SamikshaMedia

ചെറുകഥ “ഉടൽ” രചന: ഹരീഷ്. മൂർത്തി മുംബൈ

shortstory-udal-by harish-moorthy
Share Now

ജുനൈദ്,
എനിക്കരുകിൽ നിന്നോളൂ. ഇന്നലെയിലൂടെ കടന്നുപോയ നിനക്ക് ഭയമുണ്ടാവില്ലയെന്നു കരുതട്ടെ. എന്‍റെ തിളക്കമുള്ള മൂർച്ച ഇന്ന് കീറിമുറിക്കുന്നത് മഞ്ജുവിനെയാണ്. കാലിന്റെ തള്ളവിരലിൽ കെട്ടിയടാഗിൽ അവളുടെ മൃതദേഹത്തിന്റെ നമ്പറുണ്ട്. ഇനി അവളുടെ പേരിനു പ്രസക്തിയില്ലല്ലോ.
മോർച്ചറിക്കിപ്പുറമുള്ള കുടുസ്സുറൂമിന്റെ ഇരട്ടജനാലകൾ ഇപ്പോൾ അടക്കപ്പെടും, പുറത്ത് മഴയിരമ്പുന്നു.

മഞ്ജുവിനെ ഒന്ന് തൊട്ടുനോക്കു. മോർച്ചറി കാബിനറ്റ് വല്ലാതെതണുപ്പിച്ച അവളുടെ പുരികങ്ങളിൽ രക്തവും ഐസുതരികളും ഒട്ടിച്ചേർന്നിരിക്കുന്നു. അവൾ
വല്ലാതെതണുത്തിരിക്കുന്നു.
ഇളകികളിക്കുന്ന രജിസ്ട്രേഷൻ പേപ്പറിൽ എല്ലാമുണ്ട് വായിച്ചുനോക്കൂ.
പേര് : മഞ്ജു
വയസ്സ് : 14
ഉയരം. …….
ഭാരം. ……..
ജുനൈദ്, നീ തുറിച്ചുനോക്കേണ്ട നിന്‍റെ ജാതകത്തിന്റെ അവസാനപേജും ഇന്നലെ ഇതേപോലെ ഇടറിക്കറങ്ങുന്ന
ഫാനിന്റെ കാറ്റിൽ ഇതേടേബിളിൽ വിറച്ചിരുന്നു, പേരും, ഉയരവും, ഭാരവും, നിറവും മാത്രം വ്യത്യാസപെട്ടു.
നീലഗ്ലൗസണിഞ്ഞ കൈവിരലുകൾ എന്നെ മുറുക്കിപിടിച്ചുകഴിഞ്ഞു. എപ്പോഴുമുള്ള സംശയം ഇപ്പോഴും എനിക്കുതോനുന്നു. വിറച്ചുവീഴാതിരിക്കാൻ ആരെ, ആരാണ് മുറുക്കിപ്പിടിക്കുന്നതു.? ഗ്ലൗസിട്ടവിരലുകൾ എന്നെയോ അതോ ഞാൻ ആ വിരലുകളെയോ.?

