SamikshaMedia

വ്യാജ വെളിച്ചെണ്ണ വിപണനത്തിനെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പും മനുഷ്യാവകാശ കമ്മീഷനും

Share Now

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ വിപണനം വ്യാപകമാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ നടപടികൾ ശക്തമാക്കി. ഉയർന്ന വെളിച്ചെണ്ണവില മുതലെടുത്ത് പ്രധാന ബ്രാൻഡുകളുടെ വ്യാജപതിപ്പുകളും മായം ചേർത്ത എണ്ണകളും നിയന്ത്രണമില്ലാതെ വിപണിയിൽ എത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടുകയും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും ഉത്തരവും (എച്ച്.ആർ.എം.പി. നമ്പർ: 1206 /11/8/2026/KKD)
മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “നാട്ടുകാരെ കുഴിയിലാക്കി വ്യാജ വെളിച്ചെണ്ണ” എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഹരിതാമൃതം – ഭക്ഷ്യശ്രീ കോ-ഓർഡിനേറ്ററായ പ്രൊഫ. വർഗ്ഗീസ് മാത്യു (കെട്ടാങ്ങൽ, കോഴിക്കോട്) സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് (തീയതി: 16.02.2026).

 

പരാതിയെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
സ്വീകരിച്ച നടപടികൾ വ്യക്തമാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻകമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ടലുകളിൽ എണ്ണരഹിത വിഭവങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന പരാതിക്കാരന്റെ ശുപാർശയും കമ്മീഷൻ പരിഗണനയിലാണ്.

ഈ കേസ് 2026 മാർച്ച് മാസത്തിൽ കോഴിക്കോട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ വീണ്ടും പരിഗണിക്കും.
‘ഓപ്പറേഷൻ നാളികേരം’: 20,000 ലിറ്റർ എണ്ണ പിടിച്ചെടുത്തു
മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ നാളികേരം’ എന്ന പേരിൽ വിപുലമായ പരിശോധനയാണ് നടത്തിവരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 20,000-ലേറെ ലിറ്റർ വ്യാജവെളിച്ചെണ്ണയാണ് വകുപ്പ് പിടിച്ചെടുത്തത്.

പരിശോധനകൾ ഇപ്പോൾ ജില്ലാതലങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
“നിലവാരമില്ലാത്തതും ലൈസൻസ് നിബന്ധനകൾ പാലിക്കാത്തതുമായ ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിക്കില്ല. സാമ്പിളുകൾ പിടിച്ചെടുത്ത് നടത്തുന്ന പരിശോധനയും നിയമ നടപടികളും തുടരും. എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കും.”
— എസ്.അജി, ജോയിന്റ് കമ്മീഷണർ, സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ്
മാരകമായ മായങ്ങളും ആരോഗ്യപ്രശ്നങ്ങളും
ലാഭം വർദ്ധിപ്പിക്കാൻ വിലകുറഞ്ഞ മറ്റ് സസ്യഎണ്ണകൾ, പാംഓയിൽ, പരുത്തിക്കുരു എണ്ണ എന്നിവ വെളിച്ചെണ്ണയിൽ വ്യാപകമായി കലർത്തുന്നുണ്ട്. ഇതിനുപുറമേ താഴെ പറയുന്ന മാരകമായ രാസവസ്തുക്കളും ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്:
ലിക്വിഡ് പാരഫിൻ & മിനറൽ ഓയിൽ: നിറമോ മണമോ ഇല്ലാത്ത പെട്രോളിയം ഉത്പന്നമായ മിനറൽ ഓയിലും, ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന പാരഫിൻ വാക്സും വെളിച്ചെണ്ണയിൽ ചേർക്കുന്നു. ഇത് കടുത്ത ദഹനപ്രശ്നങ്ങൾക്കും ദീർഘകാലാടിസ്ഥാനത്തിൽ അർബുദത്തിനും (Cancer)കാരണമാകും.

ഹെക്സെയ്ൻ (Hexane): കൊപ്ര ആട്ടുമ്പോൾ പരമാവധി എണ്ണ ഊറ്റിയെടുക്കാൻ ഉപയോഗിക്കുന്ന ഈ രാസവസ്തു ആരോഗ്യത്തിന് ഏറെ ഹാനികരമാണ്.
എൻജിൻ ഓയിൽ (കരി ഓയിൽ): വാഹനങ്ങളിൽ ഉപയോഗിച്ച് ഒഴിവാക്കുന്ന കരി ഓയിൽ രാസപ്രക്രിയയിലൂടെ നിറംമാറ്റി വെളിച്ചെണ്ണയിൽ കലർത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആർജിമോൺ ഓയിൽ (Argemone Oil): കാഴ്ചശക്തിയെയും ഹൃദയത്തെയും മാരകമായി ബാധിക്കുന്ന ഒന്നാണിത്. കൂടാതെ ഉപഭോക്താക്കളെ പറ്റിക്കാൻ ചിലർ കൃത്രിമ സുഗന്ധദ്രവ്യങ്ങളും എണ്ണകളിൽ ചേർക്കുന്നുണ്ട്.

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

seventeen − six =