Skip to main content

SamikshaMedia

സീറോ-മലബാർ സഭയിലെ ഐക്യം ശക്തിപ്പെടുത്താൻ ‘കമ്മ്യൂണിറ്റി എംപവർമെന്റ് ഹാൻഡ്‌ബുക്ക്’; കർദിനാൾ ജോർജ് കൂവക്കാട് പ്രകാശനം ചെയ്തു

Share Now

  മിസിസാഗ:
സീറോ-മലബാർ മിസിസാഗ എപ്പാർക്കിയുടെ നേതൃത്വത്തിൽ സമൂഹശാക്തീകരണത്തിനും നേതൃത്വവികസനത്തിനും സഭാ ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി തയ്യാറാക്കിയ ‘കമ്മ്യൂണിറ്റി എംപവർമെന്റ് ഹാൻഡ്‌ബുക്ക്’ കർദിനാൾ ജോർജ് കൂവക്കാട് പ്രകാശനം ചെയ്തു.

സിസ്റ്റർ പ്രസന്ന തട്ടിൽ നയിച്ച പ്രാരംഭ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് വികാരി ജനറാൾ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ  ആമുഖ പ്രസംഗം നടത്തി.

സ്വാഗത പ്രസംഗം നടത്തിയ മിസിസാഗ സീറോ-മലബാർ എപ്പാർക്കി ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ ഹാൻഡ്‌ബുക്കിന്റെ പ്രകാശനത്തെ എപ്പാർക്കിയുടെ ചരിത്രത്തിലെ അസാധാരണവും സുപ്രധാനവുമായ നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ചു. എപ്പാർക്കിയുടെ വളർച്ചയ്ക്കായി ദൈവം നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി അർപ്പിച്ച അദ്ദേഹം, ഈ ഹാൻഡ്‌ബുക്ക് തയ്യാറാക്കിയ സംഘത്തെ പ്രത്യേകം അഭിനന്ദിച്ചു.

11 പ്രധാന വിഷയങ്ങളെ ആസ്പദമാക്കി രൂപപ്പെടുത്തിയിരിക്കുന്ന ഈ ഹാൻഡ്‌ബുക്കിൽ എപ്പാർക്കി തലത്തിലും, ഇടവക തലത്തിലും, വിവിധ സംഘടനാ-ഗ്രൂപ്പ് തലങ്ങളിലും നടപ്പിലാക്കാവുന്ന വ്യക്തമായ പ്രവർത്തന പദ്ധതികളും നേതൃത്വ മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിഷപ്പ് പറഞ്ഞു.

മിസ്റ്റർ ജോസ് വർഗീസ് നേതൃത്വം നൽകിയ സംഘത്തിൽ സിസ്റ്റർ പ്രസന്ന തട്ടിൽ, റോയ് വർഗീസ് എന്നിവരുടെ പ്രധാന പങ്കാളിത്തത്തോടെയാണ് ഹാൻഡ്‌ബുക്ക് തയ്യാറാക്കിയത്.

എപ്പാർക്കി കോ-ഓർഡിനേറ്റർ സിജു മാത്യു ഹാൻഡ്‌ബുക്കിന്റെ ആദ്യപ്രതി കർദിനാൾ ജോർജ് കൂവക്കാടിന് സമർപ്പിച്ചു. തുടർന്ന് അസിസ്റ്റന്റ് വികാർ ഫാ. ജസ്റ്റിൻ, വിശുദ്ധ അൽഫോൻസാ കത്തീഡ്രലിലെ കൈക്കാരൻമാരായ ജോയ്സ് ജോസഫ്, സണ്ണി കായ്യാണിയിൽ, ചർച്ച് കോ-ഓർഡിനേറ്റർ തോമസ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു .

തന്റെ മുഖ്യപ്രഭാഷണത്തിൽ കർദിനാൾ ജോർജ് കൂവക്കാട്, മാർപാപ്പ ഫ്രാൻസിസ് നിയമിച്ച അവസാന കർദിനാളാണ് താനെന്ന് അനുസ്മരിച്ചു. കൂടാതെ, മാർപാപ്പ ലിയോ പതിനാലാമൻ ലോകസമാധാനത്തെയും മനുഷ്യരുടെ കൂട്ടായ്മയെയും കുറിച്ച് 400-ലേറെ തവണ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സീറോ-മലബാർ സഭയിൽ ഇന്നും കൂടുതൽ ഐക്യം വളർത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും, അതിലേക്കുള്ള ഒരു ശക്തമായ ചുവടുവയ്പ്പാണ് ഈ കമ്മ്യൂണിറ്റി എംപവർമെന്റ് ഹാൻഡ്‌ബുക്ക് എന്നും കർദിനാൾ പറഞ്ഞു. “നമ്മുടെ ലക്ഷ്യം യേശുക്രിസ്തുവായിരിക്കണം; വ്യക്തിപരമായ താൽപര്യങ്ങളല്ല, ക്രിസ്തുവിലൂടെ സഭയുടെ ഐക്യമാണ് ഏറ്റവും വലിയ ദൗത്യം” എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നേതൃത്വ പരിശീലനം, ഇടവക നവീകരണം, സമൂഹ ശാക്തീകരണം, സഭയിലെ ഐക്യം എന്നിവ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ ഈ ഹാൻഡ്‌ബുക്ക് മിസിസാഗ എപ്പാർക്കിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന സുപ്രധാന രേഖയാണ് .

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

4 × 5 =