ജുനൈദ്, ഇന്ന് മഴ
നേരത്തെയെത്തി ആരോടോയുള്ള
പ്രതിഷേധമറിയിക്കാൻ കാറ്റ് ജനാലകളിൽ ആഞ്ഞുമുട്ടുന്നു. ഇന്നലെ, ഇതേടേബിളിൽ നീ കിടന്നപ്പോൾ നിന്നെ ഞാൻ
മുറിച്ചുകയറും മുൻപ് ശ്രദ്ധിച്ചത് നിന്‍റെ കുഞ്ഞിളം കൈവിരലുകളായിരുന്നു. ഒരിക്കലും ബാല്യം വിട്ടുപോകില്ലെന്നു വാശിപിടിക്കുന്ന വിരലുകൾ. നിന്‍റെ ചുണ്ടുകളും ഇതുപോലെതന്നെ മുറിഞ്ഞിരുന്നു. അവളുടെ കവിളുകളിൽ ആഴ്ന്നിറങ്ങിപോയ കൂർത്തനഖക്ഷതങ്ങൾ മറ്റൊരുതരത്തിൽ നിന്‍റെ നെഞ്ചിലും, പിന്നെ അടർന്നുപോയ
ഇടതുമുലക്കണ്ണിലുമുണ്ടായിരുന്നു അല്ലേ.?
ശക്തമായി എന്നെ പിടിച്ചവിരലുകൾ അവളുടെ നഗ്നമായ നെഞ്ചിൻനടുവിലേക്ക് എന്നെ വലിച്ചിഴക്കാൻ തുടങ്ങിയിരിക്കുന്നു. വരവണ്ണംതെറ്റാതെ ആദ്യത്തെ മുറിവിനായി. തകർന്നവാരിയെല്ലുകളിൽ ചിലതു പുറത്തേക്കു തുറിച്ചുനോക്കുന്നു. അവസാനം മുറുക്കിപിടിച്ച കഴുത്തിലെ ശ്വാസഞരമ്പുകൾ നിറംമാറിയിരിക്കുന്നു. എഴുന്നുനിൽക്കുന്ന അവയൊന്നു പിടച്ചു, അവൾ ചുമച്ചു കണ്ണുതുറക്കുമോയെന്നു തോന്നിപ്പോകുന്നു. നഖങ്ങളും, പല്ലുകളും മത്സരിച്ച അവളുടെ നെഞ്ചാകെ ചോരയുണങ്ങികിടക്കുന്നു. ചതഞ്ഞ
ഇടതുകണ്ണ് പാതിയടഞ്ഞും
നെറ്റിക്കുനടുവിലെ കുഞ്ഞു സിന്ദൂരപൊട്ട് ഒഴിഞ്ഞുപോയൊരു ചുവപ്പുമാത്രം ബാക്കിയിട്ടിരിക്കുന്നു.

ജുനൈദ്, ആശ്ചര്യം തോന്നുന്നുണ്ടോ നിനക്ക്.? സാമ്യങ്ങൾ
നിങ്ങളെതേടിവന്നതോ.? അതോ യാദൃശ്ചികമോ.?
നിന്‍റെ നെഞ്ചിലെ സിഗരറ്റുകുറ്റികൾ കുത്തിക്കെടുത്തിയ കരിഞ്ഞപാടുകൾ അവളുടെ അരക്കെട്ടിനുചുറ്റും,
തുടക്കാമ്പുകളിൽ, കണംകാലിൽ അതുപോലെ വികൃതമായ
കരിഞ്ഞചിത്രങ്ങൾ വരച്ചിരിക്കുന്നു. ഒടിച്ചുമടക്കിയ അവളുടെ കാലുകൾ നിവർത്തിവയ്ച്ചപ്പോൾപൊടിഞ്ഞ എല്ലുകളുടെ ശബ്ദംപോലും ഇന്നലെ നിന്നിൽ കേട്ടതുതന്നെയായിരുന്നു.
പുറത്തു മഴതിമിർക്കുന്നു.
ചൂളംകുത്തുന്ന കാറ്റ്, നമ്മോടു എന്തോ പറയാനെന്നവണ്ണം
ജനാലചില്ലുകളിൽ വല്ലാതെ ചുരമാന്തുന്നു. മുരണ്ടുപഴകിയ വിൻഡോ എ സിയുടെ തണുപ്പിലായ്മ എന്നെപ്പിടിച്ച വിരലുകളുടെ നേരിയ വിറയലുകളിലും, ഗ്ലൗസ്
തുരന്നേറിവരുന്നചൂടിലും എനിക്കറിയാനാവുന്നു. ഈ മുറിയിൽ എപ്പോഴും ഇങ്ങനെയാണ്. എ സി യുടെ മുരൾച്ച ഓരോ കീറിമുറിക്കലിനും എനിക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നു. വിയർപ്പും, രക്തവും കൂടിച്ചേർന്ന
മരണഗന്ധം ആരൊ ആവശ്യത്തിലേറെ അടിച്ച സ്പ്രേപോലെ മുറിയാകെ
ചൂഴ്ന്നുനിൽക്കുന്നു.

