SamikshaMedia

കാട്ടിലെ ഒറ്റക്കുള്ള ക്യാമ്പിങ്ങും, സുന്ദരമായ തടാകവും (കാനഡ യാത്രകൾ)

സെപ്‌റ്റംബർ മാസമായതോടെ ചൂടിന് അല്പം ആശ്വാസമായി, തണുത്ത ഇളംകാറ്റ്  ചെറുതായി വീശുവാൻ തുടങ്ങിയിരിക്കുന്നു, മരങ്ങളുടെ ഹരിതമയം അല്പാല്പമായി കുറഞ്ഞു തുടങ്ങിയിരിക്കുന്നു. തണുപ്പിന്റെ വരവറിയിച്ചുകൊണ്ടു ചില വൃക്ഷങ്ങൾ ചെറു ചുവപ്പ്  അണിയുവാൻ തുടങ്ങി. ഈ വർഷം ഒരു ക്യാമ്പിങ്‌ ചെയ്യണം എന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. പല കാരണങ്ങളാൽ അത് നീണ്ടുപോയി. ക്യാമ്പിങ്ങിനായി ഇനിയും താമസം നേരിട്ടാൽ ഒരു പക്ഷെ അത് അസാധ്യമായിത്തീരും. അങ്ങനെ ഒരു വാരാന്ത്യത്തിൽ ഞാൻ ആ ക്യാമ്പ് ചെയ്യുവാൻ തീരുമാനിച്ചു.

 

ഈ ക്യാമ്പിങ്ങിനു ഒരു പ്രത്യേകതയുണ്ട്. കാട്ടിൽ ടെന്റ് അടിച്ചു അതിൽ ഒറ്റയ്ക്ക് കിടക്കണം. ഞാൻ താമസിക്കുന്ന കാനഡയിലെ മോണ്ട്രിയലിനു നൂറ്റി എഴുപതു കിലോമീറ്റർ അകലെയുള്ള ലാക് സൈമൺ എന്ന മനോഹരമായ സ്ഥലത്തെ ലക്ഷ്യമാക്കി ഞാൻ യാത്ര തിരിച്ചു. ക്യുബെക്കിന്റെ ഉൾവഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ഇരുവശവും കാണാൻ വളരെ മനോഹരമാണ്. പല ഭാഗങ്ങളും പറുദീസാ പോലെ തോന്നിക്കുന്നു, സ്വിറ്റസർലാൻഡിനെ ഓർമിപ്പിക്കുന്ന മനോഹാരിത ഇവിടെയും ഉണ്ടെന്നു തീർത്തുപറയാം.

 

യാത്രയുടെ അവസാനം ഞാൻ ഒരു വനത്തിനുള്ളിലെ ക്യാമ്പ് സൈറ്റിൽ എത്തിച്ചേർന്നു. മരങ്ങൾ ഇടതൂർന്നുനിൽക്കുന്ന ഒരു ചെറിയ വനം, അതിനുള്ളിൽ നൂറുകണക്കിന് ക്യാമ്പിംഗ് സൈറ്റുകൾ. എനിക്കായി അലോട്ട് ചെയ്തു തന്ന ക്യാമ്പ്‌സൈറ്റിൽ ഒരു ചെറിയ റ്റെൻറ് കെട്ടാനുള്ള ഭാഗവും, ഒരു മേശയും ഒരു ഫയർ പിറ്റും ഉൾപ്പെടുന്നു. ഇവിടെത്തന്നെ എൻറെ വാഹനവും പാർക്ക് ചെയ്യാൻ സാധിക്കും.

 

മുന്നും പിന്നും നോക്കാതെ ഞാൻ റ്റെൻറ് അടിക്കാൻ ആരംഭിച്ചു. ഇതിനു മുൻപ് ഒരുവട്ടം മാത്രമാണ് ഞാൻ റ്റെന്റ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടുള്ളത്. അതിനാൽ തന്നെ ടെന്റ് ശരിയാകുമോ എന്നുള്ള സംശയം മനസ്സിൽ ഉണ്ടായിരുന്നു. എന്തായാലും കെട്ടിവന്നപ്പോൾ ഒരു ഉഗ്രൻ റ്റെൻറ് (ആത്മപ്രശംസ എനിക്ക് തീരെ ഇഷ്ടമല്ല). ടെന്റിന്റെ മുന്നിൽ ഒരു കസേരയും കൂടി ആയപ്പോൾ അതിൽ ഞെളിഞ്ഞിരുന്നു ഒരു ഫോട്ടോ എടുക്കാൻ എനിക്ക് തോന്നിപോയി.

