SamikshaMedia

കവിതയുടെ മാന്ത്രികവാക്കുകള്‍ – ഡോ. ടി.എന്‍.സീമ

കവിതയും പ്രണയവും കനിവും ഏകാന്തതയും നഷ്ടബോധവും പെയ്തൊഴിയാത്ത മഴയായി കൂടെക്കൂട്ടിയ ഹൃദയങ്ങൾ സുഷുപ്തിയിലാണ്ട അഗ്നിപർവതങ്ങളാണ്. പുറത്തു ഭയപ്പെടുത്തുന്ന ശാന്തതയും ഉള്ളിൽ അമർന്നു കത്തുന്ന നെരിപ്പോടുമായി വിങ്ങിക്കൊണ്ടേയിരിക്കും. രതീഷിന്റെ കവിതകൾ വായിച്ചു തുടങ്ങിയ കാലം മുതൽ എന്നെ പിന്തുടരുന്ന രണ്ടു വരികളുണ്ട്:

“ഒരിക്കൽ പെയ്താൽ മതി

ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ.” (പ്രണയമഴ)

ഒരിക്കലെങ്കിലും പ്രണയത്തിന്റെ മഴ നനഞ്ഞവർക്ക് ഈ വരികൾക്ക് പരാവർത്തനം ആവശ്യമില്ല. സിരകളിലും ശരീരത്തിന്റെ ഓരോ അണുവിലും മറന്നുവെച്ച സങ്കടങ്ങളെ ഒറ്റയടിക്ക് അനുഭവിപ്പിക്കുന്ന മാന്ത്രികവാക്കുകൾ ആണത്. ഇപ്പോൾ ‘മഴയുടെ ജഡ’ത്തിനു മുന്നിലാണ് നമ്മൾ. പ്രണയനിരാസവും മുറിവേൽക്കപ്പെടുന്ന മനുഷ്യത്വവും ഹൃദയം ഹൃദയത്തെ തൊടുന്ന ആർദ്രതയും കേവലം വിഷയങ്ങളല്ല ഇവിടെയും. കവിതയും പ്രണയിനിയും മഴയും ജീവിതത്തിലെ സങ്കടങ്ങളും ഇനിയും ചേർത്തുവെക്കുന്ന സ്വപ്നങ്ങളും എല്ലാം ഒന്നാകുന്നു. ‘കവിത തോറ്റുപോയവരുടെ സാമ്രാജ്യവും’ ‘സ്വപ്നശിഷ്ടവുമാകുന്നു’. ഓർമ്മ മരണമില്ലാത്ത കവിതയായും പണ്ടെങ്ങോ കരിഞ്ഞുപോയ നമ്മൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന കവിതയായും ക്ലാസ് മുറിയിൽനിന്നും പുറത്താക്കപ്പെട്ട സ്വപ്നം തെരുവിൽ ചൊല്ലുന്ന പ്രണയകവിതയായും കവിതയുടെ വേഷപ്പകർച്ചകൾ കാണാം. പി.ആർ. രതീഷിന്റെ കവിതകൾ നമ്മുടെ ചിന്തകളെ അലോസരപ്പെടുത്തും; കവിക്ക് അത് ആത്മഭാഷണങ്ങളോളം ഏകാന്തവും സ്വാഭാവികവുമാണെങ്കിലും ബിംബങ്ങളുടെയും വാക്കുകളുടെയും നീറ്റൽ കുടഞ്ഞുകളയാൻ വയ്യാത്തൊരു അനുഭവമായി വായിക്കുന്നവരിലേക്ക് പങ്കുവെയ്ക്കപ്പെടും.