ജുനൈദ്, നിന്‍റെ കണ്ണുകളിലെ നനവ് എനിക്കുമാത്രം കാണാനാകുന്നു. ഇന്നലെ നീ ഇതുപോലെ ഈ തുരുമ്പിച്ച ടേബിളിൽ കീറിമുറിക്കപ്പെടുമ്പോൾ
ഒരുപാടുനിശ്വാസങ്ങൾ
ഉതിർന്നിരുന്നു ഈ മുറിയിൽ. അറ്റൻഡർ മുരുകന്റെ മദ്യം ചുവപ്പിച്ച കണ്ണുകൾപോലും ചെറുതായിനനഞ്ഞിരുന്നു. തലയോടിൽ പ്രഹരിക്കേണ്ട ഹാമറുമായി മുരുകൻ
ഏറെനേരം എന്തോ ആലോചിച്ചു നിന്നിരുന്നു ഇന്നലെ. ഒടുവിൽ നെറ്റിക്ക് മുകളിൽ സ്റ്റിച്ചുകളിടുമ്പോൾ, വികൃതമാകാതെ ഒരൊ
നക്ഷത്രകുഞ്ഞുങ്ങളെ അവൻ നിന്നിലേക്ക്‌ കോർത്തിടുന്നതുപോലെ
എനിക്കുതോന്നി.അവൻ ആദ്യമായി ശബ്ദമില്ലാതെ വിമ്മിക്കരയുന്നതും കണ്ടു. എന്നെ ഇറുക്കിപ്പിടിച്ച, സർജൻ ഐസക്കിന് ഇന്നും ഇന്നലെത്തെപ്പോലെ
വേഗവിരലുകളില്ല.

ജുനൈദ്, കേട്ടറിവിൽ ഇവൾക്കും താങ്ങായി, തണലായി അധികമാരുമില്ല. ഇന്നലെ നിന്‍റെ ഉമ്മ കരഞ്ഞുതളർന്നിരുന്ന പുറത്തെവരാന്തയുടെ നിറമടർന്ന തൂണിനു താഴെ, ഇന്ന് ഇവളുടെ അച്ഛൻ ഇരിപ്പുണ്ട്. ജനാലകൾ വലിച്ചടക്കുംമുൻപ്
ട്രേയിൽനിന്നുമുള്ള എന്‍റെ എത്തിനോട്ടത്തിൽ ഞാൻ കണ്ടിരുന്നു, നിന്‍റെ ഉമ്മയെപ്പോലെ ഇനിയും കരയാൻ, കണ്ണീരു കടംതേടുന്ന ആ തകർന്ന മനുഷ്യനെ. പതംപറച്ചിലുകളും, പിറുപിറുക്കലുകളും കേൾക്കരുതെന്നു എത്രയാഗ്രഹിച്ചാലും, എന്‍റെ നിസ്സഹായതക്കുമുകളിലൂടെ
ഓരോ മരണത്തിന്റെയും
മൂലകാരണകഥകൾ എന്നിലേക്ക്‌ ഒഴുകിയെത്തും. എന്‍റെ മൂർച്ചയെ ഞാൻ ഓരോ വട്ടവും ശപിക്കുന്നതുപോലെ ആ കഥകളെയും ഞാൻ സ്വയം
ശപിച്ചുകേൾക്കും. കാതുകൾ കൊട്ടിയടക്കാനാവാത്തവന്റെ നിസ്സഹായത.

ജുനൈദ്, നിന്നെ മദ്രസയുടെ പുറകിലെ നനഞ്ഞമണ്ണിനടിയിൽനിന്നും കോരിയെടുക്കുമ്പോൾ കൂട്ടക്കരച്ചിൽ ഉയർന്നിരുന്നുവത്രെ.
കടുംകെട്ടുകെട്ടിയ പ്ലാസ്റ്റിക്കുചാക്കിൽ, നീ വല്ലാതെനഗ്നനായി ഒടിഞ്ഞുമടങ്ങിയിരുന്നു. ഉസ്താദിന്റെ ഊദിന്റെഗന്ധം വിട്ടുപോകാൻ മടിച്ചിരുന്ന നിന്‍റെ കഴുത്തിന്റെ കശേരുക്കളും ഒടിച്ചിരുന്നു. കഴുത്തിൽമുറുകിയ വിരൽപ്പാടുകളുടെ ജാതകം തിരഞ്ഞുപോയവർ തിരിച്ചുവന്നപ്പോൾ, നിന്‍റെ ഉസ്താദും ഉണ്ടായിരുന്നത്രെ, കൈകൾ കൂട്ടിയണിയിച്ച ഒരു വിലങ്ങുമായി. നിന്‍റെ കുഞ്ഞുജനനേന്ദ്രിയത്തിലേക്കും, ഗുഹ്യതയിലേക്കും നിരങ്ങിനീങ്ങിയ ഞാൻ കണ്ടത്, ഉസ്താദിന്റെ തുരന്നേറിയ പൗരുഷം വികൃതമാക്കിയ ചോരപ്പാടുകളായിരുന്നു.