 

ഇവിടെ എനിക്ക് കുറെ ഏറെ അയൽവാസികൾ ഉണ്ട്. വേനൽ അതിന്റെ അവസാനത്തോട് എത്തിയിരിക്കുന്നതിനാൽ ഈ വേനൽക്കാലത്തു ക്യാമ്പ് ചെയ്യാൻ ആഗ്രഹിച്ചിട്ട് താമസിച്ചുപോയവർ കൂട്ടമായി ഇവിടെ എത്തിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ക്യാമ്പിംഗ് സൈറ്റ് ആയതിനാൽ ഇവിടുത്തെ ക്യാമ്പിംഗ് വളരെ സുരക്ഷിതമാണ്, വെള്ളം, ശുചിമുറി എന്നിങ്ങനെയുള്ള സംവിധാനങ്ങൾ എല്ലാം ഈ സൈറ്റിൽ തന്നെ ഉണ്ട്. നമ്മുടെ നാട്ടിലെ റിസോർട്ടിന് സമാനമായ “ഷാലെ” എന്ന് വിളിക്കുന്ന കുടിലുകൾ, ക്യാമ്പെർ വാഹനങ്ങൾ പാർക്ക് ചെയ്തു ക്യാമ്പ് ചെയ്യാനുള്ള സൗകര്യം, സ്വയം റ്റെൻറ് അടിച്ചു താമസിക്കാനുള്ള സൗകര്യം ഇവയൊക്കെ ഈ ക്യാമ്പിംഗ് മേഖലയിൽ ഉണ്ട്. വൃത്തിയുടെ കാര്യം എടുത്തുപറയേണ്ടതാണ്, കൂടാതെ ഈ വനത്തിനുള്ളിലുള്ള എല്ലാ നിർമ്മിതിയും തടികൊണ്ടുള്ളതു മാത്രമാണ്.

 

ഈ ക്യാമ്പ് സ്ഥിതിചെയ്യുന്നത് സിമോൺ എന്ന തടാകത്തിനു സമീപമായാണ്. ഇവിടെ ക്യാമ്പ് ചെയ്യുന്നവർ പകലും സായാഹ്നവും ഈ തടാകക്കരയിൽ ചിലവഴിക്കുന്നു. അവരെപ്പോലെ തന്നെ ഞാനും ബീച്ചിലേക്ക് വെച്ചുപിടിച്ചു. വെളുത്ത പഞ്ചസാര മണൽ അതിരിടുന്ന അധികം തിരക്കൊന്നുമില്ലാത്ത  മനോഹരമായ ആ ബീച്ചിൽ കറച്ചുപേർ സായാഹ്‌നത്തിലെ  തെന്നൽ ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

 

ഈ ബീച്ചിന്റെ ഒരു ഭാഗത്തുനിന്നും ഒരു അറ്റത്തേക്ക് ഞാൻ നടക്കുവാൻ തുടങ്ങി, കാടുകൾ അതിരിടുന്ന, നീലാകാശം മന്ദസ്മിതം തൂകി നിൽക്കുന്ന, ഈ കായൽ കാണുവാൻ ഒരു പ്രത്യേക ചാരുത തന്നെയാണ്. പ്രത്യേകിച്ചും ഇവിടുത്തെ ഇളംനീല നിറത്തിലുള്ള ആകാശം. പൊടിപടലങ്ങളാലോ പുകപടലങ്ങളാലോ  അശുദ്ധമാകാത്ത ആ വായുവിലൂടെ സൂര്യകിരണങ്ങൾ എത്തുമ്പോൾ ലഭിക്കുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്. നടന്നു നടന്നു ഞാൻ ഈ ബീച്ചിന്റെ കിഴക്കേ അരികിലെത്തി അവിടെയാണ് ഈ തടാകത്തെ പോഷിപ്പിക്കുന്ന പെറ്റിറ്റ് നേഷൻ നദി വന്നുചേരുന്നത്. ഈ ഭാഗത്തൊന്നും ആളനക്കങ്ങളൊന്നുമില്ല. നദിയുടെ ആഴം കൂടുതലുള്ളതിനാൽ മറുകരയിലേക്ക് എത്താൻ ഞാൻ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

 

