ബംഗാൾ വിപ്ലവത്തിന്റെ ചരിത്രത്തെ വർത്തമാന പ്രസക്തിയോടെ അവതരിപ്പിക്കുകയാണ് സി.ഗണേഷിന്റെ ‘ബംഗ’ എന്ന നോവലിൽ. വംഗദേശത്തിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ആദ്യ മലയാള നോവൽ എന്ന് പറയാം. കൊളോണിയൽ ആധുനികത, വിപ്ലവത്തിന്റെ കനലെരിഞ്ഞ ഗ്രാമങ്ങൾ, തോട്ടം മേഖലയിലെ ഗോത്ര ജനതയുടെ അടിമജീവിതം, അവരുടെ ജീവിതത്തിൽ വിമോചനത്തിന്റെ ഇടിമുഴക്കമായി പ്രത്യക്ഷപ്പെട്ട വിപ്ലവകാരികൾ, രാഷ്ട്രീയ നൈതികത തകർന്ന ബംഗാളിന്റെ വർത്തമാന ചരിത്രം ഇവയെല്ലാം, ഡോക്യുഫിക്ഷൻ സ്വഭാവമുള്ള ഈ നോവലിൽ അവതരിപ്പിക്കുന്നുണ്ട്.
മാത്രമല്ല, സൈബർ യുഗത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെക്കുറിച്ചുള്ള പ്രവചന സ്വഭാവവും ഈ നോവലിന്റെ പ്രത്യേകതയായി പറയാം. പീഡിതമായ സാഹചര്യങ്ങളെ അതിജീവിച്ച്, നൈതികതയുടെ നക്ഷത്രങ്ങളായിത്തീരുന്ന, വിമോചനാശയങ്ങളുള്ള സൈബർ പോരാളികളിലൂടെ ഒരു പുതിയ രാഷ്ട്രീയ സംസ്കാരം ഈ നോവൽ മുന്നോട്ട് വയ്ക്കുന്നു.

അനീതി കാണുമ്പോൾ നമ്മിൽ ഒരു നക്സൽ പിടഞ്ഞുണരുന്നുണ്ട്. ഈയൊരു തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്ന നോവലാണ് ‘ബംഗ.’

നോവൽ രചനയെക്കുറിച്ച് എഴുത്തുകാരൻ ഇങ്ങനെ പറയുന്നു:
“വ്യവസ്ഥയ്ക്കകത്ത് വീർപ്പുമുട്ടുന്നവരെയും വ്യവസ്ഥയോട് കലഹിക്കുന്നവരെയും എല്ലായിടത്തും കാണാം. അവർ എണ്ണത്തിൽ വളരെ കുറവായിരിക്കും. പരാജയപ്പെടുമെന്നറിഞ്ഞിട്ടും അവർ പക്ഷേ പോരാട്ടത്തിൽ ഏർപ്പെടുന്നു. അവരനുഭവിക്കുന്ന സംഘർഷം അളക്കാവതല്ല. സ്വന്തം നീതിബോധമാണ് അവരുടെ മൂലധനം. നൈതികതയുടെ ഒരു വഴി കാണിച്ചു കൊടുക്കുകയല്ലാതെ നക്സലൈറ്റുകൾ ചെയ്യുന്നതും മറ്റൊന്നല്ല.”
‘കൂവിത്തോറ്റ മേഘം’ എന്ന് സ്വയം വിശേഷിപ്പിച്ച ബംഗാൾ കണ്ട സമാനതകളില്ലാത്ത വിപ്ലവ പോരാളി കനു സന്യാൽ, ക്ഷയിക്കുന്ന തന്റെ ആരോഗ്യത്തെ ഭയന്നോ, ലക്ഷ്യമില്ലാതാകുന്ന വിപ്ലവത്തെ ഓർത്തോ എഴുപത്തിയെട്ടാമത്തെ വയസ്സിൽ ഒറ്റമുറിക്കൂരയിൽ, അത്രമേൽ സ്നേഹിച്ചിരുന്ന ഗ്രാമീണരെ ഒളിച്ച്, നൈലോൺ കയറിൽ തന്റെ ജീവിതം അവസാനിപ്പിച്ചിടത്ത് നിന്നാണ്, ഗണേഷ്, ‘ബംഗ’യുടെ ആഖ്യാനത്തിന് തുടക്കം കുറിക്കുന്നത്. കനുവിന്റെ ജീവചരിത്രം തയ്യാറാക്കാൻ വേണ്ടി, പല തവണയായി കുടിലിലെത്തി അഭിമുഖ സംഭാഷണം നടത്തുകയായിരുന്ന ബപ്പാദിത്യ പോൾ എന്ന പത്രപ്രവർത്തകന്റെ ഓർമ്മകളിലൂടെ കനുവിലെ വിപ്ലവകാരിയുടെ ത്രസിപ്പിക്കുന്ന ചരിത്രം പറയുകയാണ്.
