SamikshaMedia

ജനിമൃതികൾക്കിടയിലെ ഓള് ( കവിത ) രാജാംബിക ( വൈസ് പ്രസിഡന്റ്‌, ഫിൽക്ക )

Share Now

ഓളൊരു മിത്താണ്.
ഓളിൽ സത്യം തിരയരുത്.
കഥയിൽ ചോദ്യമില്ലെന്നറിഞ്ഞീടണം
നാടോടിക്കഥയുടെ ചേലാസ്വദിച്ചീടുക മാളോരേ…..

പത്തു പൗർണമിതൻ
വിശുദ്ധി
ആവാഹിച്ചു നിർവ്വാണം പൂകാനായി
ഒരു സഹസ്രാബ്ദം മുഴുവൻ കാത്തിരുന്നോള്…

സ്വയം ശുദ്ധീകരിക്കുവാനായി
നിഷ്കളങ്ക പ്രണയത്തിന് കാവലിരുന്നോള്..
പരിശുദ്ധ പ്രണയം കാഴ്ചവയ്ക്കാൻ ഒരുങ്ങിയോള് ,
പരിപൂർണ്ണ അർപ്പണത്തിനായി കാത്തു പോന്നോള്…

തുരുത്തിലെ ജനതയ്ക്ക് പേടിസ്വപ്നമായി ,
കഥകൾ പലതുള്ള പിശാചിന്റെ കരിനീല ദ്വീപ്…!!

ഇടവപ്പാതിക്കു മുമ്പുള്ള വാവിന്ന്
മുഴുത്ത ചന്തിരൻ മാനത്ത് തെളിയുമ്പോൾ
സ്വർണ്ണ ചിറകുള്ള വെളുത്തപക്ഷി…
അത് വെള്ളത്തിൽ ഊളിയിട്ടേ മീനെപ്പോലെ…പൊന്നോളേ..
നെഞ്ചിൽ നേരുള്ളവനേയത് കാണാനാവൂ.. മായാ ഭഗവത്യേ ….

മിന്നാമിനുങ്ങുകൾ താരകളെപ്പോൽ മിന്നി മിനുങ്ങണ കണ്ടേ..
ഏഴിലംപാല പൂവിൻ മദസുഗന്ധമുണ്ടേ…
ഓള് ചിരിച്ചപ്പോൾ വെള്ളാമ്പലുകൾ
ഓളപ്പരപ്പിൽ നിറഞ്ഞതു കണ്ടേ..
ഓള് പേയല്ലാ മാളോരേ…
പിശാചല്ലാ , പിഴയല്ലാ ,
ജനിമൃതികൾക്കിടയിലെ നേരും
വിശുദ്ധിയുമവൾ മാളോരെ …

പൂർവ്വസംസ്കൃതിയുടെ സുകൃതത്തിനുമേലാകെ
നിണമൊഴുകുന്നു അമാവാസിയുടെ കാളിമ
എവിടെയും ആമ്പൽമിഴിയോളേ..

ഘനശ്യാമ ജലാശയത്തിൽ
കല്ലു കെട്ടി താഴ്ത്തപ്പെടുന്നുവോ
നാടിന്റെ വിശുദ്ധ സംസ്കൃതി ,
വിടരുന്നോ ഇവിടെയൊരു വിരുദ്ധ സംസ്കാരം ..!!

പേയ് പിടിച്ചോർ ഞെരിച്ചുടയ്ക്കുന്ന കുപ്പിവളത്തുണ്ടുകൾ
അകലത്തെവിടെയോ ദുഃഖം
കിലുകിലു മണികൾ പൊഴിക്കുന്നോ,
കൊന്നിട്ടും തിന്നിട്ടും
ഇന്നും മതിവരണില്ലല്ലോ ദേവ്യേ….

പെണ്ണിനെ കണ്ടാലോ ഏനക്കേടുകൾ
കുത്തണ കണ്ടാ…
ഏനക്കേടുകൾ
എല്ലിന്നിടയിൽ കുത്തണ കണ്ടാ…

നാഗഫണഗളം അരിഞ്ഞിടണമതാദ്യം കുതിക്കരുതേ മുകളിലേയ്ക്കാക്കതിരുകളിനിയും

തീയാടാൻ തിറയാടാൻ തുള്ളിയുറഞ്ഞു വരുമോ നീ…
തങ്കത്തിരുമുടി ശിരസ്സേറ്റി
കളം കാക്കാൻ വരുമോ നീ….