നദിയുടെയും മാനത്തിന്റെയും കാടിന്റെയും സൗന്ദര്യം ആസ്വദിച്ചു ഞാൻ കുറേനേരം അവിടെ അലഞ്ഞു നടന്നു. ശേഷം തിരിച്ചു ബീച്ചിന്റെ മറുകരയിലേക്ക് നടന്നു. ധാരാളം വള്ളങ്ങളും, മെഷ്യൻ ബോട്ടുകളും, സ്പീഡ് ബോട്ടുകളും ഈ കരയിൽ അടുപ്പിച്ചിട്ടിരിക്കുന്നു, അതിനു സമീപമായി ധാരാളം തുഴകൾ ചാരിവെച്ചിരിക്കുന്ന ഒരു ചെറു കെട്ടിടം. അവിടുന്ന് നമുക്ക് ബോട്ടുകളും വള്ളങ്ങളും വാടകക്ക് ലഭിക്കുന്നതാണ്. ബീച്ചിന്റെ ഒരു വശത്തുനിന്നും മറുവശത്തു എത്തിയപ്പോഴേക്കും ഞാൻ ശരിക്കും മടുത്തു എന്ന് വേണം പറയാൻ.

 

ബീച്ചിൽ വന്നിരിക്കുന്നത് കാണാൻ മാത്രമല്ലല്ലോ കുളിക്കാൻ കൂടിയാണല്ലോ എന്ന വിചാരം അപ്പോഴാണ് തോന്നിയത്. പക്ഷെ തണുപ്പുകൊണ്ട് വെള്ളത്തിൽ ഇറങ്ങാനും മടി. രണ്ടും കല്പിച്ചു ഞാൻ വെള്ളത്തിൽ ഇറങ്ങി (കുളിച്ചു എന്ന് പറയാൻ പറ്റില്ല, വെറുതെ ശരീരത്തു വെള്ളം പറ്റിച്ചു എന്ന് പറയുന്നതാണ് ശരി). കിടുകിടാ വിറച്ചു ഞാൻ കുറെ നേരം ആ കരയിൽ ഇരുന്നു. വ്ളോഗ്  ചെയ്യുന്ന സ്വഭാവം ഉള്ളതിനാൽ ഇതൊക്കെ വിഡിയോയിൽ പകർത്തുന്ന തിരക്കും.

 

രാത്രിയായി വരുന്നു, കിടുതാപ്പുകൾ എടുത്തു ഞാൻ ടെന്റിലേക്ക് നടന്നു. ചീവിടിന്റെ കിരുകിരാ ശബ്ദവും, ലേറ്റ് ആയി എത്തി ടെന്റ് അടിക്കുന്നവരുടെ ശബ്ദവും കാതിൽ മുഴങ്ങുന്നു. അതിന്റെ കൂടെ വിശപ്പിന്റെ വിളിയും  നന്നായി തുടങ്ങിയിട്ടുണ്ട്. പതിവിനു വിപരീതമായി ഞാൻ പാർസലായി  കൊണ്ടുവന്ന കോഴി ചുട്ടതു കഴിച്ചു വിശപ്പടക്കി (ക്യാമ്പിംങ്ങിനു പോയാൽ അവിടെ വെച്ചുതന്നെ കോഴി ചുട്ട് കള്ളും കൂട്ടി കഴിക്കണം എന്നുള്ളതാണ് പരമ്പരാഗതമായ ആചാരം) ആചാരം തെറ്റിച്ചതിനു മാപ്പ്. രാത്രിയുടെ തുടക്കമാണെങ്കിലും അരണ്ട വെളിച്ചം ഇപ്പോഴുമുണ്ട് അതിനാൽ ഒന്നുംകൂടി ഈ കാട്ടിലൂടെ കറങ്ങാൻ തോന്നി. വടക്കേ അമേരിക്കൻ കാടുകളിൽ പൊതുവേ മൃഗങ്ങൾ കുറവാണ് എങ്കിലും ഏൽക്കുകൾ, മൂസുകൾ, റക്കൂണുകൾ, സ്കങ്കുകൾ, ചെന്നായ്ക്കൾ എന്നിവ കാണാറുണ്ട്. ഞാൻ ഈ നേരത്തു ഈ കാട്ടിലൂടെ തേരാപാരാ നടന്നിട്ടും ഒരു പട്ടികുറുക്കനേ പോലും കണ്ടില്ല.

