ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക സംസ്ഥാനതല ക്ഷേമവകുപ്പ് രൂപീകരിക്കാൻ ഒരുങ്ങി കേരളം. യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ ചരിത്രനിർണയം സംസ്ഥാനമൊട്ടാകെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ജപ്പാന്റെ ലോകപ്രശസ്തമായ “ഇകിഗായി” (ജീവിതത്തിന് അർത്ഥവും ലക്ഷ്യവും നൽകുന്ന ആശയം) മാതൃകയിൽ കേരളത്തിനും മുതിർന്ന പൗരന്മാർക്കായുള്ള പരിപാലനരീതിയെ നവീകരിക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.
“ഇത് വെറും ഭരണപരമായ പുനഃസംഘടനയല്ല; മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും സംസ്ഥാനത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്വമാക്കി മാറ്റുന്ന വലിയ ദർശനപരമായ മാറ്റമാണ്.” എന്നാണ്
മുഖ്യമന്ത്രി വി. ഡി.സതീശൻ വ്യക്തമാക്കിയത്.
പുതുതായി രൂപീകരിച്ച സീനിയർ സിറ്റിസൺസ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് സാമൂഹ്യനീതി മന്ത്രി വി.ഇ.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക. അധികാരമേറ്റ് ഉടൻ തന്നെ മുഖ്യമന്ത്രി ഈ വകുപ്പ് രൂപീകരിച്ചതിലൂടെ ക്ഷേമപദ്ധതികളുടെ ഏകോപനവും മുതിർന്നവർക്കുള്ള സേവനങ്ങളും കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യമിടുന്നത്.
ജനസംഖ്യയിലെ വലിയ മാറ്റം:
കേരളത്തിന് എന്തുകൊണ്ടാണ് പുതിയ ഈ പുതിയ വകുപ്പ് അനിവാര്യമാകുന്നത് ?
ആരോഗ്യരംഗത്തെ പുരോഗതിയും ജീവിതശൈലിയിലെ മാറ്റങ്ങളും മൂലം കേരളത്തിലെ മുതിർന്ന പൗരന്മാരുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും വേഗത്തിൽ പ്രായാധിക്യമുള്ള സമൂഹത്തിലേക്ക് കേരളം നീങ്ങുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
2007-ൽ വി.എസ്. അച്യുതാനന്ദന്റെ സർക്കാരിന്റെ കാലത്ത് തന്നെ “വയോമിത്രം” പോലുള്ള പദ്ധതികൾ വഴി ഈ മേഖലയിൽ അടിസ്ഥാനശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും, പല പദ്ധതികളും വിഭജിതമായ നടപ്പാക്കലിന്റെ കുറവിൽ പൂർണഫലം കണ്ടില്ല. പുതിയ നയം ആ പോരായ്മകൾ സ്ഥിരമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
എന്താണ് ‘ഇകിഗായി’ മാതൃക?
ജപ്പാനിലെ “ഇകിഗൈ”ആശയം പരമ്പരാഗത ചികിത്സാ കേന്ദ്രീകൃത ക്ഷേമരീതികളിൽ നിന്ന് വ്യത്യസ്തമാണ്. മുതിർന്നവർ ആരോഗ്യപരമായും, സാമൂഹികമായും, മാനസികമായും സജീവരായി തുടരാൻ സഹായിക്കുന്ന സമഗ്രപരിപാലനമാണ് ഇതിന്റെ ആധാരം.
ലക്ഷ്യം “ജീവിതത്തിന് വർഷങ്ങൾ കൂട്ടുക” എന്നതിലുപരി, “ആ വർഷങ്ങൾക്ക് ജീവൻ നൽകുക” എന്നതാണ്.
നിർദ്ദേശിക്കപ്പെടുന്ന പ്രധാന സൗകര്യങ്ങൾ
1. സ്വതന്ത്ര സഞ്ചാരവും സൗകര്യങ്ങളും:
സൗജന്യ പൊതുഗതാഗതം, ബഹുനില വീടുകളിൽ ചെറിയ ലിഫ്റ്റുകൾ പോലുള്ള സർക്കാർ സഹായത്തോടെ ആക്സസിബിലിറ്റി സംവിധാനങ്ങൾ.
