അഴിഞ്ഞാട്ടക്കാരി എന്നത് അശ്ലീലപദം തന്നെയാണ്. പെണ്ണുടലിന്റെ ഈ അഴിഞ്ഞാട്ടം ആൺ അധികാരവ്യവസ്ഥയെ പലനിലയിൽ അസ്വസ്ഥമാക്കുകയും പ്രകോപിതമാക്കുകയും ചെയ്യുന്നുണ്ട്. സൗന്ദര്യത്തിന്റെ പേരിൽ പെണ്ണിനെ സ്തുതിക്കുമ്പോൾ തന്നെ ഭൗതികമോ ആത്മീയമോ ആയ അധികാരസീമകളിലൊന്നും അത് പെണ്ണിനെ പ്രവേശിപ്പിക്കുന്നില്ല. സ്ത്രൈണ ഊർജത്തിന്റെ നിയന്ത്രണത്തെയാണ് നാം സംസ്കാരം എന്ന് പലമട്ടിൽ വിളിച്ചുവരുന്നത്. പുരുഷശരീരത്തിന്റെ വിശുദ്ധി ഒരു മതവും സ്ത്രീശരീരത്തിന് നൽകുന്നില്ല. ശിവപദം കൊതിക്കുന്ന പുരുഷൻ്റെ മുമ്പിൽ ഏറ്റവും വലിയ പ്രതിബന്ധം പെൺശരീരമാണ് .
”മിഴിമുന കൊണ്ടു മയക്കി നാഭിയാകും/
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി/ കിഴിയുമെടുത്ത് വരുന്ന മങ്കമാർതൻ/ വഴികളിട്ടു വലക്കൊലാ മഹേശാ”
എന്ന് ‘ശിവശതക’ത്തിൽ ശ്രീനാരായണഗുരു പ്രാർത്ഥിക്കുന്നുണ്ട്. ”കണ്ണേറു കൊണ്ടു കലുഷക്കടലിൽ കമഴ്ത്തും
പെണ്ണുങ്ങളും പുഴു തിന്നു പൊലിഞ്ഞു പോകും”
എന്ന് ‘കാമിനിഗർഹണ’ത്തിൽ കുമാരനാശാൻ ഭയപ്പെടുന്നതും പെൺശരീരത്തെ തന്നെ. ശിവമയമാകാൻ കൊതിക്കുന്ന പുരുഷശരീരത്തെ ശവമാക്കി കളയുന്നത് പെണ്ണാണ് എന്ന് ഈ ശ്ലോകങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

മനുഷ്യനെ ശരീരം/ആത്മാവ് എന്ന് രണ്ടായി വിഭജിക്കുകയും ശരീരം അശുദ്ധവും ആത്മാവ് വിശുദ്ധവും ആകുന്ന ദ്വൈതയുക്തി ബീനയുടെ കവിതകളിൽ നിഷേധിക്കപ്പെടുന്നു. പെണ്ണ് ഒരു ഉടൽ കൂടിയാണെന്നും ഉടലിൽ നിന്ന് വിഭക്തമായി അവൾക്കൊരു അസ്തിത്വമില്ലെന്നും കവിത സൂചിപ്പിക്കുന്നു.ആണധികാര വ്യവസ്ഥയെ പ്രകോപിപ്പിക്കുന്ന പെണ്ണുടലിന്റെ നിതാന്തമായ സാന്നിധ്യമാണ് ബീനാസുധാകറിൻ്റെ കവിതകളുടെ മൗലികമുദ്ര. തൻ്റെ ‘പെണ്മ’യിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒരുവൾ ഈ കവിതകളിൽ ഉണ്ട്. ”ഇനിയും പെണ്ണായി പിറക്കണം /പെണ്ണായിത്തന്നെ വളരണം/ പെണ്ണകങ്ങളിൽ വെളിച്ചത്തിന്റെ വിത്തുകൾ വിതറണം, വെളിച്ചപ്പാടാകണം/ ആത്മവിശ്വാസത്തിന്റെ തിരികൾ തെളിക്കണം/ ആത്മാഭിമാനത്തിൻ്റെ എണ്ണയൊഴിക്കണം..” അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തമോലോകത്ത് നിന്നും വെളിച്ചത്തിലേക്ക് കുതറാൻ വെമ്പുന്ന കവിഹൃദയം ബീനയിലുണ്ട്. “അശുദ്ധികളെല്ലാം അടിച്ചലക്കി/ പിഴിഞ്ഞു കുടയണം/ അനാചാരങ്ങൾ അടുപ്പിൽ കത്തിച്ച് ചാരമാക്കണം/ അന്ധവിശ്വാസങ്ങളെല്ലാം/ അടുക്കളപ്പുറത്തേക്ക് എറിഞ്ഞു കളയണം”
ഈ പ്രക്രിയകൾ എല്ലാം നടക്കേണ്ടത് തെരുവിലോ മൈതാനത്തിലോ അല്ല വീട്ടിലാണ്, അടുക്കളയിലാണ് എന്ന തിരിച്ചറിവ് കവിക്കുണ്ട്.