 

രാത്രിയായതോടെ ഞാൻ പതിയെ ക്യാമ്പിനുള്ളിലേക്ക് വലിഞ്ഞു. ആഹാ …എന്തൊരു സുഖം ….മൊബൈലിനു റേഞ്ചും ഇല്ല …ആകെ സമാധാനം. ചുറ്റുപാടുമുള്ള ശബ്‍ദങ്ങളൊക്കെ പതുക്കെ ഇല്ലാതായി. പലരും ഉറക്കംപിടിച്ചിരിക്കുന്നു. പക്ഷെ ഞാൻ പതിവായി ഉറങ്ങുന്ന സമയമായിട്ടില്ല. ഞാൻ പതിയെ ടെന്റിൽ നിന്നും വീണ്ടും പുറത്തിറങ്ങി. ചുറ്റും കൂരാ കൂരിരുട്ട്. അകലെയായി ചില ടെന്റുകൾക്ക് മുന്നിൽ തീ ആളിക്കൊണ്ടിരിക്കുന്നു. ഇരുട്ടിലൂടെ ഞാൻ പതിയെ നടക്കാൻ തുടങ്ങി. കൈയിൽ മൊബൈലിൽ ടോർച്ചുണ്ടെങ്കിലും തെളിച്ചില്ല. വഴിയുടെ ഏകദേശ ധാരണയുള്ളതിനാലും മരങ്ങൾക്കിടയിലൂടെ ചെറിയ നിലാവെളിച്ചം ഉള്ളതുകൊണ്ടും ഞാൻ വീണ്ടും ബീച്ചിനെ ലക്ഷ്യമായി നടന്നു. വഴിയിലെങ്ങും ആരുമില്ല, ബീച്ചിൽ എത്തിയപ്പോൾ അവിടെയും  ആരുംതന്നെ ഇല്ല. ശാന്തമായി ഉറങ്ങുന്ന തീരം. അവിടുന്നും  ഞാൻ കുറെ ഏറെ നടന്നു. ചെറുപ്പകാലത്തെ ഇടുക്കിയിലെ കാടുകളിലൂടെ ഒറ്റക്ക് മെഴുകുതിരിയും കത്തിച്ചുനടന്ന പരിചയമുള്ളതിനാൽ പ്രത്യേകിച്ച് അങ്കലാപ്പ് ഒന്നും തോന്നിയില്ല. പെട്ടന്നാണ് വെളിച്ചവുമായി ഒരാൾ കാടിന്റെ ഇടവഴിയിൽ നിന്നും എന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി വരുന്നത്.

 

ഇതാരാണ് ഈ സമയത്ത്  എന്ന് ചിന്തിച്ചുനടക്കുമ്പോൾ “ഹായ്” എന്ന് ഒരു സ്ത്രീ ശബ്‍ദം. അടുത്തുവന്നപ്പോൾ ഇവിടുത്തെ ജീവനക്കാരിയാണെന്നു അവരുടെ കുപ്പായത്തിൽ നിന്നും മനസിലായി. ഞാൻ ഒന്ന് പരിഭ്രമിച്ചു, ഈ അസമയത് ഇങ്ങനെ ഇറങ്ങി നടന്നതിന് എന്നെ അവർ വഴക്കുപറയും എന്ന് ഞാൻ വിചാരിച്ചു.

ആദ്യം ഫ്രഞ്ചിൽ അവർ എന്തോ പറഞ്ഞു, എനിക്ക് മനസിലായില്ല എന്ന് അവർക്ക് തോന്നിയപ്പോൾ സംസാരം ഇംഗ്ലീഷിലേക്ക് മാറ്റി. എപ്പോഴാണ് ഇവിടെ വന്നത്? താമസം എങ്ങനെയുണ്ട്? ഈ പ്രദേശം ഇഷ്ടപ്പെട്ടോ? ഇങ്ങനെ ഒരുപറ്റം സുഖാന്വേഷണം അവർ നടത്തി. നമ്മളെ അറിയാവുന്ന ഒരാൾ സംസാരിക്കുന്ന അത്ര ഫ്രണ്ട്‌ലിയായാണ് അവരുടെ സംസാരം. അവരുടെ പെരുമാറ്റത്തോട് എനിക്ക് ഹൃദയത്തിൽ നിന്നും അങ്ങേയറ്റം മതിപ്പ് തോന്നി.

 