തുരുത്ത് ബുദ്ധമതക്കാരുടേതാണ് .

സഹസ്രാബ്ദമായി മുഴങ്ങിയ മണി
ഓർമ്മതൻ ശവപ്പറമ്പിൽ നിത്യ സ്മാരകമായി മരുവുന്നു .

ബോധിസത്വാ നീയെങ്ങാണ്ടെവിടാണ്…

പരിശുദ്ധമായ ആത്മാവിനെ സംരക്ഷിക്കാൻ അവളിൽ ബോധിമായയുടെ സന്നിവേശം.
അറിവും ആത്മാവും
ശബ്ദവും ശക്തിയും നൽകി ഒന്നായി ജീവിച്ചവർ .

പ്രണയസാഫല്യത്തിനായി ഹനുമാൻ സ്വാമിയെ ,
തേവരെ വന്ദിപ്പൂ പ്രണയജോഡികൾ.
വെള്ളാമ്പൽ പൂവുകളോ അർച്ചനാദ്രവ്യങ്ങൾ

ടൂറിസ്റ്റ് ഗൈഡ് ആയും ചിത്രകാരനായും ചിക്കിലി ഒപ്പിക്കുന്ന നായകൻ .

ചായക്കൂട്ടിൻ വരകൾ
തെളിയുന്നില്ലാ ചുവരുകളിൽ ,
നിരാശനായി ,
ഒരുവഴിയും കാണാതെ പെരുവഴിയായേ ചിത്രകാരൻ…

കുലത്തൊഴിൽ , അല്ലെങ്കിൽ പഠിച്ചപണി
രണ്ടുമല്ലാതെ , പാഴായിപ്പോയല്ലോ
കുടുംബത്തിലെ ഏക ആൺതരി , വൃദ്ധപിതാവിന്റെ രോദനം…!

മാതൃക കണ്ടൊരു ചിത്രം രചിക്കാനായി
തോണിയേറി
മായാദ്വീപിലേയ്ക്ക്..

പോകരുതേയെന്ന് , വിലക്കുകൾ വകവച്ചില്ലാ…

പൗർണമിപ്രഭ മറയ്കാതെ തോണിമാറ്റുമോ
എന്നവളുടെ കിളിമൊഴി.
സങ്കൽപ്പത്തിലെ മായാ സുന്ദരി ,
കൈതപ്പൂവിന്റെ മണമുള്ള പെണ്ണാണോള് .

മായക്ക് രൂപമില്ല ഭാവമേ ഉള്ളൂ ,
പ്രണയമെന്ന ഭാവം പൊന്നോൾക്ക്…

നേരിട്ട് കാണാതെ പ്രണയിച്ചു കൂടെ ?

കാമുകി എന്നത് സങ്കല്പമല്ലേ ?

ആത്മാവുകൾ ലയിക്കുന്നതല്ലേ പ്രണയം ?

ഹൃദയത്തിൽ പ്രണയം എവിടെ ഒളിപ്പിച്ചു വക്കും ?

അവളുടെ സ്വപ്നങ്ങൾ അത്രയും
ചിത്രമാക്കിത്തരുവാൻ തൊഴുതു നിന്നപ്പോൾ
അവന്റെ അംഗുലികളിലലിഞ്ഞ്
മിഴിവോടെ മനമോടെ കലയുടെ ചാരുത തെളിഞ്ഞു…ദേവ്യേ..

ചിത്രങ്ങൾ ചൂടപ്പം പോലെ കടൽ കടന്നും പോയേ ,
ലക്ഷ്മീദേവി കുചേലനെ കുബേരനാക്കിയല്ലോ ഹൊയ്…

പൂവ് പോലാണ് പെണ്ണ് , ഭാഗ്യമുണ്ടേലാരേലും
തലയിൽ ചൂടുമെന്ന് , ഇല്ലേലോ , നിലത്ത് ചവിട്ടിത്തേച്ചേനേന്ന്
തുള്ളിയുറയണ്
തുരുത്തിന്റെ ശാപം പേറും ചിത്തരോഗി, പെണ്ണൊരുത്തി…

മൈത്രേയി പട്ടുടുക്കണ് , വിളക്ക് തെളിയിക്കണ് , മന്ത്രം ചൊല്ലണ് , നീട്ടിയുഴിയണ് , തട്ടണ് , തടവണ് , പേയേ പോ…
ദേഹം വിട്ടേ പോ…ഹൊയ്..