‘രാത്രികളിൽ ആരും കാണാതെ സ്വപ്നത്തിന്റെ കൈയും പിടിച്ച് വിരുന്നവരുന്ന മഴ പിറ്റെന്നാൾ വീട്ടുമുറ്റത്ത് നദിയായി ഓടിക്കളിക്കുകയും മീനുകൾ കറിച്ചട്ടിയിലേക്ക് കയറിക്കിടക്കുകയും ചെയ്യുന്ന’ ‘പോക്കുവെയിൽ വെച്ച വീട്’ അപൂർവമായ ബിംബങ്ങൾ കൊണ്ട് മോഹിപ്പിക്കുന്നു. (പോക്കുവെയിൽ വെച്ച വീട്)

പോക്കുവെയിൽ വെയ്ക്കുന്ന വീട് പോലെ സ്നേഹസൗഹാർദ്ദം നിറഞ്ഞതല്ല ‘മഞ്ഞുകൊണ്ട് പണിയുന്ന വീട്’. അത് എല്ലാ പ്രണയത്തിലുമുള്ള മരിച്ച വീടാണ്. കയറാനല്ലാതെ ഇറങ്ങാൻ വഴിയില്ലാത്ത വീടാണത്. ഒരിക്കൽ പെയ്ത മഴ ജീവിതം മുഴുവൻ ചോർന്നൊലിക്കുന്നതുപോലെ തന്നെ ജീവിതം മുഴുവൻ തടവായി മാറുന്ന പ്രണയത്തിന്റെ, മഞ്ഞുകൊണ്ട് പണിയുന്ന വീടുകൾ.

ചുറ്റുപാടുകളുടെ രാഷ്ട്രീയസ്പന്ദനം ഏറ്റുവാങ്ങുകയും മാനവികതയെ മുറിവേൽപ്പിക്കുന്നവരോട് കലഹിക്കുകയും ചെയ്യുന്ന കവിയെ വരികൾക്കിടയിൽ വായിച്ചെടുക്കാം. ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങളോ പോർവിളികളോ അതിനു വേണ്ട.

“കവിതയുടെ ഭരണഘടനയിൽനിന്നും

ചിതറിവീണ ഭൂപടമാണ് നീ

അതുകൊണ്ട് തന്നെ

പുറത്താക്കപ്പെട്ടവരുടെ നിലവിളികളാൽ

മറ്റൊരു കവിതയായും ഞാൻ.”

അടുത്ത വരികളിൽ കവി തന്നെ ഭൂപടമായും സ്നേഹം കൊണ്ടെഴുതിയ കവിത ഭരണഘടനയായും ഉള്ള പ്രഖ്യാപനമാണ് നടത്തുന്നത്. പുറത്താക്കപ്പെടുക എന്നത് ഏറ്റവും സ്നേഹരഹിതവും മനുഷ്യത്വരഹിതവുമായ അവസ്ഥയാണ്.

“പുറത്താക്കപ്പെട്ടവർ

കണ്ണീരുകൊണ്ട് ഭൂപടം വരയ്ക്കുന്നു

അവിടത്തെ പിഞ്ചുകുഞ്ഞുങ്ങൾ

അതിർത്തികളില്ലാത്ത സ്വപ്നത്തിലാണിപ്പോഴും.”

അതിർത്തികളും തടവുകളും സൃഷ്ടിക്കുന്നത് മനുഷ്യരാണ്. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കനിവിന്റെയും ഭാഷ അറിയാത്തവർ. അത്തരം മനുഷ്യർക്കിടയിൽ ഉപാധികളില്ലാത്ത സ്നേഹത്തിന്റെയും അകന്നുപോയ ഹൃദയങ്ങളെയും അടുപ്പിച്ചുനിർത്താനുള്ള ആർദ്രതയുടെയും പാലം കെട്ടുകയാണ് കവി. മഴയും വീടും പ്രണയവും നഷ്ടബോധവും കവിതയും ഞാനും നീയും ഒറ്റയാക്കപ്പെട്ട എല്ലാ മനസ്സുകളും പരസ്പരം ഒന്നാകുന്ന അതിമനോഹരവും വേദനാജനകവുമായ പ്രക്രിയയിലൂടെ പി.ആർ. രതീഷ് എന്ന കവിയിലേക്കും കവിതയിലേക്കുമുള്ള ഈ വരികളും എന്നത്തേയും പോലെ അതീവ സ്നേഹത്തോടെ വായനക്കാർ ഏറ്റുവാങ്ങും.

ഡോ. ടി.എൻ. സീമ

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

ten + nine =