സംസാരിക്കുന്നതിന്റെ ഇടയിൽ അവർ ആകാശത്തേക്ക് നോക്കി എന്നോട് പറഞ്ഞു “ഇന്ന് നല്ല തെളിഞ്ഞ ആകാശമാണല്ലോ, ധാരാളം നക്ഷത്രമൊക്കെ ഉണ്ടല്ലോ”, ഈ നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് നിനക്ക് അറിയാമോ? ‘അന്തംവിട്ട് കുന്തം വിഴുങ്ങി നിന്തൽക്കുന്ന’ എന്നെ ഒരു നക്ഷത്രം ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു “അത് ശനി ഗ്രഹമാണ്” ഞാൻ “ങേ!”, അവർ “അല്ല അത് വ്യാഴമാണ്‌”. ഈ പാതിരാത്രി തേരാപാരാ നടക്കുന്ന എനിക്ക് എന്ത് വ്യാഴം എന്ത് ശനി! അവർ പെട്ടന്നു അവരുടെ മൊബൈൽ എടുത്ത് ഒരു ആപ്പ് ഓപ്പൺചെയ്തു ആകാശത്തേക്ക് കാണിച്ചു, അതിൽ ഓരോ പേരുകൾ എഴുതിക്കാണിക്കുന്നു. ശരിയാണ്, അവർ ചൂണ്ടികാണിച്ചുതന്ന ഗ്രഹം വ്യാഴം തന്നെ ആയിരുന്നു. പിന്നെ ആകാശത്തെപ്പറ്റിയും നക്ഷത്രത്തെപ്പറ്റിയും അവരുടെ വക ഒരു ക്ലാസ്! അതും ഈ പാതിരാത്രിയിൽ കാടിന്റെ നടുക്ക് വെച്ച്! പിന്നെ ഗുഡ് നൈറ്റ് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു .

 

മുന്നോട്ട് നടക്കുമ്പോൾ ഞാൻ ആലോചിച്ചു – നാട്ടിൽ ആണെങ്കിൽ ഇപ്പോൾ എന്തായിരിക്കും അവസ്ഥ! രാത്രിയിൽ ഞാൻ ഇറങ്ങി നടക്കുന്നു… രണ്ടു ഉദ്യോഗസ്ഥർ വരുന്നു… “ആരാടാ  നീ? എന്താ അസ്സമയത്ത്? കേറടാ വണ്ടിയിൽ” ..എന്നിങ്ങനെ പോയനേ കാര്യങ്ങൾ. കാനഡയിൽ അങ്ങനെയാണ് എല്ലാവർക്കും ഏതു സമയത്തും എന്തും ചെയ്യാം. ഏതു ടൂറിസ്റ്റു കേന്ദ്രത്തിൽ ചെന്നാലും “അഥിതി ദേവോ ഭവ” അത് സർക്കാർ ജീവനക്കാരായാലും.

 

തപ്പിത്തടഞ്ഞു ഞാൻ ഒരുവിധത്തിൽ എന്റെ ടെന്റിൽ എത്തി, ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു. ഇത്രയും സ്വസ്ഥമായ ഒരു ഉറക്കം ഈ അടുത്തെങ്ങും കിട്ടിയിട്ടില്ല. പലരും ടെന്റ് അഴിക്കുന്ന ശബ്‍ദംകേട്ടാണ് ഞാൻ രാവിലെ ഉണരുന്നത്. പതിവുപോലെ ഒരു ചായ കുടിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പച്ചവെള്ളം കുടിച്ചു തല്ക്കാലം ത്രൃപ്തിയടഞ്ഞു.

 

അതിനു ശേഷം നേരെ ബീച്ചിലേക്ക് പോയി . തലേ ദിവസത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് ധാരാളം ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്.  ബീച്ചിലെ കാഴ്ചകൾ ആസ്വദിച്ചു കുറെ നേരം അങ്ങോടും ഇങ്ങോടും നടന്നു സമയം കളഞ്ഞു കാരണം ഈ ബീച്ചിന്റെ മനംമയക്കുന്ന സൗന്ദര്യം അത്രമേൽ ഉണ്ടായിരുന്നു. അവിടവെച്ചാണ് കംബോഡിയക്കാരായ ഒരു കുടുംബത്തെ പരിചയപ്പെടുന്നത്. കാനഡ ഇന്ത്യ കംബോഡിയ ഒരു താരതമ്യം ആയിരുന്നു ഞങ്ങളുടെ ചർച്ചയിൽ മുഖ്യം. ആരോടും എന്ത് കത്തി വെക്കാനും നമ്മുക്ക് മടിയില്ലല്ലോ.

 

അവസാനം റ്റെൻറ് പൊളിച്ചു പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ചു ഈ മനോഹര സ്ഥലത്തുനിന്നും ഞാൻ മടങ്ങി. ഒറ്റക്കുള്ള വനത്തിലെ കിടപ്പ് ഒരു പ്രത്യേക സുഖമായിരുന്നു എന്ന് പറയാതെ വയ്യ. ഒറ്റക്ക് ധാരാളം യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത് വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഇനിയും ഇതുപോലുള്ള യാത്രകൾ ഉണ്ടാകും എന്ന് പ്രത്യാശിച്ചുകൊണ്ട്  നിർത്തുന്നു.

 

(ജ്യോതിസ് പോൾ )

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

five × 2 =