1. പ്രത്യേക ആരോഗ്യസൗകര്യങ്ങൾ:
ജീരിയാട്രിക് ആശുപത്രികൾ, ഓർമ്മക്ഷയ ക്ലിനിക്കുകൾ, ഉറക്കപ്രശ്നങ്ങൾക്ക് പ്രത്യേക പിന്തുണാ കേന്ദ്രങ്ങൾ, കൂടാതെ പ്രത്യേക പരിശീലനം നേടിയ ജീരിയാട്രിക് ഡോക്ടർമാരും നഴ്‌സുമാരും.
3: സാങ്കേതിക സഹായത്തോടെ ജീവിതം:
ഒറ്റപ്പെടൽ കുറയ്ക്കാൻ റോബോട്ടിക് കൂട്ടുകാരൻ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായസാങ്കേതിക വിദ്യകളിൽ ഗവേഷണവും നടപ്പാക്കലും.
സന്തോഷവും സമൂഹബന്ധവും മുൻനിരയിൽ
പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് മുതിർന്നവരിലെ സാമൂഹിക ഒറ്റപ്പെടൽ ഇല്ലാതാക്കുകയാണ്. “അടച്ച മുറികളിൽ നിന്ന് തുറന്ന സമൂഹത്തിലേക്ക്” എന്ന ദർശനത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
ഇതിനായി:
മുതിർന്ന പൗരന്മാർക്കായി പ്രത്യേക പാർക്കുകൾ,
ആരോഗ്യ-വ്യായാമ പദ്ധതികൾ,
പ്രദേശവാസി സൗഹൃദ കൂട്ടായ്മകൾ,
പോഷകാഹാര കിറ്റുകൾ എന്നിവ ഉൾപ്പെടുത്തിയ സമഗ്ര സാമൂഹിക പിന്തുണാ ശൃംഖല വികസിപ്പിക്കും.
കേരളത്തിലെ നിലവിലെ സാഹചര്യം
കേരളത്തിൽ നിലവിൽ ഏകദേശം 750 മുതൽ 900 വരെ സീനിയർ സിറ്റിസൺ ഹോമുകൾ പ്രവർത്തിക്കുന്നതായിട്ടാണ് കണക്ക്. ഇത് ഇന്ത്യയിലെ മൊത്തം റിട്ടയർമെന്റ്/അസിസ്റ്റഡ് ലിവിംഗ് കേന്ദ്രങ്ങളുടെ ഏകദേശം 31 ശതമാനം വരും. സംസ്ഥാനത്തെ 14 ജില്ലകളിലായി 30,000-ത്തിലധികം മുതിർന്നവരാണ് ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്നത്.
സ്വകാര്യ മേഖലയിലും കഴിഞ്ഞ 10 മുതൽ 15 വർഷത്തിനിടെ ആഡംബര സൗകര്യങ്ങളോട് കൂടിയ “സ്റ്റാർ കാറ്റഗറി” റിട്ടയർമെന്റ് കമ്മ്യൂണിറ്റികൾ വലിയൊരു വ്യവസായമായി വളർന്നിട്ടുണ്ട്.
പുതിയ പ്രതീക്ഷ
മുതിർന്ന പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ സർക്കാരിന്റെ പുതിയ വകുപ്പ് നിർണായക പങ്കുവഹിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ഇന്ത്യയ്ക്കു മാതൃകയാകുന്ന ഈ നീക്കം, പ്രായാധിക്യമുള്ള സമൂഹത്തിന്റെ ഭാവിയെ കൂടുതൽ സുരക്ഷിതവും മാനുഷികവുമാക്കുമെന്നാണ് വിലയിരുത്തൽ.
![]()









Leave a Reply