‘ഉടലഴിഞ്ഞാടുന്നവർ’ എന്ന കവിതയിൽ ഈ ദ്വൈത യുക്തിയെ കവി എങ്ങനെ കാണുന്നു എന്നു നോക്കാം.ആത്മാവിനെ അറിഞ്ഞവൾക്ക് ലഭിക്കുന്ന ധൈര്യം, ശക്തി ഇവയെല്ലാം വിസ്തരിക്കുന്ന ഒരു കവിതയിൽ ഒരു വരിയിൽ നമ്മുടെ കണ്ണുകൾ ഉടക്കുന്നു. ”ആത്മാവിനെ അറിഞ്ഞവൾക്ക് മരണമില്ല/ അവൾ പലതവണ മരിച്ചു കഴിഞ്ഞതാണ്” ശസ്ത്രങ്ങൾക്കോ അഗ്നിക്കോ ജലത്തിനോ കാറ്റിനോ ശോഷിപ്പിക്കാൻ കഴിയാത്ത ആത്മാവിനെക്കുറിച്ച് ഭഗവദ്ഗീതയിൽ പറയുന്നുണ്ടല്ലോ. എന്നാൽ ഈ ആത്മാവിനെ വഹിക്കുന്ന ശരീരത്തിന് നിരവധി മരണങ്ങൾ ഉണ്ടെന്ന് എഴുതുമ്പോൾ ബീനയുടെ കവിതകൾ പ്രതിരോധത്തിന്റെ അഗ്നിശലാകകൾ ആകുന്നു .
സമൂഹത്തിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നത് സമൂഹം അത്രയൊന്നും ഇഷ്ടപ്പെടുന്നില്ല. ചോദ്യങ്ങൾ ചോദിക്കുന്നവർ തിരസ്കൃതരായും
ബഹിഷ്കൃതരായും രക്തസാക്ഷികളായും മാറേണ്ടി വരും. “ചോദ്യങ്ങൾ ചോദിച്ചുതുടങ്ങിയത് മുതലാണ് അമ്മയുടെ സ്നേഹവലയത്തിൽ നിന്ന് ഞാൻ പുറത്തായിപ്പോയത്”, സ്നേഹവും പ്രണയവുമെല്ലാം വല്ലാത്തൊരു ‘കെണി’യാണെന്ന് ബീന പറയുന്നുണ്ട്. ചോദ്യങ്ങൾ വിഴുങ്ങിയാൽ എല്ലാ പ്രശ്നങ്ങളും തീരും(വീട് നിങ്ങൾക്ക് സ്വന്തമല്ല).
നാം ജീവിക്കുന്ന ലോകം ആൺനോട്ടങ്ങളാൽ നിർമ്മിതമാണ്. അതിൻ്റെ സൗന്ദര്യസാരവും ധാർമിക സദാചാര വ്യവസ്ഥകളുമെല്ലാം പുരുഷകേന്ദ്രിതമാണ്. അതിനാൽ ഒരു പെണ്ണ് എഴുതുമ്പോൾ ലോകം കീഴ്മേൽ മറിയുന്നു. അവളുടെ പെൺനോട്ടങ്ങൾ ഒരു പുതിയ വൻകരയെ കണ്ടെത്തുന്നു. ശരീരത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും അവൾ പറയുമ്പോൾ അധികാരത്തിനെതിരായ പോരാട്ടത്തിന്റെ സൂര്യതേജസ്സ് അതിനുണ്ട്.
സതീഷ് കുമാർ സി. കെ.
Leave a Reply