SamikshaMedia

ദൈവാനുഭവത്തിന്റെ നോമ്പുകാലം അദ്ധ്യായം രണ്ട് – ഇരുട്ട് by ജോയ് എം പ്ലാത്തറ

Share Now

“ഇരുട്ടിന് ഇരുട്ടിനെ ഇല്ലാതാക്കാൻ കഴിയില്ല, വെളിച്ചത്തിനു മാത്രമേ അതിനു കഴിയൂ” – മാർട്ടിൻ ലൂഥർ കിങ്ങ്.

സംശയം ഇരുട്ടാണ്.
തെറ്റിദ്ധാരണ ഇരുട്ടാണ്.
പഴിചാരൽ ഇരുട്ടാണ്.
ന്യായീകരിക്കൽ ഇരുട്ടാണ്.
നുണ ഇരുട്ടാണ്.
മറഞ്ഞിരിക്കൽ/മറച്ചു വയ്ക്കൽ ഇരുട്ടാണ്. ആദ്യപാപം ജനിച്ചയിടത്ത് ഈ ഇരുട്ടുകൾ എല്ലാമുണ്ടായിരുന്നു.

ഏദൻ തോട്ടത്തിലെ സ്ത്രീയുടെ ഉള്ളിൽ സർപ്പം ആദ്യം സംശയം ജനിപ്പിക്കുന്നു – ഈ പഴം തിന്നരുത് എന്ന് പറഞ്ഞിട്ടുണ്ടോ? പിറകേ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന നുണ – നിങ്ങൾ ദൈവത്തെ പോലെയാകും എന്നതു കൊണ്ടാണ് തിന്നരുത് എന്നു പറഞ്ഞത്. ദൈവം വരുമ്പോഴേക്കും മുഖം കൊടുക്കാതെ മറഞ്ഞു നിൽക്കുന്ന മനുഷ്യൻ. നീ കൂട്ടിനു തന്ന സ്ത്രീ പഴം തന്നുവെന്ന് അവൾക്കു മേൽ പുരുഷൻ്റെ പഴിചാരൽ. സർപ്പം പെടുത്തിയെന്നും താൻ പെട്ടു പോയതാണ് എന്നും സ്ത്രീയുടെ ന്യായീകരിക്കൽ.

ഒരു സ്നേഹബന്ധം മുറിഞ്ഞു പോയി എന്നതാണ് ഇതിൻ്റെ അനന്തര ഫലം. വൈകുന്നേരങ്ങളിൽ ഒപ്പം നടക്കാനിറങ്ങിയിരുന്ന ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹ ബന്ധം അറ്റുപോയി. ഇന്നും മനുഷ്യർക്കിടയിൽ നുഴഞ്ഞു കയറുന്ന സംശയത്തിൻ്റെയും, തെറ്റിദ്ധാരണയുടെയും, മറച്ചു വയ്ക്കലിൻ്റെയും, നുണയുടെയും പഴിചാരലിൻ്റെയും ന്യായീകരണത്തിൻ്റെയും ഇരുട്ട് എത്രയോ ബന്ധങ്ങളെയാണ് തകർത്ത് എറിയുന്നത്. രാഷ്ട്രങ്ങൾ പോലും തമ്മിൽ അകലുന്നു. ബിസിനസ് സാമ്രാജ്യങ്ങൾ തകരുന്നു. കുടുംബങ്ങൾ തകരുന്നു. സൗഹൃദങ്ങൾ തകരുന്നു. ചോര വീഴുന്നു. മരണം ചിരിക്കുന്നു. ഇരുട്ടു പടരുന്നു.

വെളിച്ചമാണ്, വെളിച്ചം മാത്രമാണ് പോം വഴി. നമ്മുടെ എല്ലാ ബന്ധങ്ങളിലും കടന്നു കൂടിയിട്ടുള്ള തിൻമയുടെ ഇരുട്ടിനെ തിരിച്ചറിയാനുള്ള വെളിച്ചമാണ് നമുക്കാവശ്യം. ഉള്ളിൽ സ്വരുക്കൂട്ടി വച്ചിരിക്കുന്ന കപട ബോധങ്ങളിൽ മറ്റു മനുഷ്യർ മാത്രമല്ല ദൈവവും നമുക്കു ശത്രുവാണ്. ധാരണകളെക്കാൾ കൂടുതൽ ധാരണപ്പിശകുകളുടെ കനത്ത ഭാണ്ഡം ചുമക്കുന്നവരായി നാം മാറുന്നു. അസീസിയിലെ വി. ഫ്രാൻസിസ് പ്രാർത്ഥിക്കുന്നതു കേൾക്കുക, “പ്രിയ നാഥാ, മനസിലാക്കപ്പെടുന്നതിനെക്കാൾ മനസിലാക്കുന്നതിനും ….”

മനസിലാകാൻ വെളിച്ചം വേണം. മനസ്സിൽ ഉൾക്കൊള്ളാനും വേണ്ടത് വെളിച്ചമാണ്. “എങ്ങുമെങ്ങും നിറയും വെളിച്ചമേ, എൻ കരളിൽ കുടിയിരിക്കേണമേ…” എത്രയോ പണ്ടത്തെ പ്രാർത്ഥനാ ഗാനമാണ്. ഇന്നും, റീലുകളിൽ അത് വന്നു നിറയുന്നത്, വെളിച്ചം കൊണ്ടു നിറയുവാനുള്ള മനുഷ്യൻ്റെ ആഗ്രഹത്തെ ഓർമിപ്പിക്കുന്നു.

വളരെ പണ്ട്, തീപ്പെട്ടി പോലും ദുർലഭമായിരുന്ന ദാരിദ്ര്യ കാലത്ത് അടുപ്പിലെ ചാരത്തിനുള്ളിൽ ഒരു കനൽ അണയാതെ പൂഴ്ത്തി വയ്ക്കുമായിരുന്നു അമ്മമാർ. രാവിലെ എഴുന്നേറ്റ് അതിനെ ഊതിയുണർത്തി കത്തിച്ചെടുത്ത് അടുപ്പു പൂട്ടിയാണ് ദിവസം തുടങ്ങിയിരുന്നത്. ആത്മീയമായും മാനസികമായും നാം എത്ര മാത്രം ഇരുട്ടിലായിപ്പോയി എന്നു സ്വയം തോന്നുന്നെങ്കിലും, ഒന്നു പരതി നോക്കൂ, ഒരു കനൽപ്പൊട്ട് ചാരം മൂടി കിടപ്പുണ്ടാകും ഉള്ളിൽ. ഒന്ന് ഊതിയുണർത്തിയെടുക്കാം ഈ നോമ്പ് ദിനങ്ങളിൽ.

ഇതൊന്നും ദൈവത്തിനു വേണ്ടിയല്ല കേട്ടോ. നമ്മുടെ നോമ്പു കൊണ്ട് ദൈവത്തിന് എന്താവശ്യം! ഇതൊക്കെ നമുക്കു വേണ്ടി തന്നെയാണ്. അറ്റുപോയ നമ്മുടെ ബന്ധങ്ങൾ തിരികെ പിടിക്കുന്നതിനാണ്. ഈ ഇരുൾക്കാട് വിട്ട് നമുക്ക് വെളിച്ചത്തിലേക്ക് നടന്നേ മതിയാകൂ.

ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല.
(യോഹന്നാന്‍ 8 : 12)

Loading

Author

Leave a Reply

Your email address will not be published. Required fields are marked *

10 + 9 =