ജുനൈദ്, നീ കാണുന്നുണ്ടോ ? ഇവളുടെ തകർന്നജനനേന്ദ്രിയം, ചില്ലുകളുടെ ചീളുകൾപോലും എഴുന്നുനിൽക്കുന്നു അവിടെ. നഖവും, പല്ലും വീണ്ടുംവീണ്ടും മത്സരിച്ചോടിയ അവളുടെ തുടക്കാമ്പുകൾ, കണങ്കാലുകൾ, കുഞ്ഞുവിരലുകൾവരെ വല്ലാതെവികൃതപ്പെട്ടിരിക്കുന്നു. മുറിഞ്ഞടർന്നചുണ്ടുകളിൽ ഒരു വിതുമ്പൽ ഇപ്പോഴും കുടുങ്ങികിടക്കുന്നതുപോലെ തോന്നുന്നുണ്ടോ.? ഭഗവതിക്കാവിൽ തീയ്യാട്ടത്തിനു കൊരുത്തമാലകൾ പതിവുപോലെ കൊടുക്കാൻ പോയതാണത്രേ അവൾ. വിടലച്ചിരിയിൽ മധുരംപൊതിഞ്ഞ വൃദ്ധനായ പൂജാരി, കാവിനുപുറത്തു മുക്കൂറ്റിപൂത്തത് കാണാൻ അവളെ വിളിച്ചപ്പോൾ അവൾ കരുതിയില്ലായിരിക്കും പെട്ടെന്ന് അയാൾ അടച്ചനടക്കകത്തും, പുറത്തും മറ്റാരുമില്ലെന്നു. മുട്ടോളംവളർന്ന പുല്ലുകൾക്കിടയിൽനിന്നും, അവളെ കണ്ടെടുക്കുമ്പോൾ അവിടെയും കൂട്ടക്കരച്ചിലുകൾ ഉണ്ടായിരുന്നു. അവളുടെ ചുരുട്ടിപിടിച്ച വലതുഉള്ളംകയ്യിൽ വല്ലാതെ ഞെരിഞ്ഞുപിഞ്ഞിപ്പോയ കുറെ
മുക്കൂറ്റിപൂക്കളും.

ജുനൈദ്, ഈരെഴതോർത്ത് വട്ടംചുറ്റി അടയാളംവരച്ച അവളുടെ
കഴുത്തും ഒടിഞ്ഞിരിക്കുന്നു. തുറന്നവായിൽ വഴുവഴുപ്പിന്റെ സ്ഖലനകണികകൾ ഇപ്പോഴും ബാക്കിയാണ്. നിന്‍റെ തകർന്ന അണ്ണാക്കിലും, ഉരഞ്ഞുമുറിഞ്ഞ നാവിലും കണ്ട പൗരുഷത്തിന്റെവഴുവഴുത്ത അതെ
സ്ഖലനകണികകൾ.

ജുനൈദ്, മഴ നേർത്തുവരുന്നു. എന്‍റെ ജോലിയും. എന്‍റെ മൂർച്ചകൾ അവളിൽ ഏറെക്കുറെ സഞ്ചരിച്ചുകഴിഞ്ഞു.
എടുത്തുവച്ച ദ്രവങ്ങളിലും,
ശരീരഭാഗങ്ങളിലും ഇനിയും അന്വേഷണത്തിന്റെ നാമ്പുകൾ
ഏറെസഞ്ചരിക്കുമായിരിക്കും.
അവസാനതുന്നിക്കെട്ടുംകഴിഞ്ഞു, മുരുകൻ തറയിൽ തളർന്നിരിക്കുന്നു ഇന്നലത്തെപ്പോലെതന്നെ. സർജന്റെ വിരലുകളിൽനിന്നും ഞാൻ സ്വാതന്ത്രനാക്കപ്പെട്ടുകഴിഞ്ഞു. എന്നിൽ ഇപ്പോൾ സ്പിരിറ്റിൽ എത്രകഴുകിതുടച്ചിട്ടും ഊദിന്റെയും, മുക്കൂറ്റിയുടെയും
നേരിയഗന്ധം ബാക്കിയുണ്ട്.

