നോമ്പുകാല ചിന്തകൾ അദ്ധ്യായം പത്ത് – പക്ഷം By Joy Mathew
പക്ഷം ചേരാതിരിക്കുന്നത് വലിയ തെറ്റാണ്. ക്രിസ്തുവിന്റെ വിചാരണ പീലാത്തോസിന്റെ അരമനയിൽ നടക്കുകയാണ്. ഞാനീ മനുഷ്യനിൽ കുറ്റമൊന്നും കാണുന്നില്ലെന്ന് പറഞ്ഞയാൾ എന്തു കൊണ്ട് നിഷ്കളങ്കനായ അയാളുടെ പക്ഷം ചേർന്നില്ല.? കുറ്റം ചെയ്യാത്ത ആളെ സംരക്ഷിക്കാൻ ഭരണാധികാരി അയാളുടെ പക്ഷത്ത് നിന്നില്ലെങ്കിൽ വേറെ ആരു നിൽക്കുമെന്നാണ്.! പകരം അയാൾ ചെയ്യുന്നതോ ? ഭൂരിപക്ഷ അഭിപ്രായത്തിന് ഒക്കെ വിട്ടു കൊടുത്ത് കൈ കഴുകി കളഞ്ഞു. ക്രിസ്തുവിനു കുരിശു മരണവും ബറാബാസിനു സ്വാത്രന്ത്ര്യവും.
നമ്മുടെ പക്ഷം ചേരലുകൾ ധ്യാനിക്കാവുന്ന ദിവസമാണ്. ശരിയെന്നു ഉറപ്പുള്ളതിനോട് പക്ഷം ചേരാൻ കഴിയാതെ വരുന്നുണ്ടോ? പലപ്പോഴും മൗനം കൊണ്ട് നാം നമ്മെത്തന്നെ മുദ്ര വയ്ക്കുന്നത് തെറ്റു തന്നെയല്ലേ? കണ്ണുണ്ടായിട്ടും കാണാത്തവനെപ്പോലെയും കാതുണ്ടായിട്ടും കേൾക്കാത്തവനെപ്പോലെയും നിലപാട് എടുക്കാറുണ്ടോ?
ഒരു അനുകൂല സ്വരം പീലാത്തോസിന്റെ അരമന മുറ്റത്ത് ഉയർന്നിരുന്നെങ്കിൽ..! ശരിയാണ്, സമ്മതിക്കുന്നു. രക്ഷാകര ചരിത്രം പൂർത്തിയാകാൻ അതൊക്കെ സംഭവിക്കേണ്ടിയിരുന്നതു തന്നെയാണ്. എന്നാലും, കഷ്ടം പറഞ്ഞും പതം പറഞ്ഞും കരഞ്ഞും പിന്നാലെ വന്ന ആ സ്ത്രീകൾക്കു പോലും ക്രിസ്തുവിനു വേണ്ടി ഒരു അനുകൂല സ്വരമുയർത്താൻ കഴിഞ്ഞില്ല? കൂടെ ക്രൂശിക്കപ്പെട്ടാലോ എന്ന ഭയമല്ലാതെ മറ്റെന്താണത്?


ഹൃദയം തകർന്നവനോട്, ഞാൻ അറിഞ്ഞാരുന്നു കേട്ടോ, കഷ്ടമുണ്ട് എന്നു പറയുന്നത് വളരെ എളുപ്പമാണ്. അനുകമ്പയുടെ നാലു പ്രയോഗങ്ങൾ എറിഞ്ഞിട്ടു പോകാനും ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ ഒപ്പം നിൽക്കുന്നത് ചില നഷ്ടങ്ങൾ ഉണ്ടാക്കും. പലപ്പോഴും നമ്മെ ലജ്ജിപ്പിക്കുന്നത് നമ്മുടെ അപകടകരമായ മൗനവും മാറി നിൽക്കലുമാണ്. സുരക്ഷിത തീരങ്ങളിൽ മാത്രം യാത്ര ചെയ്യുന്നവർ..!
യാത്ര ചെയ്ത വിമാനത്തിൽ സെർവ് ചെയ്ത ഭക്ഷണം കഴിക്കാതെ പൊതിഞ്ഞു വാങ്ങിയ മദർ തെരേസയെക്കുറിച്ച് വായിച്ചു. കാരണം, അവരുടെ ഹൃദയം സദാ സമയവും കൽക്കത്തയിലെ വിശന്ന വയറുകൾക്കൊപ്പമായിരുന്നു. നമ്മുടെ പക്ഷം ചേരലുകൾക്കായി വിശക്കുന്ന എത്രയോ പേർ ! ചിലപ്പോൾ നാം താമസിക്കുന്ന മേൽക്കൂരകൾക്കു കീഴിൽ … ജോലിയിടത്ത് തൊട്ടടുത്ത കസേരയിൽ … അയൽപക്കത്ത്… എന്നിട്ടും കൈ കഴുകിയും മാസ്ക് അണിഞ്ഞും നാം…!
![]()










Leave a Reply