SamikshaMedia

നോമ്പുകാല ചിന്തകൾ അദ്ധ്യായം എട്ട് മരണം-ജോയ് എം പ്ലാത്തറ

Share Now

മരണത്തിന്റെ മൂന്നു വ്യത്യസ്ത നേരങ്ങളിലാണ് ക്രിസ്തു അവരെ കണ്ടെത്തുന്നത്. പന്ത്രണ്ടു വയസുള്ള ബാലികയെ, നായിനിലെ വിധവയുടെ മകനെ, ലാസറിനെ.
ബാലികയുടെ മരണം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. ഒരു പക്ഷേ ശരീരത്തിന്റെ ചൂട് ആറിയിട്ടുണ്ടായിരുന്നിരിക്കില്ല. പനിക്കിടക്കയിൽ നിന്ന് മരണത്തിലേക്ക് കടന്നിട്ടേയുണ്ടായിരുന്നുള്ളു. വിധവയുടെ ഏക മകനാകട്ടെ, തണുത്ത ജഡമായി. അടക്കം ചെയ്യപ്പെടാൻ ശവകുടീരത്തിലേക്ക് ശവമഞ്ചത്തിൽ വഹിക്കപ്പെടുന്നു. ലാസറിന്റെ കാര്യത്തിലാകട്ടെ മരണം നാല് ദിവസം മുൻപ് കഴിഞ്ഞിരുന്നു. അടക്കം കഴിഞ്ഞ് കല്ലറയ്ക്കുള്ളിൽ. ജീർണിച്ച് തുടങ്ങി ദുർഗന്ധം ആരംഭിച്ചിരിക്കാവുന്ന സമയം.

മരണക്കിടക്ക. ശവമഞ്ചം. കല്ലറ. ദൈവം മനുഷ്യനെ കണ്ടെത്തി ജീവൻ കൊടുത്ത മൂന്ന് ഇടങ്ങൾ.! അത് ജഡത്തിനു ജീവൻ നൽകിയതിനെക്കുറിച്ചു മാത്രമാവുമോ?

നമ്മുടെ മാനസികാവസ്ഥയും ആത്മീയതയും കടന്നുപോകുന്ന മൂന്ന് അവസ്ഥകളായി തോന്നുന്നു അവ. തുള്ളിക്കളിച്ച് നടന്ന കുട്ടി ജ്വരബാധിതയാകും പോലെ, കിടക്കയിലേക്ക് വീഴും പോലെ, പിന്നെ ഒരുറക്കത്തിൽ മരണത്തിലേക്കു വഴുതും പോലെ. സജീവമായിരുന്ന ദിനചര്യകളിൽ നിന്ന്, നിഷ്ഠകളിൽ നിന്ന്, പ്രാർത്ഥനകളിൽ നിന്ന് എപ്പോഴോ ഒരു മയക്കത്തിലേക്കു വഴുതിപ്പോകുന്ന നമ്മൾ. ഉത്സാഹമറ്റും, കൂടെ നടന്ന പലരുടെയും വിരൽത്തുമ്പു വിടുവിച്ചും ഒറ്റയ്ക്കായി, പിന്നീടങ്ങനെ…

ഇനി പ്രാർത്ഥിച്ചിട്ടെന്തിന്? ചിലപ്പോൾ അത് നിരാശയിൽ നിന്നുള്ള ചോദ്യമാണ്. ചിലപ്പോൾ സ്വയം വെറുപ്പിൽ നിന്നും. ആവർത്തിച്ചു ചെയ്തു തഴക്കം വന്നു പോയ തെറ്റുകൾ സമ്മാനിച്ച കുറ്റബോധത്തിൽ നിന്നുമാവാം. ശവകുടീരത്തിലേക്ക് യാത്രയായി നിൽക്കുന്ന മനസ്. ശവമഞ്ചത്തിലേറിയ തണുത്തുറഞ്ഞ മനസ്. ഇനി ഒന്നിനും താൽപര്യം ബാക്കിയില്ല.

ദൈവത്തിനും കൂടി രക്ഷപെടുത്താൻ കഴിയാതായി എന്ന് പൊതുജനവും പ്രിയപ്പെട്ടവരും അടക്കം പറയുന്നതാണ് മരണത്തിന്റെ മൂന്നാമത്തെ തലം. ജീർണിച്ച നാറ്റം പുറത്തേക്കു വമിച്ചു തുടങ്ങുന്ന ദിനങ്ങൾ. വെറുപ്പിന്റെ, ചീത്ത വാക്കുകളുടെ, ആസക്തികളുടെ, പ്രേത ശീലകൾ കൊണ്ട് ബന്ധിക്കപ്പെട്ട ജഡം. അടുത്തു ചെല്ലാൻ കൂടി കഴിയാത്ത വിധം വലിയ കല്ലുകൾ കൊണ്ട് മുദ്ര വയ്ക്കപ്പെട്ട കല്ലറ പോലെ മനസ്.

മരണത്തിന്റെ ആ മൂന്നു തലങ്ങളിലേക്കും ക്രിസ്തു കടന്നുവരുന്നുണ്ട്. ആരൊക്കെയോ ചെന്നു വിളിച്ചതു കൊണ്ട്, നിർബന്ധിച്ച തു കൊണ്ട്, കരഞ്ഞു പറഞ്ഞതു കൊണ്ട്.

ഈ കുറിപ്പു വായിച്ചു വന്നപ്പോൾ ആരുടെ മുഖമൊക്കെ ഓർമ്മ വന്നോ അവരുടെയെല്ലാം പേരുകൾ കുറിച്ചു വയ്ക്കണം. അവർക്കു വേണ്ടി ക്രിസ്തുവിനെ വിളിച്ച് കൊണ്ടുവരേണ്ടവർ നാം തന്നെയാണ്. രക്ഷപെടാൻ ഇടയില്ലെന്ന് എത്ര തോന്നിയാലും, നമ്മുടെ നിലവിളികളിൽ അവന് വരാതിരിക്കാനാവില്ല. ഉയിർപ്പ് സമ്മാനിക്കാതെ കഴിയില്ല. ആ നിലവിളി കൂടിയാവട്ടെ നോമ്പ്. മനസു കൊണ്ട് എഴുതി തള്ളിയവരുടെ ഉയിർപ്പിനു വേണ്ടിയുള്ള നിലവിളികളുടെ.

പ്രമേഹ രോഗിയുടെ രക്തയോട്ടം നിലച്ച വിരലുകൾ പോലെ ആത്മാവിന്റെ ഏതൊക്കെയോ കോണുകൾ മരവിച്ചു തുടങ്ങി നിസംഗമായി മരണത്തിലേക്കു നീങ്ങുന്ന നമുക്കു വേണ്ടിയും വേണം, ക്രിസ്തുവിനെ കൂട്ടിക്കൊണ്ടു വരാൻ ആരെങ്കിലും. ബാലികക്ക് മാതാപിതാക്കൾ, ചെറുപ്പക്കാരന് വിധവയായ അമ്മ, ലാസറിന് സഹോദരിമാർ. നമ്മെ മരണത്തിൽ നിന്നു തിരികെ കൊണ്ടുവരാനും മാത്രം സ്നേഹത്തോടെ പ്രാർത്ഥിക്കാൻ ആരെയാണു കണ്ടു വച്ചിട്ടുള്ളത്?

ഞാൻ നിങ്ങൾക്കു മുമ്പിൽ മുട്ടുകുത്തുന്നു. എനിക്കു വേണ്ടി കൂടി പ്രാർത്ഥിക്കണമേ.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

4 × 1 =