ആഗോള മത നേതൃ ഉച്ചകോടി മലേഷ്യയിൽ.
ഡോ. ഹുസൈൻ മടവൂർ പങ്കെടുക്കും
മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്‌റാഹിമിൻ്റെ ആതിഥേയത്വത്തിൽ ജൂൺ 12 ന് ക്വാലാലംപൂരിൽ നടക്കുന്ന ആഗോള മത നേതൃ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഡോ. ഹുസൈൻ മടവൂരിന്ന് ക്ഷണം. ലോക മുസ്‌ലിം സംഘടനയായ മക്കയിലെ മുസ്‌ലിം വേൾഡ് ലീഗ് ( റാബിത്വ ) ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻറ് ഫൗണ്ടേഷൻ (HRDF) ചെയർമാൻ എന്ന നിലയിലാണ് ഹുസൈൻ മടവൂരിന്ന് ക്ഷണം ലഭിച്ചത്. മുസ്‌ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടരിയും ആഗോള മുസ്ലിം പണ്ഡിത സഭാ ചെയർമാനുമായ ഡോ. മുഹമ്മദ് അബ്ദുൽ കരീം അൽ ഈസാ, മലേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. ദുൽ കിഫ് ലി ബിൻ ഹസൻ എന്നിവർ നേതൃത്വം നൽകും. ‘ മത നേതാക്കളും യുവ ശാക്തീകരണവും ‘ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. യുവാക്കളുടെ കർമ്മ ശേഷി ഉത്തമ സമൂഹ സൃഷ്ടിക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിലുള്ള പ്രബന്ധങ്ങളും ചർച്ചകളുമാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട.
വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള നൂറിലേറെ പ്രമുഖ മത നേതാക്കൾ പങ്കെടുക്കും.
സൗദി അറേബ്യയിലെ മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിൽ മതതാരതമ്യപഠനം മുഖ്യ വിഷയമായെടുത്ത് ഇസ്‌ലാമിക് സ്റ്റഡീസിൽ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട് ഹുസൈൻ മടവൂർ. മത സൗഹാർദ്ദ രംഗത്ത് പ്രവർത്തിക്കുന്ന ഡൽഹിയിലെ പാർലിമെൻ്റ് ഓഫ് ഓൾ റിലിജ്യൻസ്, ഗ്രേറ്റർ ഇന്ത്യാ മൂവ്മെൻ്റ്, കൊച്ചിയിലെ കൗൺസിൽ ഫോർ കമ്മ്യുണിറ്റി കോ ഓപറേഷൻ ( CCC )
കോഴിക്കോട്ടെ മലബാർ ഇനിഷേററീവ് ഓഫ് സോഷ്യൽ ഹാർമണി ( MISH ) എന്നിവയുടെ സ്ഥാപകാംഗമാണ്. കഴിഞ്ഞ വർഷം മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലേക്കുള്ള ശാന്തി സന്ദേശ യാത്രയിൽ ഹിന്ദു , ക്രൈസ്തവ, സിഖ് പണ്ഡിതന്മാരോടൊപ്പം ഹുസൈൻ മടവൂരും പങ്കെടുത്തിരുന്നു.
HRDF ൻ്റെ മേൽനോട്ടത്തിൽ ഉത്തരേന്ത്യയിലെ പിന്നോക്ക ഗ്രാമങ്ങളിൽ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പരിഗണിച്ച് ബോബെയിലെ അസോസിയേഷൻ ഓഫ് മുസ്ലിം പ്രൊഫഷനൽസ് (AMP) ഹുസൈൻ മടവൂരിനെ ആദരിച്ചിരുന്നു. ബീഹാറിലെ പ്രസിദ്ധമായ ബുഖാരി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേർണിംഗ് ബോഡി, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ്, ഡൽഹിയിലെ ഇന്ത്യാ ഇസ്‌ലാമിക് കൾച്ചറൽ എന്നിവയിൽ അംഗമാണ്.
ഫാറുഖ് കോളെജിൻ്റെ മാതൃസ്ഥാപനമായ ദൗസത്തുൽ ഉലൂം അറബിക്കോളെജിൽ പഠിച്ച് അറബി ഭാഷാ സാഹിത്യത്തിൽ കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് അഫ്സലുൽ ഉലമാ ബിരുദവും അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.


കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ കേരള സംസ്ഥാന കോ ഓഡിനേറ്ററും കേന്ദ്ര ഭാഷാവികസന സമിതി അംഗവുമായിരുന്നു. സംസ്ഥാന സാക്ഷരതാ സമിതി , സംസ്ഥാന വഖഫ് ബോർഡ് , കോഴിക്കോട് സർവ്വകലാശാലാ അക്കാദമിക് കൗൺസിൽ, മഹാത്മാഗാന്ധി സർവ്വകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
കേരള സർക്കാർ ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോൾ അറബിക് ഭാഷാ വിഭാങ്ങളുടെ അക്കാദമിക് കമ്മിറ്റി തലവനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം എല്ലാ വർഷവും ഡിസംബർ 18 ന് കൊണ്ടാടുന്ന അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ചത് ഹുസൈൻ മടവൂരിൻ്റെ നേതൃത്വത്തിൽ ഫാറൂഖ് കോളെജിലായിരുന്നു. കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തിന്ന് അദ്ദേഹം നൽകിയ നിസ്തുല സേവനങ്ങൾ പരിഗണിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അറബി ഭാഷാ വിഭാഗം അദ്ദേഹത്തെ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
കേന്ദ്ര സർവ്വകലാശാലകളായ ഡെൽഹി യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി തുടങ്ങിയവയിൽ യു.ജി.സി റിഫ്രഷർ കോഴ്സുകളിലെ റിസോഴ്‌സ് പേഴ്സണായിരുന്നു.
ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക്കോളെജിൽ നിന്ന് പ്രിൻസിപ്പാൾ ആയി സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം കോഴിക്കോട് ജില്ലയിലെ നരിക്കുനി മലബാർ എഡ്യുസിറ്റിയുടെയും മേപ്പയ്യൂർ സലഫീ കോളെജ് അസോസിയേഷൻ്റെയും ചെയർമാനായി പ്രവർത്തിക്കുന്നു.
കേരള നദ് വത്തുൽ മുജാഹിദീൻ (KNM) സംസ്ഥാന ഉപാദ്ധ്യക്ഷനായ ഡോ.ഹുസൈൻ മടവൂർ കോഴിക്കോട് പാളയം ജുമാമസ്ജിദിൽ നാല് പതിററാണ്ട് കാലമായി ചീഫ് ഇമാം ആയി സേവനമനുഷ്ടിക്കുന്നു.
ഉച്ചകോടിയിൽ പങ്കെടുക്കാനായി ജൂൺ പത്തിന് ബുധനാഴ്ച ഡോ. ഹുസൈൻ മടവൂർ മലേഷ്യയിലേക്ക് പുറപ്പെടും, പതിനാലിന്ന് തിരിച്ചെത്തും
![]()
Leave a Reply