ജുനൈദ്, തുറന്നവാതിലിലൂടെ
തണുത്തകാറ്റ് തള്ളിക്കയറുന്നു.
എത്രശ്രമിച്ചിട്ടും പൂർണ്ണമായി അടക്കാനാവാത്ത അവളുടെ ഇടംകണ്ണിനും തുറന്നുപോയ വായക്കും
മുകളിലേക്കു നീട്ടിവിരിച്ച
വെള്ളപുതപ്പിൽ മുരുകൻ അവളെ അവസാനമായി
അലങ്കരിച്ചു തീർത്തുകഴിഞ്ഞു.

ജുനൈദ്, ഇനിയുമൊരു കൂട്ടക്കരച്ചിൽ ഇന്നലെപോലെ എനിക്ക്
കേട്ടുനിൽക്കാനാവില്ല. ഈ വാതിൽ തുറക്കുമ്പോഴെല്ലാം സാക്ഷിയാകേണ്ടിവരുന്ന കൂട്ടക്കരച്ചിലുകൾ.

ജുനൈദ്, നീ മെല്ലെ അവളുടെ
കരംപിടിക്കുക. കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്കു നോക്കി ഒന്നു പുഞ്ചിരിക്കുക, അവൾ, നിന്‍റെ ചുരുളൻ മുടിയിഴകളിലേ ചെമ്മണ്ണു തട്ടിക്കളയും. തുറന്നിട്ടജനാലയിൽ കാറ്റുവന്നു വിളിക്കുന്നുണ്ട് നിങ്ങളെ.
അവൻ നിങ്ങളെ കരിമേഘങ്ങൾക്കപ്പുറം ഒരു ലോകത്തെത്തിക്കും. ശൂന്യത അവിടെ നിങ്ങളെ വാരിപ്പുണരും. ഗ്രഹങ്ങളും, നക്ഷത്രങ്ങളും അവിടെ
നിങ്ങൾക്കുകളിപ്പാട്ടമാകും. അവിടെ രക്ഷിക്കാനും, ശിക്ഷിക്കാനും ദൈവവും, മതവും ഉണ്ടാവില്ല. മേഘത്തുണ്ടിൽ പറന്നേറുമ്പോൾ വിശക്കില്ല, ദാഹിക്കില്ല, ചൂടും, തണുവുമറിയില്ല. അവിടെ ഭയക്കാൻ ഇരുളില്ല. വിടലച്ചിരിയുള്ള പൂജരിയും, ആർത്തിയുടെ കണ്ണുകളുള്ള ഉസ്താദുമില്ല. ഇനിയും ഒരു മരണംപോലും ഭയക്കാനില്ലാത്ത നിങ്ങൾക്കവിടെ കടംകഥകൾ പറഞ്ഞും, കളിച്ചും, ചിരിച്ചും അനശ്വരരാകാം.

കാറ്റ് അടയാളംകാട്ടിയപോലെ
ജനാലവിരികളെ ഒന്നുവിറപ്പിച്ചു.
മലർക്കെതുറന്ന വാതിലിനു മുൻപിൽ ഒരു കൂട്ടക്കരച്ചിൽ വീണ്ടും പിടഞ്ഞുവീണു. മുറിയിലെ ശൂന്യതയിൽ ജുനൈദ് ഉണ്ടായിരുന്നില്ല, സ്‌ട്രെക്ച്ചറിൽ
കാറ്റുവിറപ്പിക്കുന്ന വെള്ളപുതപ്പിനു താഴെ ഒരു പക്ഷെ അവളും. ദൂരെ ആകാശത്തിൽ, അറിയാതെ അകപ്പെട്ടുപോയ ഒരു
തുണ്ടുവെന്മേഘത്തിനടുത്തേക്കു
ചുറ്റുംനിന്നു കരിമേഘങ്ങൾ ആക്രമിക്കാനെന്നവണ്ണം
പാഞ്ഞുവരുന്നുണ്ടായിരുന്നു. പെട്ടെന്ന്
കാഴ്ച്ചമറച്ചു ജനാലക്കപ്പുറം ആർത്തിരമ്പി ഒരു മഴയും…..

shortstory-udal-by harish-moorthy

✍️……Harish Moorthy

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

14 − two =