കൊളോണിയൽ ബംഗാളിന്റെ ചരിത്രത്തിൽ തുടങ്ങി, ബംഗാൾ തോട്ടം മേഖല, ഗോത്ര മേഖല തൊഴിൽ ജീവിതം, നക്സൽ ബാരി വിപ്ലവം, പീഡനം, രക്തസാക്ഷിത്വങ്ങൾ, ചൈനയിലേക്കുള്ള ചുവപ്പൻ ഇടനാഴി, ചാരുമജുംദാർ പ്രത്യയശാസ്ത്ര സംവാദം, പിളർപ്പുകൾ, ഇടർച്ചകൾ ഒക്കെയും നോവലിന്റെ ഒന്നാം ഭാഗത്ത് കാണാം. ‘തേയിലയും ബംഗയുടെ മുറിവുകളും’ എന്ന രണ്ടാം ഭാഗം, തൊഴിലാളികളും ഗോത്രവർഗ്ഗങ്ങളും അനീതിക്കെതിരെ പിടഞ്ഞുണരുന്നതിന്റെ, അവരിൽ വിപ്ലവ വീര്യം പകർന്ന വിമോചന രാഷ്ട്രീയത്തിന്റെ കഥയാണ്. ഒപ്പം രക്തസാക്ഷിത്വത്തിന്റെയും ഉന്മൂലന സിദ്ധാന്തത്തിന്റെയും ആഘാതങ്ങളും, അതിലൂടെ ബംഗാളിന്റെ സംഭവബഹുലമായ ചരിത്രത്തിലേക്കുള്ള യാത്രയുമാണിവിടെ ആഖ്യാനം ചെയ്യുന്നത്.
‘നൈതിക മണ്ഡലം’ എന്ന മൂന്നാം ഭാഗം പുതിയ വിമോചന രാഷ്ട്രീയ സംസ്കാരത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ആശയങ്ങൾ കൊണ്ടും, സമകാല ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ കൊണ്ടും ശ്രദ്ധേയമായിത്തീരുന്നു. സൈബർ സ്പേസിലെ ആഗോള കൂട്ടായ്മ, നീതി നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഇടം, പലതരത്തിൽ ഇരയാക്കപ്പെട്ട യുവാക്കൾ അവർ ഒത്തുകൂടുകയാണ്. ബംഗാൾ അവരുടെ ഇഷ്ടപ്രദേശമാണ്, അവിടുത്തെ കലയും രാഷ്ട്രീയവും സംസ്കാരവും സംഗീതവും അറിയാൻ കൽക്കത്തയിൽ ഒത്തുകൂടുകയാണ്. അപ്പാ ഗോകുലു, ബ്ലോഗെഴുത്തുകാരൻ ഉമ്മിണി കള്ളാർ, മംഗലാപുരത്ത് മെഡിസിൻ വിദ്യാർത്ഥിനിയായിരിക്കെ കാമ്പസിൽ അതിക്രൂരമായി റേപ്പിനിരയായ സുമ, വയനാട്ടിൽ നിന്ന് വറുഗീസ്, ഭൈരപ്പ, സരവണൻ, ജോജി, അഥീന ദളിത എന്നിവരിലൂടെ ചിന്തിക്കുന്ന, അന്വേഷിക്കുന്ന, പ്രതികരിക്കുന്ന വർത്തമാന ഇന്ത്യൻ യുവത്വത്തെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു.
ബംഗാളിയുടെ സ്വത്വത്തെയും, കനുദായുടെ ആത്മഹത്യയെയും കുറിച്ച് വിശദമായ അന്വേഷണത്തിൽ മുഴുകുന്നുണ്ട് ഈ യുവത. ഓരോ ബംഗാളിയും അപരസ്വത്വത്തെ കൂടി ഉൾവഹിക്കുന്നുണ്ട് എന്നാണ് അവർ പറയുന്നത്. ദേശീയവാദിയിൽ പ്രാദേശിക വാദിയെ, കർഷകനിൽ വ്യവസായിയെ, ഉത്പാദകനിൽ ഉപഭോക്താവിനെ, കമ്മ്യൂണിസ്റ്റിൽ ദുർഗ്ഗാപൂജക്കാരനെ, രാജ്യതന്ത്രജ്ഞരിൽ അരാജകവാദിയെ – ഈ കലർപ്പാണ് ബംഗാളിയെ ബംഗാളിയായി നിലനിർത്തുന്നത്. ബംഗാളിയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്ന സംവാദങ്ങൾ ഈ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്. വൈവിധ്യമാർന്ന ജനതയെ, ജനകീയ പ്രശ്നങ്ങളെ, ചരിത്രത്തെ, നരവംശശാസ്ത്രത്തെ, ബംഗാൾ ക്ഷാമം, ബംഗാൾ വിഭജനം തുടങ്ങിയ ചരിത്ര