പൗർണമി നാളിൽ വിടർന്ന കണ്ണുമായി
ഉദരത്തിലെ ജീവനെ തൊട്ടു തലോടി കാത്തിരിക്കുന്നോള്
സ്നേഹ സാമീപ്യമില്ലാതെ മൂക്കുത്തി തിളങ്ങുന്ന ശ്യാമ വദനം വാടുന്നോള്…

പ്രണയത്തിന്റെ വിശുദ്ധി അറിയാത്തവന്
പെണ്ണ് വെറും ശരീരമാണ് ,
കോരിത്തരിപ്പിക്കുന്ന മാദകസൗന്ദര്യം .
ആർത്തിയും കാമവും സ്വാർത്ഥതയും പൂകിയ സാധാരണ മനുഷ്യൻ ,
അവൻെറ കാമനകൾ
നിറവേറ്റുവാനൊരുവൾ ,
അവനെ ശുദ്ധീകരിക്കുകയസാധ്യം .

ഗരുഢമയൂര പെയിന്റിംഗ് !
പ്രശസ്തിയിലേക്കുള്ള അടുത്ത ചുവട് .

ബോധിമായയുടെ സഹായഹസ്തം തേടി വീണ്ടും
സ്നേഹത്തിൻ ചൂണ്ടുപലകയുമായി..

സൗന്ദര്യത്തെ അനുഭവിക്കാനേ കഴിയൂ എന്നാണോ ബോധിസത്വാ…

മായയായി മനസ്സിൽ ഒരുവൾ ,
സൗന്ദര്യമായി സാമീപ്യമായി മറ്റൊരുവൾ .

ഒരേസമയം രണ്ടുപേരെ സ്നേഹിക്കാൻ കഴിയുമോ ..!

സത്യലംഘകരെ ഉപദ്രവിക്കുന്നോള് ,
പേയും പിശാചുമായി മാറുന്നു ഓള്…
വിഭ്രാന്തിയുടെ ജൽപ്പനക്കാരിയിനിയില്ല , മായയായി മറഞ്ഞുവോ സോദരി…

ഡാകിനിയും താരയുമാണ് പൂമുത്തോള്…

വരകളൊഴിഞ്ഞ കളമായി മനസ്സ് ,
പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് വിഡ്ഢിയുടെ മടക്കയാത്ര,
വിളറി വെളുത്ത ശവം കണക്കവൻ..
ആകാശം നോക്കി മലർന്നു വെറുതെ..

മൈത്രേയി പട്ടുടുക്കണ് , വിളക്ക് തെളിയിക്കണ് , മന്ത്രം ചൊല്ലണ് , നീട്ടിയുഴിയണ് , തട്ടണ് , തടവണ് , പേയേ പോ…
ദേഹം വിട്ടേ പോ…ഹൊയ്..

ഗർഭച്ചരടുകളഴിയുന്നു പൂമുഖ
പാളികളകലുന്നു
ആനന്ദത്തിൻ അശ്രുവിൻ നടുവിൽ
പുതുമൃദുനാമ്പു മുളയ്ക്കുന്നു

നിർവ്വാണം പ്രാപിക്കാനായി
സമയമിതായി പൂമകളേ ,
നിർവ്വാണം പ്രാപിക്കാനായി
സമയമിതായെടി പൂമകളേ…

ജലകന്യകയായോളേ
ജനിമൃതികൾക്കിടയിലെ പൂമോളേ…

സ്വർണ്ണച്ചിറകുള്ള വെളുത്ത പക്ഷി
അനന്തതയിൽ അലിഞ്ഞേപോയ്….
അനന്തതയിൽ അലിഞ്ഞേപോയ്….
ഹൊയ്

*********

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

three × 4 =