ഏതു മഴയത്താണ് ആ ചെടി മുളച്ചത് എന്നു നാം കണ്ടിട്ടില്ല. മഴ പെയ്യുകയും തോരുകയും ചെയ്തിരുന്നു. നാം ആ വഴി പലവട്ടം നടക്കുകയും തിരിച്ചു വരികയും ചെയ്തിരുന്നു. ഒരു ചെടിയുടെ മുള പൊന്തിയത് കണ്ണിൽ പെട്ടില്ല. അത് തല ഉയർത്തിയതും ശ്രദ്ധിച്ചിട്ടില്ല. പക്ഷേ ഒരു ദിനം, വെറുതെ നോക്കുമ്പോഴുണ്ട് ഒരു പൂ വിടർത്തി പേരു പോലുമറിയാത്തൊരു ചെടി കണ്ണുകൾക്കു മുമ്പിൽ. അനുഗ്രഹം പോലെയും അലങ്കാരം പോലെയും.
സമാനമാണ് നമ്മുടെ ആത്മീയ ജീവിതവും. സീസണുകൾ വന്നും പോയുമിരിക്കുന്നു. നാം ദൈവത്തെ തേടുന്നു. ചിലപ്പോൾ അത് ദൈവാന്വേഷണവുമല്ല. അപേക്ഷകളും പരിദേവനങ്ങളുമാണ്. സങ്കടങ്ങളും കണ്ണു നീരുമാണ്. തീർത്ഥാടനങ്ങൾ. ധ്യാനങ്ങൾ. നൊവേനകൾ. നവനാളുകൾ. ജപമണികൾ. നോമ്പുകൾ. ത്യാഗങ്ങൾ. പരിഹാരങ്ങൾ. നാമൊരു നിരന്തര പ്രക്രിയയിലാണ്. ദൈവാനുഗ്രഹത്തിന്റെ മഴ പെയ്ത്തിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നവർ. എപ്പോഴെന്ന് നിശ്ചയമില്ല, ഏത് ധ്യാനത്തിനു ശേഷമെന്നോ, ഏത് ജപമാലക്കു ശേഷമെന്നോ അറിയില്ല. നമ്മുടെ ജീവിതത്തിലും ചില പൂക്കൾ മൊട്ടിട്ടു തുടങ്ങിയിരുന്നു. മറ്റുള്ളവർ അനുമോദിക്കുന്ന ഏതൊന്നാണോ നമ്മിലുള്ളത്, അവർക്കു സന്തോഷം പകരുന്ന എന്താണോ ഉള്ളിലുള്ളത്, അവ ഇത്തരമൊരു മഴപ്പെയ്ത്തിനിടെ നാമ്പെടുത്തവയാണ്.
അതു കൊണ്ട്, മഴ നനഞ്ഞു കൊണ്ടേയിരിക്കാം. നനയാൻ കിട്ടുന്ന ഇടങ്ങൾ ഉപേക്ഷിക്കാതിരിക്കാം. ഒരു നീണ്ട പ്രാർത്ഥന ചൊല്ലാൻ സമയം കിട്ടാത്തപ്പോഴൊക്കെ ഒരു നെടുവീർപ്പു കൊണ്ടെങ്കിലും പ്രാർത്ഥിക്കാം. ഹൃദയം വരണ്ടു പോകാതെയും വിണ്ട് അടർന്ന് നശിക്കാതെയുമിരിക്കാൻ അൽപ്പം നനവ് ബാക്കി നിൽക്കേണ്ടതുണ്ട്. ഇപ്പോഴുണ്ട് എന്നു നാം കരുതുന്ന നൻമകൾ നമ്മുടേതായിരുന്നില്ല. അവ ഏതോ ഒരു പെയ്ത്തിനിടെ നാമ്പ് എടുത്തവ തന്നെയാണ്.
‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന് ഒരു നോവലിന്റെ പേരാണ്. അതെങ്ങനെയാണ് ഉണ്ടാകുന്നത് എന്നെനിക്കു നല്ല നിശ്ചയമുണ്ട്. നനയാൻ ഞാനെന്നെ അനുവദിക്കാതെ വരുമ്പോഴാണത്.


ദുഷ്ടർക്കും ശിഷ്ടർക്കും ഒരു പോലെ മഴ നൽകുന്ന ദൈവമേ, പെയ്തിറങ്ങിയാലും..! കഠിന വരൾച്ചയിൽ നിന്ന് എന്നെ രക്ഷിച്ചാലും..!
![]()










Leave a Reply