സംഭവങ്ങളെ പുതിയ വീക്ഷണത്തിൽ നോക്കിക്കാണുന്ന ഗൗരവമുള്ള സംവാദങ്ങളായി മൂന്നാം ഭാഗം മാറുന്നു. ബംഗാളി സ്വത്വത്തെ തിരിച്ചറിയുന്ന അവരിലൊരാൾ, കനുദായുടെ മരണം ആത്മഹത്യയല്ല എന്ന നിഗമനത്തിലെത്തുന്നുണ്ട്. നക്സൽ ബാരിയുൾപ്പെടെയുള്ള ഗ്രാമാന്തരാളങ്ങളിൽ, കനു ദാ അവസാനിപ്പിച്ച ഒറ്റമുറി വീട്ടിൽ വരെ ഈ യുവസംഘം എത്തുന്നുണ്ട്. ഒടുവിൽ അവർ വിപ്ലവകാരികളുടെ സഹയാത്രിക ശാന്തി മുണ്ടയെ കാണുന്നുണ്ട്. സാന്താളരുടെ നിലവിളികളും ഹതാശമായ കിനാവുകളും ഇറങ്ങി വരുമ്പോലെ, മാടുകളെ തെളിച്ച് കൊണ്ടുവന്ന ആ വൃദ്ധയ്ക്ക് പറയാനുണ്ടായിരുന്നത് ഇത്രമാത്രം: “കനു ചെയ്തതൊക്കെയും കനുവിനു മാത്രമേ അറിയൂ, കൃത്യമായി അറിയണമെങ്കിൽ അയാളോട് തന്നെ ചോദിക്കണം. എങ്കിലും ഒന്നറിയാം ആശയത്തിൽ അയാൾ നിരാശനായിരുന്നില്ല. എന്നിട്ടെന്ത്? പഴകുന്ന ശരീരത്തിലെ വേദനയുണ്ടല്ലോ അതിന്റെ തീരുമാനത്തെ അതിജീവിച്ചില്ല, കഷ്ടം!”
ബംഗാളിനെ അറിയാൻ ഉൾനാടുകളിലേക്ക്, വിപ്ലവ ചരിത്രത്തിലേക്ക് സഞ്ചരിച്ച യുവ സംഘം രഹസ്യാന്വേഷണ ഇന്റലിജൻസിന്റെ പിടിയിലാകുന്നതും, പിന്നീട് വിട്ടയയ്ക്കപ്പെടുന്നതുമാണ് നോവലിന്റെ നാലാം ഭാഗം. വിമോചന സ്വപ്നവും, വിപ്ലവ നായകരും ഒഴിഞ്ഞു പോയ ബംഗയിൽ ജീവിത സംസ്കാരം കൂടുതൽ സങ്കീർണ്ണവും അരാജകവുമാകുന്നതും നൈതികത അന്യമാവുന്നതും പറഞ്ഞുകൊണ്ടാണ് നോവൽ അവസാനിപ്പിക്കുന്നത്. ഒരു ചോദ്യചിഹ്നമായി തന്റെ പഴകിയ ശരീരത്തെ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ സമർപ്പിച്ച് പോയ കനുവും ചുരുട്ടിയ മുഷ്ടിയും, ഈ നോവൽ അവശേഷിപ്പിക്കുന്ന മുദ്രകളാകുന്നു. നിരാശയുടെ വിഷാദത്തിന്റെ മുദ്രകൾ. പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ഒരു ജനതയുടെ വിധി ഈ നോവൽ പറയാതെ പറയുന്നു. വിപുലമായ ഗവേഷണത്തിലൂടെയും യാത്രയിലൂടെയും ആർജ്ജിച്ച ജ്ഞാനം ഈ നോവലിന്റെ നിർമ്മിതിക്കു പിന്നിലുണ്ട്. വസ്തുതകളെ ഭാവനാത്മകമായി വിന്യസിക്കുന്ന ശൈലി, ചിലപ്പോൾ അരുചി തന്നേക്കാം. അനുഭവ സ്പർശമല്ല, നൈപുണി നിറയുന്ന എഴുത്ത്, സമകാല ഫിക്ഷനിൽ യുവനിര വൈവിധ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. പഠിച്ചെഴുതുമ്പോൾ ചില ഭാവങ്ങൾ അഭാവങ്ങളാകാം, മറിച്ചും. ബംഗാളിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തെ ജ്ഞാനസാന്ദ്രമായി വിനിമയം ചെയ്യുന്നു സി.ഗണേഷിന്റെ ‘ബംഗ.’ മലയാള നോവലാഖ്യാന കലയിലെ ഒരു ചുവടുവയ്പാണെന്നു പറയാം.
ബംഗ (നോവൽ) / സി.ഗണേഷ് / (ഡിസി ബുക്സ്)
ഡോ. ആർ .ചന്ദ്രബോസ്
അസി. പ്രൊഫസർ, മലയാള വിഭാഗം, കേന്ദ്ര കേരള സർവകലാശാല
Leave a Reply